| Sunday, 15th June 2025, 1:56 pm

മിസിസ് പത്മരാജനാണ് ആ സിനിമയിലേക്ക് എന്നെ കാസ്റ്റ് ചെയ്യാന്‍ പറഞ്ഞത്: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ശാരി. തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത ശാരി പത്മരാജന്റെ ‘ദേശാടനക്കിളി കരയാറില്ല‘ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറിയത്.

പത്മരാജന്‍ സംവിധാനം ചെയ്ത നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ശാരിയെ തേടിയെത്തി. ഇപ്പോള്‍ എങ്ങനെയാണ് നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ എന്ന സിനിമയിലേക്ക് താന്‍ എത്തിയതെന്ന് പറയുകയാണ് ശാരി.

ആ സിനിമയില്‍ താനായിരുന്നില്ല ഫസ്റ്റ് ഓപ്ഷന്‍ എന്ന് ശാരി പറയുന്നു. ദേശാടനക്കിളി കഴിഞ്ഞ് പത്മരാജന്‍ ചെയ്യുന്ന സിനിമ നമുക്ക് പാര്‍ക്കാന് മുന്തിരിത്തോപ്പുകളായിരുന്നുവെന്നും ചെന്നൈയിലൊക്കെ പോയി ഒരുപാട് പേരെ അദ്ദേഹം അന്വേഷിച്ചിരുന്നുവെന്നും ശാരി പറയുന്നു. എന്നാല്‍ ആരും തന്നെ ഓക്കെയായിരുന്നില്ലെന്നും മോഹന്‍ലാലിന്റെ ഡേയ്‌റ്റൊക്കെ റെഡിയായി വന്നതുകൊണ്ട് മിസ് ആക്കാന്‍ കഴിയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. പിന്നീട് പത്മരാജന്റെ പങ്കാളിയാണ് തന്റെ കാര്യം സൂചിപ്പിച്ചതെന്നും അങ്ങനെ അദ്ദേഹം എന്നെ വിളിക്കുകയായിരുന്നുവെന്നും സാരി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘സിനിമയില്‍ ഫസ്റ്റ് ഓപ്ഷന്‍ ഞാന്‍ അല്ലായിരുന്നു. ദേശാടനക്കിളി കഴിഞ്ഞിട്ട് പത്മരാജന്‍ സാറിന്റെ അടുത്ത സിനിമയായിരുന്നല്ലോ, സാര്‍ ചെന്നൈയിലൊക്കെ വന്ന് ഒരുപാട് പേരെ നോക്കിയിരുന്നു. പക്ഷേ ഒന്നും സെറ്റായില്ല. പുതുമുഖങ്ങളെയാണ് നോക്കികൊണ്ടിരുന്നത്. കുറെ നാളായി അന്വേഷിച്ചു, പിന്നെ ലാലേട്ടന്റെ ഡേറ്റ്‌സൊക്കെ പ്രശ്‌നമായിരുന്നു. അതുകൊണ്ട് അവര്‍ക്ക് മിസ് ആക്കാന്‍ പറ്റില്ലായിരുന്നു.

അങ്ങനെ ഒരു ദിവസം പത്മരാജന്‍സാര്‍ കാര്യങ്ങളൊക്കെ വീട്ടില്‍ വിളിച്ച് സംസാരിച്ചുക്കുമ്പോള്‍ സാറിന്റെ വൈഫാണ് എന്റെ കാര്യം പറഞ്ഞത്. ‘അവസാനത്തെ സിനിമയില്‍ ശാരി നന്നായി അഭിനയിച്ചല്ലോ, പിന്നെ അവളെ എന്താണ് എടുക്കാത്തത്’ എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് സാര്‍ എന്നെ വിളിച്ചിട്ട് ഒരു പടം കൂടെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞത്. അത്രമാത്രെ പറഞ്ഞുള്ളു. വേറെ ഒന്നും പറഞ്ഞില്ല. ഞാന്‍ ഒന്നും ചോദിച്ചുമില്ല,’ ശാരി പറയുന്നു.

Content highlight: Shari talks about Namukku Parkkan Munthirithoppukal movie.

Latest Stories

We use cookies to give you the best possible experience. Learn more