ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ശരത് സഭ. ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത തരംഗം എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങിയ ശരത് ജാനെ മന്‍, പ്രണയവിലാസം, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
നാടകങ്ങളില്‍ സജീവമായിരുന്ന ശരത്ത് നാടകരംഗത്ത് നിന്നാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.
ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ താന്‍ നിരവധി നാടകങ്ങളില്‍ ഭാഗമായിരുന്നുവെന്ന് നടന്‍ പറയുന്നു. പല സ്‌റ്റൈലിലുള്ള നാടകങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും ക്ലാസിക്കും റിയലിസ്റ്റിക്കും അബ്‌സര്‍ഡുമായ നാടകങ്ങള്‍, മൈമിങ്, പാന്റോ മൈം ഇവയുടെയെല്ലാം അരങ്ങുകള്‍ തനിക്ക് പരിചിതമാണെന്നും ശരത് പറഞ്ഞു.
Photo: ശരത് സഭ/ Facebook.com
‘അതുപോലൊരു മാധ്യമമായി, മറ്റൊരു തിയേറ്റര്‍ സ്‌റ്റൈല്‍ പോലെയാണ് ഞാന്‍ സിനിമയെ കാണുന്നത്. അതുകൊണ്ട് സിനിമയില്‍ അഭിനയിക്കുമ്പോള്‍ പരിചിതത്വത്തിന്റേതായ ആത്മവിശ്വാസമുണ്ട്. തുടക്കക്കാരന്റേതായ ചെറിയ പേടിയുണ്ടാകുമെങ്കിലും എന്തും നേരിടാനാകുമെന്ന ധൈര്യമുണ്ട്.
കഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചനകള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാനുമാകും. പല മെത്തേഡുകളിലൂടെയാണ് ഒരു കഥാപാത്രത്തെ ആവിഷ്‌കരിക്കുന്നത്. പല നാടകങ്ങളിലും സംവിധായകരുടെ ശൈലികള്‍ക്കനുസരിച്ച് വ്യത്യസ്തതരം കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവമുണ്ട്,’ ശരത് സഭ പറയുന്നു.
കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സ്വന്തം ശൈലി വികസിപ്പിച്ചെടുക്കാന്‍ അത് സഹായിച്ചിട്ടുണ്ടെന്നും അതും സിനിമയില്‍ പ്രയോജനപ്പെട്ടുവെന്നും നടന് പറഞ്ഞു. പക്ഷേ ക്യമറയുടെ മുന്നിലുള്ള പ്രകടനം തനിക്ക് പരിചിതമില്ലെന്നും അതിന്റെ സാങ്കേതികത പഠിച്ചെടുക്കാന്‍ അല്പം പ്രയാസപ്പെട്ടുവെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
നെല്ലിക്കാംപൊയില്‍ നെറ്റ് റൈഡേഴ്‌സാണ് ശരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മാത്യു തോമസ് നായകനായെത്തിയ സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്ണിലെ ശരത്ത് സഭയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Content Highlight: Sharat Sabha says he was active in plays before entering films