വാലിബന്റെ ഷൂട്ടിന് വേണ്ടി 12 കാളകളെ കൊണ്ടുവന്ന വണ്ടി ഗോ രക്ഷാ സംഘം വഴിയില്‍ തടഞ്ഞു, ഡ്രൈവറെ തല്ലി ഓടിച്ചു: ഷിബു ബേബി ജോണ്‍
Malayalam Cinema
വാലിബന്റെ ഷൂട്ടിന് വേണ്ടി 12 കാളകളെ കൊണ്ടുവന്ന വണ്ടി ഗോ രക്ഷാ സംഘം വഴിയില്‍ തടഞ്ഞു, ഡ്രൈവറെ തല്ലി ഓടിച്ചു: ഷിബു ബേബി ജോണ്‍
അമര്‍നാഥ് എം.
Sunday, 1st March 2026, 9:45 am

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2024ല്‍ റിലീസായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. വന്‍ പ്രതീക്ഷയിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം നിര്‍മാതാവിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ആര്‍.എസ്.പി നേതാവായ ഷിബു ബേബി ജോണായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.

ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷിബു ബേബി ജോണ്‍. ചിത്രത്തിന്റെ ലൊക്കേഷന്‍ രാജസ്ഥാനിലായിരുന്നെന്നും ലിജോ ജോസ് പെല്ലിശ്ശേരിക്ക് ഷൂട്ടിന്റെ സമയത്ത് പല കാര്യങ്ങളിലും നിര്‍ബന്ധമുണ്ടായിരുന്നെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. ചിത്രത്തില്‍ നിരവധി കാളവണ്ടികള്‍ കാണിച്ചിട്ടുണ്ടെന്നും അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പടത്തിന്റെ അസിസ്റ്റന്റുമാരും ചില ടെക്‌നീഷ്യന്‍സും രാജസ്ഥാന്‍ മുഴുവന്‍ അലഞ്ഞു. ഓരോ കാളയുടെയും ഫോട്ടോ ലിജോയ്ക്ക് അയച്ചുകൊടുക്കും. പുള്ളിക്ക് അതൊന്നും ഓക്കെയാകില്ല. അങ്ങനെ അലഞ്ഞലഞ്ഞ് ഗുജറാത്തില്‍ നിന്ന് ലിജോയ്ക്ക് വേണ്ട കാളകളെ കിട്ടി. 12 കാളകളെയായിരുന്നു ആവശ്യം. അതിനെയെല്ലാം രാജസ്ഥാനില്‍ എത്തിക്കാന്‍ ഒരുപാട് പ്രൊസസ്സുണ്ട്.

ഹെല്‍ത്ത് ചെക്കപ്പും പഞ്ചായത്ത് സര്‍പഞ്ചിന്റെ ക്ലിയറന്‍സും അടക്കം ഒരുപാട് പേപ്പര്‍വര്‍ക്കുകള്‍ ചെയ്യാനുണ്ടായിരുന്നു. കുറെ ഓടിയതിന് ശേഷമാണ് എല്ലാം ഓക്കെയായത്. എന്നിട്ട് ഈ കാളകളെയും കൊണ്ട് ഒരു ലോറി രാജസ്ഥാനിലേക്ക് വരികയാണ്. വൈകുന്നേരമായപ്പോള്‍ ഒരു സ്ഥലത്ത് വെച്ച് കുറെയാളുകള്‍ വണ്ടി തടഞ്ഞ് ഡ്രൈവറെ അടിച്ചോടിച്ചു. വണ്ടിക്കകത്തുള്ളത് പശുവാണെന്നാണ് അവര്‍ വിചാരിച്ചത്. ഗോ രക്ഷാ സംഘത്തിന്റെ ആളുകളായിരുന്നു അവര്‍,’ ഷിബു ബേബി ജോണ്‍ പറയുന്നു.

വണ്ടി അടിച്ച് നശിപ്പിച്ചെന്നും എല്ലാ കാളകളെയും ഗോശാലയില്‍ കൊണ്ട് കെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുവിനെയും കാളയെയും തിരിച്ചറിയാത്തവരായിരുന്നു അവരെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. വിറ്റ് ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കൈയിലുള്ള പേപ്പര്‍വര്‍ക്കൊക്കെ അവരെ കാണിച്ചു. അവര്‍ക്കുണ്ടോ എഴുതാനും വായിക്കാനും അറിയുന്നു. ആരും അതൊന്നും മൈന്‍ഡ് ചെയ്തില്ല. പിന്നീട് പൊലീസും സ്ഥലത്തെത്തി. അവരെയും പേപ്പര്‍ വര്‍ക്ക് കാണിച്ചിട്ടും ഫലമില്ല. അവരുടെയും വിചാരം ഇത് പശുവാണെന്നാണ്. നോര്‍ത്ത് ഇന്ത്യയിലെ യാഥാര്‍ത്ഥ്യം അങ്ങനെയാണെന്ന് ആ സംഭവത്തോടെ മനസിലായി,’ ഷിബു ബേബി ജോണ്‍ പറയുന്നു.

ജയ്‌സാല്‍മീര്‍, ജയ്പൂര്‍ തുടങ്ങിയ ലൊക്കേഷനുകളില്‍ 150ലേറെ ദിവസം നീണ്ടുനിന്ന ഷൂട്ടായിരുന്നു മലൈക്കോട്ടൈ വാലിബന്റേത്. മോഹന്‍ലാലിന് പുറമെ ഹരീഷ് പേരടി, ഡാനിഷ് സേഠ്, രാജീവ് പിള്ള, മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്.

Content Highlight: Shibu Baby John shares an incident happened during Malaikkottai Valiban shoot

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം