അല്‍ഫോണ്‍സ് പുത്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ചയാളാണ് ഷറഫുദ്ദീന്‍. പിന്നീട് കോമേഡിയന്‍, വില്ലന്‍, നായകന്‍ വേഷങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച താരം ഇന്ന് മലയാളത്തിലെ മുന്‍നിര നായക നടന്മാരില്‍ ഒരാളാണ്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത് മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന മധുവിധുവാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ചിത്രവുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിന്റെ ആരംഭത്തില്‍ കിട്ടിയ രണ്ട് അവസരങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്നിവയായിരുന്നു താരത്തിന് അവസരം ലഭിച്ച രണ്ട് ചിത്രങ്ങള്‍.
‘സിനിമയില്‍ അവസരം നോക്കി പോകുന്ന സമയത്ത് ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്തായിരുന്നു മിഥുന്‍. ആ സമയത്ത് ചിത്രത്തിന്റെ ലൊക്കേഷനിലെല്ലാം ഞങ്ങള്‍ ഭയങ്കര കൂട്ടായിട്ട് നടക്കുമായിരുന്നു. മിഥുന്‍ ഇന്‍ഡിപെന്‍ഡന്റ് ആയി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്ലാന്‍ എല്ലാം ഞങ്ങള്‍ എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. അന്ന് ആടിന്റെ സ്‌ക്രിപ്റ്റ് ആദ്യ ഘട്ടത്തില്‍ വായിച്ച ഒരാളാണ് ഞാന്‍.
അന്ന് എനിക്ക് കഥ വളരെ ഇന്‍ട്രസ്റ്റിങ്ങായി തോന്നിയിരുന്നു. ഷാന്‍ ചെയ്ത് അയച്ചു കൊടുത്ത ഷാജി പാപ്പന്റെ തീം സോങ്ങെല്ലാം അന്ന് കലൂര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് കേള്‍പ്പിച്ച് തന്നിരുന്നു. മറ്റ് സിനിമകളൊന്നും അന്നില്ലായിരുന്നു. അതുകൊണ്ട് ഇതില്‍ ഒരു റോള്‍ എന്തായാലും മിഥുന്‍ തരും എന്ന് ഉറപ്പുണ്ടായിരുന്നു. കാരണം ഒരുപാട് ക്യാരക്ടേഴ്‌സ് അതിലുണ്ടായിരുന്നല്ലോ.
പക്ഷേ ആ സമയത്ത് പ്രേമത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ആടിന്റെ ഷൂട്ട് ആരംഭിക്കുന്നത്. അങ്ങനെ മിഥുനോട് കാര്യങ്ങള്‍ പറഞ്ഞ് പ്രേമം ചെയ്യാമെന്ന തീരുമാനത്തിലെത്തി. എങ്കിലും ആടിന്റെ അടുത്ത ഭാഗത്തിലേക്ക് എങ്ങനെയെങ്കിലും കയറിപറ്റണം,’ ഷറഫുദ്ദീന്‍ പറഞ്ഞു.
മലയാളത്തിലെ മുതിര്‍ന്ന അഭിനേത്രി ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണി പണിക്കര്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യകതയും മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന മധുവിധുവിനുണ്ട്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ശ്രീജയ, അമല്‍ ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Sharafudheen talks about his first phase of Career
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.