| Monday, 27th October 2025, 9:21 pm

സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതെ പുറത്താക്കിയവള്‍ സെമി ഫൈനലിനെത്തുന്നു; റാവലിന്റെ പകരക്കാരിയെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഷെഫാലി വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. പരിക്കേറ്റ പ്രതീക റാവലിന് പകരക്കാരിയായാണ് ഷെഫാലി വര്‍മയെ ടീമിലെത്തിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരിക്കേറ്റ പ്രതീക റാവല്‍ പുറത്തായിരിക്കുകയാണ്.

ഷെഫാലി വര്‍മ

ഫീല്‍ഡിങ്ങിനിടെയാണ് പ്രതീക റാവലിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ താരം മത്സരം പൂര്‍ത്തിയാകും മുമ്പ് കളം വിട്ടിരുന്നു. പരിക്കിന് പിന്നാലെ താരം സെമി ഫൈനല്‍ അടക്കമുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ല എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിക്കേറ്റ പ്രതീക റാവല്‍

പ്രതീക റാവലിന്റെ പരിക്ക് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിരുന്നത്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ സ്മൃതി മന്ഥാനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്ത് ഇടം നേടിയ താരമാണ് പ്രതീക റാവല്‍. ആറ് ഇന്നിങ്‌സില്‍ നിന്നും 51.33 ശരാശരിയില്‍ 308 റണ്‍സാണ് താരം അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിനെതിരെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ഷെഫാലിക്ക് പ്രതീക റാവലിന്റെ അഭാവം മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇന്ത്യയ്ക്കായി 29 ഏകദിനങ്ങളില്‍ കളത്തിലിറങ്ങിയ താരം 23.00 ശരാശരിയില്‍ 644 റണ്‍സ് നേടിയിട്ടുണ്ട്.

തന്റെ ദിവസത്തില്‍ ഏതൊരു ലോകോത്തര ബൗളറേയും അടിച്ചൊതുക്കാന്‍ കെല്‍പ്പുള്ള താരമാണ് ഷെഫാലി. എന്നാല്‍ സ്ഥിരതയില്ലാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്. 2024 ഒക്ടോബര്‍ 24നാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ അവസാനമായി അന്താരാഷ്ട്ര ഏകദിനം കളിച്ചത്.

സ്മൃതി മന്ഥാനയ്ക്കൊപ്പം ഷെഫാലി വർമ

എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സോഫി ഡിവൈനും സൂസി ബേറ്റ്‌സും അമേലിയ കേറും അടക്കമുള്ളവര്‍ അണിനിരന്ന ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയ ഇന്ത്യ എ ടീമിന്റെ ടോപ് സ്‌കോററായിരുന്നു ഷെഫാലി.

49 പന്തില്‍ 70 റണ്‍സാണ് ഷെഫാലി അടിച്ചെടുത്തത്. 11 ഫോറും ഒരു സിക്‌സറും അടക്കം 142.85 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ലോകകപ്പിലെ ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളിലും ഷെഫാലി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഒക്ടോബര്‍ 30നാണ് ഇന്ത്യ സെമി ഫൈനലിനിറങ്ങുന്നത്. നവി മുംബൈയാണ് വേദി.

സീനിയര്‍ വനിതാ തലത്തില്‍ ഒരിക്കല്‍പ്പോലും ഐ.സി.സി കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കാതെ പോയ ഇന്ത്യയ്ക്ക് സ്വന്തം മണ്ണില്‍ ഇതൊരു സുവര്‍ണാവസരമാണ്. എന്നാല്‍ ഓസ്‌ട്രേലിയ എന്ന പ്രതിബന്ധം ഇന്ത്യയ്ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഓസീസ് ചരിത്ര വിജയം നേടിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 331 റണ്‍സിന്റെ വിജയലക്ഷ്യം അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മറികടന്നിരുന്നു. ഈ തോല്‍വിക്ക് പകരം വീട്ടുക എന്ന ലക്ഷ്യവും ഇന്ത്യയ്ക്ക് മുമ്പിലുണ്ടാകും.

Content Highlight: Shefali Verma will replace injured Pratika Rawal in India’s remaining matches in ICC Women’s World Cup

We use cookies to give you the best possible experience. Learn more