മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തെ തന്റെ അഭിനയമികവ് കൊണ്ട് അടയാളപ്പെടുത്തിയ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഷീല. നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അവർ, പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്നത്തെ സിനിമാ താരങ്ങൾ നേരിടുന്ന സോഷ്യൽ മീഡിയ സമ്മർദങ്ങളെയും തന്റെ കാലത്തെ അഭിനയജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് ഷീല. മനോരമ മാക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘ഞങ്ങളുടെ കാലത്തുണ്ടായിരുന്ന നായകന്മാരും നായികമാരുമൊക്കെ വലിയ ഭാഗ്യം ചെയ്തവരാണ്. കാരണം, അന്ന് ഈ സോഷ്യൽ മീഡിയ പോലുള്ള കാര്യങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. ഇന്നത്തെ കാലത്ത് പാവം ഈ ആർട്ടിസ്റ്റുകളൊക്കെ എവിടെയെങ്കിലും ഒന്നു ഒതുങ്ങിനിന്ന് ആരോടെങ്കിലും ഒന്നു സംസാരിച്ചാൽ മതി, അവർക്ക് വാർത്തയാക്കാൻ ഒരു കഥയായി.
ഇന്നത്തെ കാലത്ത് ഒരു മരണവീട്ടിൽ പോയിട്ട് ഒന്നു കരയാൻ പോലും പറ്റില്ല. ഒരു ശ്മശാനത്തിൽ പോയി അവിടെയൊന്ന് കരഞ്ഞാൽ അപ്പോൾ വരും ഫോട്ടോ, ക്ലോസപ്പിൽ അവർ കരയുന്ന ചുണ്ട് വരെ എടുത്തു കാണിക്കും.
എന്നെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ഇത്തരത്തിൽ പുറത്തൊക്കെ ഇറങ്ങുമ്പോൾ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചാൽ വലിയ രീതിയിലില്ല. കാരണം, ഞാൻ ഇപ്പോൾ ചെന്നൈയിലാണ് താമസം. പക്ഷേ, അവസാനം ഞാൻ തമിഴിൽ അറിയാതെ പോയി ചന്ദ്രമുഖി എന്നൊരു സിനിമയിൽ അഭിനയിച്ചു. അതിൽ ഒരു ചെറിയ റോൾ മാത്രമാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ, പിന്നീട് അവിടെയൊക്കെ പുറത്തിറങ്ങുമ്പോൾ അമ്മാ, നീങ്ക ചന്ദ്രമുഖിയിൽ നടിച്ചീങ്ങളാ എന്നൊക്കെ വന്ന് ചിലപ്പോൾ ആളുകൾ ചോദിക്കും. നമ്മൾ എവിടെയെങ്കിലും ഒക്കെ പോയി എന്തെങ്കിലും സാധനങ്ങളൊക്കെ വിലപേശി വാങ്ങിക്കുമ്പോൾ, ആ സിനിമയിൽ അഭിനയിച്ചതല്ലേ എന്ന് അവർ ചോദിച്ചാൽ പിന്നെ നമുക്ക് എന്തെങ്കിലും പറയാൻ ഒക്കുമോ അവർ പറയുന്ന വിലയ്ക്ക് അത് വാങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ല. തമിഴ്‌നാട്ടിൽ അങ്ങനെ ഒരു പ്രശ്നം വന്നു എന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. പിന്നെ നാട്ടിൽ വന്നാലും എല്ലാവർക്കും അറിയാമല്ലോ ഞാൻ ഷീലയാണെന്ന്.
പിന്നെ ഞങ്ങൾക്ക് ആ കാലത്ത് ഇങ്ങനെ മെലിഞ്ഞിരിക്കണമെന്നൊന്നും ഇല്ലായിരുന്നു. നല്ല വണ്ണമൊക്കെ വെക്കണമായിരുന്നു. ഞാനൊക്കെ വണ്ണം വെക്കാൻ വേണ്ടി എന്റെ അമ്മ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് അറിയാമോ, വണ്ണമായിരുന്നു അന്നത്തെ ഫാഷൻ. കാരണം, തമിഴ്‌നാട്ടിലുള്ള മുൻനിര നായികമാരായ സാവിത്രി, ഭാനുമതി ഒക്കെയായിരുന്നു ഞങ്ങൾക്ക് മുമ്പുണ്ടായിരുന്നവർ. അപ്പോൾ ഞങ്ങൾക്ക് വണ്ണം വെക്കാൻ വേണ്ടി മുട്ടയുടെ മഞ്ഞ കഴിപ്പിക്കും, കഞ്ഞിയിൽ നെയ്യ് ഇട്ടു തരും, ഉച്ചയ്ക്ക് ഉറങ്ങാൻ പറയും. ഇപ്പോഴത്തെ പിള്ളേർക്കാണെങ്കിൽ നേരെ തിരിച്ചാണല്ലോ ഭക്ഷണം ഒന്നും കഴിക്കാൻ പാടില്ല അപ്പോൾ ഇതൊക്കെ കാലത്തിന് വന്ന മാറ്റങ്ങളാണ്, ‘ ഷീല പറഞ്ഞു.