| Thursday, 12th June 2025, 12:57 pm

വില്ലനായി മാത്രമല്ല, സുരാജ് വെഞ്ഞാറമൂടായിട്ടും അഭിനയിക്കും, പടക്കളം ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഷറഫുദ്ദീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാന്റസി സിനിമകള്‍ വിരളമായി മാത്രം വരുന്ന മോളിവുഡില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പടക്കളം. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ പല ആര്‍ട്ടിസ്റ്റുകളുടെയും പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഷറഫുദ്ദീന്റെ പ്രകടനം വ്യത്യസ്തമായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രഞ്ജിത് എന്ന കഥാപാത്രത്തിന്റെ ശരീരത്തില്‍ രണ്ടാം പകുതിയില്‍ സുരാജ് അവതരിപ്പിക്കുന്ന ഷാജി എത്തുന്ന ഭാഗങ്ങള്‍ തിയേറ്ററില്‍ ചിരി പടര്‍ത്തി.

ആദ്യപകുതിയില്‍ വില്ലത്തരം നിറഞ്ഞ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമായിരുന്നു ഷറഫുദ്ദീന്റേത്. എന്നാല്‍ രണ്ടാം പകുതിയില്‍ ബോഡി സ്വാപ്പിങ്ങിന് ശേഷം പൂര്‍ണമായും മറ്റൊരു കഥാപാത്രമായി മാറുകയായിരുന്നു ഷറഫുദ്ദീന്‍. ഇന്റര്‍വെല്ലിന് ശേഷമുള്ള ആദ്യ സീനില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ചിരി അതേപടി അനുകരിക്കാന്‍ ഷറഫുദ്ദീന് സാധിച്ചിട്ടുണ്ട്.

ഈയൊരു ഭാഗം റീലുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കോമഡി താരമായാലും വില്ലന്‍ കഥാപാത്രമായാലും ഇവിടെ പോകുമെന്നാണ് താരത്തിന്റെ പ്രകടനം കണ്ട് പലരും അഭിപ്രായപ്പെടുന്നത്. രണ്ടാം പകുതിയില്‍ ഷറഫുദ്ദീന്റെ ഡയലോഗുകളെല്ലാം കൈയടി നേടുന്നവയാണ്. ഇനിയും മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിക്കുമെന്നും പറയുന്നുണ്ട്.

ഷറഫുദ്ദീനൊപ്പം പലരും എടുത്തുപറയുന്ന മറ്റൊരു പ്രകടനമാണ് സന്ദീപ് പ്രദീപിന്റേത്. ആദ്യപകുതിയില്‍ പഞ്ചപാവമായി പെര്‍ഫോം ചെയ്ത സന്ദീപ് രണ്ടാം പകുതിയില്‍ നെഗറ്റീവ് കഥാപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചെന്നാണ് അഭിപ്രായങ്ങള്‍. ആക്ഷനും ഡയലോഗ് ഡെലിവറിയുമെല്ലാം കൊണ്ട് താരം ഇനിയും മുന്നേറുമെന്ന് പറയുന്നവരുമുണ്ട്.

സാഫ്‌ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍ എന്നിവരും അവരവരുടെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്. സൂപ്പര്‍ഹീറോ സിനിമകളുടെ ആരാധകനായ സംവിധായകന്‍ സിനിമയില്‍ അവിടവിടായി നല്‍കിയ സൂപ്പര്‍ഹീറോ റഫറന്‍സുകളും സിനിമയെ കൂടുതല്‍ ഭംഗിയുള്ളതാക്കി. തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ മികച്ച അഭിപ്രായം നേടിയ സിനിമയായി പടക്കളം മാറി.

Content Highlight: Sharafudheen’s performance in Padakkalam movie getting praises after OTT release

We use cookies to give you the best possible experience. Learn more