2013ല്‍ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ഷീലു അബ്രഹാം. 2015ല്‍ പുറത്തിറങ്ങിയ ഷീ ടാക്‌സി എന്ന ചിത്രത്തിലെ മീര മാമന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഷീലു മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തന്റെ പങ്കാളിയും നിര്‍മാതാവുമായ അബ്രാഹാം മാത്യൂവിന്റെ ഉടമസ്ഥതയിലുള്ള അബാം മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രങ്ങളിലും ഷീലു സജീവമായിരുന്നു.

പുതിയ നിയമം, ആടുപുലിയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ അബാം മൂവീസ് ജയ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ പരാജയ ചിത്രങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. അവസാനമായി ബാനറിന്റെ കീഴില്‍ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും വലിയ പരാജയമായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രവീന്ദ്ര നീ എവിടെ, മച്ചാന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

ഷീലു അബ്രഹാം പങ്കാളിക്കൊപ്പം. Photo: Samakalika Malayalam

ഇരു ചിത്രങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടായെന്നും എന്നാല്‍ തങ്ങളുടെ വ്യക്തി ജീവിതത്തെ ഈ നഷ്ടം ബാധിച്ചിട്ടില്ലെന്നും പറയുന്ന ഷീലുവിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ ഇത്രയും സിനിമകള്‍ കുറഞ്ഞ കാലം കൊണ്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ അവസാനം ചെയ്ത രണ്ട് ചിത്രങ്ങളും ഫ്‌ളോപ്പായിരുന്നു. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലും കൂടെ ഞങ്ങള്‍ക്ക് ഏകദേശം പന്ത്രണ്ടര കോടിയോളം നഷ്ടമാണ്. എന്നിരുന്നാലും അത് ഞങ്ങളുടെ ബിസിനസിനെയോ, കുടുംബത്തെയോ, സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല.

രവീന്ദ്ര നീ എവിടെ. Photo: Sheelu Abraham/ Facebook.com

പക്ഷേ അതില്‍ അദ്ദേഹത്തിന് ഉറപ്പായും വിഷമമുണ്ട്. കാരണം അത്രയും രൂപ ഇനിയും ഉണ്ടാക്കണമെങ്കില്‍ അദ്ദേഹത്തിന് ഒരുപാട് കഷ്ടപ്പെടേണ്ടി വരും. പക്ഷേ നമ്മളെ അത് ബാധിക്കാത്തതിന് കാരണം ഒരു സൈഡില്‍ അദ്ദേഹം ഉണ്ടാക്കി വെച്ച ബേസാണ്. ഒരു സിനിമ ചെയ്യുമ്പോള്‍ ആ ബേസില്‍ തൊട്ടിട്ടുള്ള പൈസയല്ല നമ്മള്‍ യൂസ് ചെയ്യുന്നത്,’ ഷീലു അബ്രാഹാം പറഞ്ഞു.

Content Highlight: Sheelu Abraham talks about her husband’s production house and setbacks they have faced