| Thursday, 8th May 2025, 5:05 pm

പ്രേമവും യൗവനവും അഭിനയിച്ചത് നസീര്‍സാറിനൊപ്പം; റിയലിസ്റ്റിക് വേഷങ്ങള്‍ ചെയ്തത് ആ നടന്റെ കൂടെയും: ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.

നടന്‍ സത്യനെ കുറിച്ച് സംസാരിക്കുകയാണ് ഷീല. ജീവിതത്തില്‍ കാന്‍സര്‍ എന്നൊരു വാക്ക് ആദ്യമായി കേള്‍ക്കുന്നത് സത്യന്‍ മാഷില്‍ നിന്നായിരുന്നുവെന്നും അദ്ദേഹത്തിന് ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നുവെന്നും ഷീല പറയുന്നു.

‘ജീവിതത്തില്‍ കാന്‍സര്‍ എന്നൊരു വാക്ക് ആദ്യമായി കേള്‍ക്കുന്നത് സത്യന്‍ സാറില്‍നിന്നാണ്. അദ്ദേഹത്തിനൊപ്പം ഒരുപാട് പടത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. റിയലിസ്റ്റിക് വേഷങ്ങള്‍ ചെയ്തത് സത്യന്‍മാഷിന് ഒപ്പമായിരുന്നു. പ്രേമവും യൗവനവും അഭിനയിച്ചത് നസീര്‍സാറിനൊപ്പവും. ഇവരണ്ടും കലര്‍ന്ന് അഭിനയിച്ചത് മധുസാറിനൊപ്പവും.

റിയലിസ്റ്റിക് വേഷങ്ങള്‍ ചെയ്തത് സത്യന്‍മാഷിന് ഒപ്പമായിരുന്നു. പ്രേമവും യൗവനവും അഭിനയിച്ചത് നസീര്‍സാറിനൊപ്പവും. ഇവരണ്ടും കലര്‍ന്ന് അഭിനയിച്ചത് മധുസാറിനൊപ്പവും.

സത്യന്‍സാറിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് അര്‍ബുദം പിടിപെട്ടിരുന്നുവെന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. കോടമ്പാക്കത്തുവെച്ച് ഒരു സീന്‍ ഷൂട്ട് ചെയ്യുകയാണ്. കുളക്കടവില്‍ വെള്ളമുണ്ടും നേര്യതും ഉടുത്ത് ഞാനിരിക്കുന്നു. എന്റെ മടിയില്‍ തലവെച്ച് സത്യന്‍ സാര്‍ കിടക്കുന്നു. സീന്‍ ഷൂട്ടുചെയ്തശേഷം അദ്ദേഹം എഴുന്നേറ്റപ്പോള്‍ എന്റെ മുണ്ടില്‍ രക്തം പടര്‍ന്നിരിക്കുന്നു. ഞാനാകെ ഭയന്നു പോയി.

അപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്, സത്യന്‍സാറിന്റെ മൂക്കില്‍നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു. സേതുമാധവന്‍സാറും എം.ഒ. ജോസഫുമെല്ലാം ഓടിയെത്തി. എല്ലാവരും പരിഭ്രാന്തരായി. ഡോക്ടറിന്റെ അടുത്തുപോകാമെന്ന് സേതുമാധവന്‍സാര്‍ പറയുന്നു. വേണ്ട തനിയെ ഡ്രൈവുചെയ്ത് പോക്കോളാമെന്ന് അദ്ദേഹവും.

സത്യന്‍സാറിന് അന്നൊരു വൈറ്റ് ഫിയറ്റ് കാര്‍ ഉണ്ട്. ആരെയും ഒപ്പം കൂട്ടാതെ അദ്ദേഹം തന്നെത്താന്‍ ഡ്രൈവ് ചെയ്ത് ചെന്നൈയിലെ കെ.ജി ഹോസ്പിറ്റലിലേക്ക് പോയി. അത്രയ്ക്കും ആത്മധൈര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഒരു മലയാളിയുടേതായിരുന്നു കെ.ജി ഹോസ്പിറ്റല്‍. അദ്ദേഹം എങ്ങോട്ടാണ് പോയതെന്നുപോലും ഷൂട്ടിങ് സെറ്റിലെ മറ്റാര്‍ക്കും അറിയില്ലായിരുന്നു.

രണ്ടുമണിക്കൂര്‍ കഴിഞ്ഞശേഷമാണ് തിരിച്ചെത്തുന്നത്. രക്തം മുഴുവന്‍ മാറ്റി വേറെ രക്തം ഇന്‍ജക്ട് ചെയ്യണം. കാരണം, അദ്ദേഹത്തിന് ബ്ലഡ് കാന്‍സര്‍ ആയിരുന്നു. അന്നാണ് ജീവിതത്തില്‍ ആദ്യമായി കാന്‍സര്‍ എന്ന വാക്ക് ഞാന്‍ കേള്‍ക്കുന്നത്,’ ഷീല പറയുന്നു.

Content Highlight: Sheela says she Acted Naturally With Actor Sathyan

Latest Stories

We use cookies to give you the best possible experience. Learn more