ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാര്? കാലം രോഹിത് ശര്‍മക്ക് കരുതി വെച്ചതെന്ത്?
FB Notification
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാര്? കാലം രോഹിത് ശര്‍മക്ക് കരുതി വെച്ചതെന്ത്?
ഷെമിന്‍ അബ്ദുല്‍മജീദ്‌
Saturday, 12th November 2022, 8:59 pm

ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണെന്ന് തോന്നുന്നു, ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എം.എസ്. ധോണിയല്ലേ എന്ന് ഒരു ഇന്റര്‍വ്യൂവര്‍ ഹര്‍ഷ ഭോഗ്ലെയോട് ചോദിക്കുന്നുണ്ട്.

മികച്ചത് എന്ന് ഒരാളെ മാത്രം ചൂണ്ടിക്കാട്ടി പറയാന്‍ സാധിക്കില്ലെന്നായിരുന്നു ഭോഗ്ലെയുടെ മറുപടി. ഓരോ കാലഘട്ടത്തിലും ഇന്ത്യന്‍ ക്രിക്കറ്റിന് അനിവാര്യമായ മാറ്റങ്ങള്‍ വേണ്ടിവന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്ത് ടീമിനെ നയിച്ച മികച്ച ക്യാപ്റ്റന്‍മാര്‍ ഓരോ കാലഘട്ടത്തിലും ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട് എന്ന് ഹര്‍ഷ ഭോഗ്ലെ പറയുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് ചില ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ നയിച്ച രീതിയില്‍ നിന്നും നമുക്ക് ബോധ്യപ്പെടും.

ടാലന്റില്‍ തങ്ങളേക്കാള്‍ പതിന്‍മടങ്ങ് ഉയരത്തില്‍ നില്‍ക്കുന്ന വലിയ ടീമുകളോട് ലഭിക്കുന്ന ജയം അട്ടിമറിയാണെന്ന് വിശ്വസിച്ചിരുന്ന 83 കാലത്തെ ലോകകപ്പ് പല കളിക്കാര്‍ക്കും ഒരു വെക്കേഷന്‍ ടൂര്‍ മാത്രമായിരുന്നു.

എന്നാല്‍ നൂറ് ശതമാനം ആത്മസമര്‍പ്പണവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏത് വമ്പന്‍മാരെയും തറപറ്റിക്കാം എന്ന ധൈര്യം പകര്‍ന്ന് കൊടുക്കാന്‍ നിയോഗിക്കപ്പെട്ടത് കപില്‍ ദേവ് എന്ന ക്യാപ്റ്റനായിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് മാത്രം സാധിക്കുന്ന കാര്യം. മുന്നിട്ടിറങ്ങി കപില്‍ ദേവ് നയിച്ചപ്പോള്‍ ഇന്ത്യയില്‍ ക്രിക്കറ്റിന് വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.

 

ഇന്ത്യയില്‍ ക്രിക്കറ്റ് വളര്‍ന്നെങ്കിലും ടീമെന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ വരാതെ പോയ കാലത്തിന് ശേഷം വന്ന കോഴ വിവാദം വലിയ രീതിയിലാണ് ക്രിക്കറ്റിനെ പിന്നോട്ടടിച്ചത്. ഇതില്‍ നിന്നും രക്ഷനേടാന്‍ അഴിമതിയുടെ കറ പുരളാത്ത ശക്തനായ ഒരു നായകനെ ഇന്ത്യക്ക് ആവശ്യമായി വരുമ്പോഴാണ് ദാദയുടെ സ്ഥാനാരോഹണം നടക്കുന്നത്.

കറുത്ത കാലഘട്ടത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ കൈ പിടിച്ചുയര്‍ത്താനുള്ള നിയോഗം മറ്റാര്‍ക്കും സാധിക്കാത്ത വിധത്തില്‍ ദാദ നടപ്പാക്കിയത് തന്റെ മികച്ച ക്യാപ്റ്റന്‍സി കൊണ്ടായിരുന്നു.

