പ്രേക്ഷക സ്വീകാര്യത നേടിയ ഒട്ടനവധി ഹിറ്റ് പൊളിറ്റിക്കല്‍ ത്രില്ലറുകള്‍ പിറന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. ഇക്കൂട്ടത്തിലേക്ക് പുതിയ ചിത്രവുമായാണ് മലയാളത്തിലെ സീനിയര്‍ സംവിധായകനായ ബി.ഉണ്ണികൃഷ്ണന്‍ മാര്‍ച്ച് 26 ന് തിയേറ്ററുകളിലേക്കെത്തുന്നത്. നിവിന്‍ പോളി, ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പ്രതിഛായയാണ് സംവിധായകന്റെ പുതിയ ചിത്രം.
ചിത്രത്തിന്റെ ട്രെയ്‌ലറുകളും പോസ്റ്ററുകളും പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കും സിനിമാലോകത്ത് തുടക്കമിട്ടിരുന്നു. ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സാമ്യതയുണ്ടെന്നതായിരുന്നു ചര്‍ച്ചകള്‍ക്ക് കാരണം. ഇപ്പോഴിതാ ചിത്രം പ്രൊപ്പഗണ്ടയാണോ എന്ന ചോദ്യത്തിന് നടന്‍ ഷറഫുദ്ദീന്‍ നല്‍കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലില്‍ അജു വര്‍ഗീസും ധ്യാന്‍ ശ്രീന്‍വാസനും പ്രതിഛായയിലെ അഭിനേതാക്കളായ നിവിനുമായും ഷറഫുദ്ദീനുമായും നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ചിത്രത്തില്‍ ഒരു വിഷയം സംസാരിക്കുന്നുണ്ടെന്നും ഈ വിഷയം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എന്നാല്‍ പലരും പറയുന്നതുപോലെ ഉണ്ണി സാറിന്റെ ചിത്രമായത് കൊണ്ട് ഇതൊരു പ്രൊപ്പഗണ്ടയായി വരില്ലെന്നും താരം പറഞ്ഞു.
‘രാഷ്ട്രീയം പോലെ നമ്മുടെ ഓപ്പോസിറ്റുള്ള ക്രൗഡിന് അതിലെ വിഷയം ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ പ്രൊപ്പഗണ്ട എന്ന് വിളിക്കാമല്ലോ. അതുകൊണ്ട് തന്നെ ചിത്രം പുറത്തിറങ്ങിയതിന് ശേഷം പ്രൊപ്പഗണ്ടയെന്ന വിളിക്കാന്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല. ഉണ്ണി സാര്‍ ഇത് സംവിധാനം ചെയ്യുന്നത് കാരണം അതിനുള്ള സാധ്യത വളരെ കുറവാണ്.
ഉണ്ണി സാറുടെ പൊളിറ്റിക്കല്‍ സ്റ്റാന്റും സിനിമയിലെ കഥയും വേറെ രീതിയിലാണ് നില്‍ക്കുന്നത്. സിനിമയിലെ ഒരു അഭിനേതാവ് എന്ന നിലയില്‍ നമ്മള്‍ അഭിനയിക്കുന്ന സിനിമ എല്ലാ കൂട്ടരും കാണുന്നതാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക കാറ്റഗറിയില്‍ നമ്മളെ പെടുത്താതിരിക്കുക എന്നത് സ്വയം മാനേജ് ചെയ്യേണ്ട ബേസിക് കാര്യമാണ്. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് തെറ്റൊന്നുമില്ല എന്നാണ് എനിക്ക് തോന്നുന്നത്,’ ഷറഫുദ്ദീന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തില്‍, ചിത്രത്തില്‍ കേരള രാഷ്ട്രീയത്തിലെ പല സംഭവങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ സോളാര്‍ കേസ് സിനിമയിലിലെന്നും സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പല സമുന്നതരായ നേതാക്കളുടെയും ഹൈബ്രിഡായ കഥാപാത്രമാണ് ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെതെന്നും ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല റെഫറന്‍സ് ആക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Sharaf U Dheen talks about propaganda in Prathichaya movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.