മാര്‍ഗ നിര്‍ദേശ ശക്തി കുറഞ്ഞെങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പമുണ്ട്: ഷാര്‍ദുല്‍ താക്കൂര്‍
Sports News
മാര്‍ഗ നിര്‍ദേശ ശക്തി കുറഞ്ഞെങ്കിലും അദ്ദേഹം ഞങ്ങളോടൊപ്പമുണ്ട്: ഷാര്‍ദുല്‍ താക്കൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th May 2025, 3:12 pm

അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇരുവരുടേയും വിടവാങ്ങല്‍ ക്രിക്കറ്റ് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഷാര്‍ദുല്‍ താക്കൂര്‍. വിരാടിനെയും രോഹിത്തിനെയും എല്ലാ താരങ്ങളും മിസ്സ് ചെയ്യുമെന്നും ടെസ്റ്റ് ക്രിക്കറ്റിലെ പരിചയസമ്പന്നരായ താരങ്ങളാണ് ഇരുവരുമെന്നും പേസര്‍ പറഞ്ഞു. മാത്രമല്ല നിലവില്‍ സീനിയര്‍ ആയ രവീന്ദ്ര ജഡേജ മാത്രമാണ് ടീമില്‍ ഉള്ളതെന്നും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര രസകരമായിരിക്കും എന്നും താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

‘വിരാടിനെയും രോഹിത്തിനെയും എല്ലാവരും മിസ്സ് ചെയ്യും. ടീമിലെ ഏറ്റവും പരിചയസമ്പന്നരായ ക്രിക്കറ്റ് കളിക്കാരായിരുന്നു അവര്‍. ടെസ്റ്റ് ക്രിക്കറ്റിനെ നയിച്ചത് അവരാണ്. എന്നിരുന്നാലും മുന്‍കാലങ്ങളിലെ പോലെ സംഭാവന നല്‍കാന്‍ കഴിയില്ലെന്ന് കരുതുന്നത് കളിക്കാരുടെ വ്യക്തിപരമായ തീരുമാനമാണ്. സീനിയേഴ്‌സ് ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നു. എനിക്കും അവരെ മിസ്സ് ചെയ്യും .

യുവാക്കളും പരിചയസമ്പന്നരായ കളിക്കാരും ഉണ്ടാകുമ്പോഴാണ് ടീം മികച്ചതാവുന്നത്. ഞങ്ങള്‍ക്ക് കഴിവുള്ള കളിക്കാരുണ്ട്, ഇത് നമ്മള്‍ പഠിക്കേണ്ട ഒരു ഘട്ടമാണ്. സായ് സുദര്‍ശന്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു, ഞങ്ങള്‍ ഒരു പുതിയ ക്യാപ്റ്റന്റെ കീഴില്‍ കളിക്കും. മാര്‍ഗനിര്‍ദേശ ശക്തി കുറഞ്ഞെങ്കിലും പരിചയസമ്പന്നനായ ജഡ്ഡു (രവീന്ദ്ര ജഡേജ) ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങളോടൊപ്പമുണ്ട്. ഇതൊരു രസകരമായ ഒരു ടൂര്‍ ആയിരിക്കും,’ റേവ് സ്‌പോര്‍ട്‌സില്‍ ഷാര്‍ദുല്‍ താക്കൂര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌െ്രെടക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായികരുന്നു വിരാട്.

അതേസമയം 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് താരമാണ് രോഹിത്. 67 മത്സരങ്ങളിലെ 116 ഇന്നിങ്‌സില്‍ നിന്ന് 4301 റണ്‍സ് താരം നേടിയിട്ടുണ്ട് 252 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 41.6 എന്ന ആവറേജും രോഹിത്തിന് റെഡ് ബോളില്‍ ഉണ്ടായിരുന്നു. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും രോഹിത് ഫോര്‍മാറ്റില്‍ നേടി.

Content Highlight: Shardul Thakur Talking About Rohit Sharma And Virat Kohli