| Saturday, 5th July 2025, 8:54 am

ആ സിനിമയുടെ ഓഡിഷനില്‍ ഞാന്‍ ഫ്‌ളോപ്പായിരുന്നു; ഇപ്പോഴും ഒരു ഓഡിഷന്‍ ഫേസ് ചെയ്യാന്‍ എനിക്ക് കഴിയില്ല: ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമയിലൂടെ 2013ലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് ഷറഫുദ്ദീന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ ഗിരിരാജന്‍ കോഴി ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ശേഷം നിരവധി സിനിമകളില്‍ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീന്‍ പിന്നീട് നായകനായും വില്ലനായും എത്തിയിരുന്നു. ഇപ്പോള്‍ പ്രേമം സിനിമയുടെ ഓഡിഷനെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദ്ദീന്‍.

പ്രേമത്തിന്റെ ഓഡിഷനില്‍ താന്‍ ഫ്‌ളോപ്പായിരുന്നുവെന്നും അത് മറ്റുള്ളവര്‍ ആരും പറഞ്ഞതല്ല തനിക്ക് തന്നെ മനസിലായ കാര്യമാണെന്നും ഷറഫുദ്ദീന്‍ പറയുന്നു. സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് പോലും താന്‍ ഏറെ സംശയത്തിലായിരുന്നുവെന്നും തന്നെകൊണ്ട് ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഷൂട്ടിന്റെ ആദ്യ ദിവസം തന്റെ സുഹൃത്തുക്കളോട് സെറ്റിലേക്ക് വരാന്‍ താന്‍ ആവശ്യപ്പെട്ടെന്നും കോഫി ഷോപ്പിലെ സീനാണ് ആദ്യം ഷൂട്ട് ചെയ്തതെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ടെന്‍ഷനായാല്‍ ഒന്നും തന്നെ ചെയ്യാന്‍ പറ്റാത്ത വ്യക്തിയാണ് താന്നെന്നും ഒരു കംഫേര്‍ട്ട് സോണ്‍ കിട്ടി കഴിഞ്ഞാല്‍ താന്‍ ഓക്കെയാണന്നെും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.

‘ഗിരിരാജന്‍ കോഴി ഇത്ര വലിയ സംഭവമാണെന്ന് പറയുമ്പോള്‍ പോലും, എനിക്ക് ഓര്‍മയുണ്ട്. എന്നെ ഓഡിഷന്‍ ചെയ്തപ്പോള്‍ ഞാന്‍ ഭയങ്കര ഫ്‌ളോപ്പായിരുന്നു. ഇപ്പോഴും എനിക്കൊരു ഓഡിഷന്‍ ഫേസ് ചെയ്യാന്‍ കഴിയില്ല. എന്റെയടുത്ത് അവര്‍ ഞാന്‍ ഫ്‌ളോപ്പാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാം ഞാന്‍ ഫ്‌ളോപ്പായെന്ന്. നമ്മള്‍ക്ക് ഒരു സെല്‍ഫ് റിയലയിസേഷന്‍ ഉണ്ടാകുമല്ലോ. എന്റെ ആദ്യ ദിവസത്തെ ഷൂട്ടിന് കിച്ചുവിനെയും ശബരിയെയുമൊക്കെ വിളിച്ചുവരുത്തി. ‘എടാ ഒന്ന് വരണം കേട്ടോ’ എന്ന് ഞാന്‍ പറഞ്ഞു.

കാരണം ആകെ ഒരു സംശയത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അങ്ങനെ കോഫി ഷോപ്പിലെ സീനാണ് ആദ്യം എടുത്തത്. കുറച്ചൊന്ന് ടെന്‍ഷന്‍ അടിച്ചാല്‍ പിന്നെ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എനിക്ക് തോന്നിയത് ഒരു ഫ്രണ്ട്‌സ് സര്‍ക്കിളില്‍ വന്നതുകൊണ്ടാണ് അത് ചെയ്യാന്‍ കഴിഞ്ഞത്. ഞങ്ങളുടെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ എനിക്ക് ആഗ്രഹിച്ചത് പോലെ ഒരു സ്‌പേസും കിട്ടിയാല്‍ അത് ഓക്കെയാണ്,’ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharafudheen talks about the movie Premam.

We use cookies to give you the best possible experience. Learn more