 

വീണ്ടും ലോക ക്രിക്കറ്റില്‍ ശക്തമായ ഇന്ത്യക്ക് പിന്നീട് വേണ്ടിയിരുന്നത് ലോകകിരീടങ്ങളായിരുന്നു. അതിനായുള്ള നിയോഗം വന്നുചേര്‍ന്നത് മികച്ച ക്രിക്കറ്റിങ് ബ്രെയ്‌നായ മഹേന്ദ്ര സിംഗ് ധോണിയിലും. ദാദയുടെ ആലയില്‍ ചുട്ടെടുത്ത ആയുധങ്ങളുമായി ക്യാപ്റ്റന്‍ കൂള്‍ ധോണി മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ ഇന്ത്യ നേടിയത് 3 ലോകകിരീടങ്ങള്‍.

 

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഒന്നാമെത്തിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ‘നാട്ടിലെ പുലികള്‍ വിദേശത്ത് എലികള്‍’ എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ കാലം നിയോഗിച്ചത് വിരാട് കോഹ്‌ലി എന്ന ഏറ്റവും അഗ്രസീവായ ക്യാപ്റ്റനെയായിരുന്നു. അഞ്ച് ദിവസത്തെ ക്രിക്കറ്റില്‍ ഒരണുവിട വിട്ടുകൊടുക്കാതെ പോരാടണമെങ്കില്‍ ടാലന്റിന്റെ കൂടെ മികച്ച ഫിറ്റ്‌നെസ് കൂടി വേണമെന്ന് ഫിറ്റ്‌നെസ് ഫ്രീക്കായ കോഹ്‌ലിക്കല്ലാതെ മറ്റാര്‍ക്ക് മനസ്സിലാവാന്‍.

പണ്ടെങ്ങോ മറന്നു വെച്ച ഫൈവ് ബൗളര്‍ സ്ട്രാറ്റജി കോഹ്‌ലി വീണ്ടും പൊടി തട്ടിയെടുത്തു. ഇന്ത്യന്‍ ടീമില്‍ പണ്ടേ നഷ്ടമായിരുന്ന സ്‌പേസ് പേസ് ബൗളര്‍മാര്‍ക്ക് തിരികെ കൊടുത്ത് അവരില്‍ ആത്മവിശ്വാസം നിറച്ചപ്പോള്‍ സേന രാജ്യങ്ങളില്‍ തുടര്‍ വിജയങ്ങള്‍ വന്നുതുടങ്ങി.

 

വിദേശത്തെ പച്ചപ്പ് നിറഞ്ഞ പിച്ചുകള്‍ കാണുന്നതോടെ പരാജിതരുടെ ശരീരഭാഷ പ്രകടപ്പിച്ചിരുന്ന കളിക്കാരെ കൊണ്ട് തന്നെ അതേ പിച്ചുകളില്‍ എതിരാളികള്‍ക്ക് നരകം കാണിച്ച് കൊടുക്കുന്ന രീതിയിലേക്ക് ടെസ്റ്റ് ക്രിക്കറ്റിനെ വിപ്ലവകരമായ മാറ്റിയതില്‍ ഏറിയ പങ്കും വിരാട് കോഹ്‌ലിയെന്ന ക്യാപ്റ്റന് അവകാശപ്പെട്ടതാണ്.

ഇന്ന് ക്യാപ്റ്റന്‍സി ബാറ്റണ്‍ രോഹിത് ശര്‍മയുടെ കൈകളിലാണ്. എന്തായിരിക്കും അദ്ദേഹത്തിന് വേണ്ടി കാലം കണ്ട് വെച്ചിരിക്കുന്ന നിയോഗം? ബൈലാറ്ററുകള്‍ മാത്രം വിജയിക്കുന്ന കണക്കുകളില്‍ മുന്നില്‍ എത്തുന്ന ഒരു ക്യാപ്റ്റന്‍ മാത്രമായി മാറുമോ അതോ ധോണിക്ക് ശേഷം ഐ.സി.സി കിരീടം ഇന്ത്യയിലേക്കെത്തിക്കുന്ന ക്യാപ്റ്റനായി മാറാന്‍ സാധിക്കുമോ?

 

Content Highlight: Shemin Abdulmajeed writes about India’s legendary captains