| Saturday, 18th April 2026, 1:53 pm

മോഹന്‍ലാലും, വെട്രിമാരനും, ലോകഃയും; സിനിമയിലെ ഇഷ്ടങ്ങള്‍ പങ്കുവെച്ച് ഷറഫുദ്ദീന്‍

അശ്വിന്‍ രാജേന്ദ്രന്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി പിന്നീട് കഠിനാധ്വാനത്തിലൂടെ പടിപടിയായി തന്റെ കരിയര്‍ ഉയര്‍ത്തിയ അഭിനേതാവാണ് ഷറഫുദ്ദീന്‍. വില്ലനായും സഹനടനായും നായകനടനായും സിനിമയില്‍ സജീവമായ താരം ഒട്ടനവധി കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. വരത്തനിലും അഞ്ചാം പാതിരയിലും പ്രതിഛായയിലും വില്ലനായി പ്രേക്ഷകരെ ഞെട്ടിച്ച താരം പെറ്റ് ഡിക്ടറ്റീവിലൂടെ നായകനായി പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്തിരുന്നു.

നായകവേഷത്തില്‍ താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു. ഫാമിലി, കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കോമ്പറ്റീഷന്‍ ലെവലില്‍ ആരുടെ കൂടെ അഭിനയിക്കാനാണ് താത്പര്യമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

മധുവിധു. Photo: Cinema Express

‘ഞാന്‍ ലാലേട്ടന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. എങ്കിലും അത് ചെറിയൊരു വേഷമാണ്. എന്റെ ഒരു ആഗ്രഹം കാക്കകുയിലോ, ചന്ദ്രലേഖയോ പോലെ ഒരു സിനിമയില്‍ ലാലേട്ടന്റെ കൂടെ മുകേഷേട്ടന്‍ ചെയ്തത് പോലെ ഒരു കഥാപാത്രം ചെയ്യണമെന്നാണ്. കുറെ കാലമായിട്ടുള്ള ഒരു ആഗ്രാഹമാണത്. അതുപോലെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള ഒരു സംവിധായകനാണ് വെട്രിമാരന്‍.

കൊല്ലാതവന്‍ പോലുള്ള ചിത്രങ്ങളെല്ലാം കണ്ടപ്പോള്‍ എന്റെ ഉള്ളിലെ സിനിമ വല്ലാതെ ഉണര്‍ന്നു. പുള്ളിയുടെ സിനിമകള്‍ വലിയ രീതിയില്‍ ഞാന്‍ ഫോളോ ചെയ്യാറുണ്ട്. ആരാണ് നായകനെന്ന് നോക്കാറില്ല പുള്ളിയുടെ ഡയറക്ഷന്‍ കാര്‍ഡ് കണ്ടാല്‍ പോകുമായിരുന്നു,’ഷറഫുദ്ദീന്‍ പറഞ്ഞു.

എല്ലാ തരത്തിലുള്ള സിനിമകളും താന്‍ കാണാറുണ്ടെന്നും കാണാത്തത് സയന്‍സ് ഫിക്ഷന്‍, മാര്‍വല്‍, ഡി.സി പോലുള്ള ചിത്രങ്ങളാണെന്നും മലയാള സിനിമ എന്ന രീതിയില്‍ ലോകഃ ഇഷ്ടമായെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഷറഫുദ്ദീന്‍. Photo: Madhyamam

വിനായക അജിത് ബാനറില്‍ അജിത് വിനായക സംവിധാനം ചെയ്യുന്ന മധുവിധുവില്‍ കല്ല്യാണി പണിക്കര്‍, സായികുമാര്‍, ജഗദീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബിന്ദു പണിക്കര്‍, സായികുമാര്‍ എന്നിവരുടെ മകളായ കല്ല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മധുവിധുവിനുണ്ട്.

Content Highlight: Sharafudheen talks about his likes and dislikes in Cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more