| Saturday, 28th June 2025, 9:16 am

നടനാകാന്‍ പറ്റുമെന്ന് വിചാരിച്ചില്ല; എൻ്റെ ഏറ്റവും വലിയ കരുത്തും പ്രതീക്ഷയും അവർ: ഷറഫുദ്ദീൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തിലെ ഗിരിരാജന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഷറഫിന്റെ നല്ല നേരം തെളിഞ്ഞു.

പിന്നീട് നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ തിളങ്ങിയ ഷറഫുദ്ദീന്‍ അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തനിലൂടെ വില്ലന്‍ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. നായകവേഷങ്ങളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച ഷറഫുദ്ദീൻ്റെ അവസാനമിറങ്ങിയ ചിത്രം പടക്കളമാണ്. ഇപ്പോൾ അഭിനയത്തെപ്പറ്റി സംസാരിക്കുകയാണ് ഷറഫുദ്ദീൻ.

അഭിനയിക്കാന്‍ തനിക്ക് അഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് നടനാകാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ഷറഫുദ്ദീന്‍ പറയുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ തന്ന ആത്മവിശ്വാസവും പ്രതീക്ഷകളുമാണ് തന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി ചെയ്ത നേരത്തിലൂടെയാണ് താന്‍ സിനിമയിലേക്ക് എത്തുന്നതെന്നും പിന്നീട് പ്രേമം എന്ന ചിത്രത്തിലും ഇതേ കൂട്ടുകെട്ട് ആവര്‍ത്തിച്ചെന്നും നടന്‍ പറയുന്നു. ഒരുമിച്ച് സ്വപ്‌നം കണ്ട കൂട്ടുകാരാണ് തന്നെ സിനിമയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഭിനയിക്കാന്‍ ഉള്ളില്‍ മോഹമുണ്ടായിരുന്നെങ്കിലും ഒരു നടനാകാന്‍ പറ്റുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ എന്റെ സൗഹൃദക്കൂട്ടം പകര്‍ന്നുതന്ന ആത്മവിശ്വാസവും പ്രതീക്ഷകളും ഏറെയായിരുന്നു. സ്‌കൂള്‍ കാലം മുതലുള്ള സുഹൃത്തുക്കള്‍ ഏറ്റവും വലിയ കരുത്താണെന്നാണ് എന്റെ വിശ്വാസം. നിവിന്‍ പോളിയും സിജു വില്‍സണും അല്‍ഫോണ്‍സ് പുത്രനും ശബരീഷുമൊക്കെയായി ഒരുപാടു കൂട്ടുകാര്‍ എനിക്കുണ്ട്.

അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. പിന്നീട് പ്രേമം എന്ന സിനിമയിലും ഇതേ കൂട്ടുകെട്ട് തന്നെയായിരുന്നു. ഒരുമിച്ച് സ്വപ്നം കണ്ടവരും ഒരുമിച്ചു സഞ്ചരിച്ചവരുമായ കൂട്ടുകാര്‍ തന്നെയാണ് എന്നെ സിനിമയില്‍ ഇതുവരെയെത്തിച്ചത്,’ ഷറഫുദ്ദീന്‍ പറയുന്നു.

Content Highlight: Sharaf U Dheen talking about His Acting Career and Friendships

We use cookies to give you the best possible experience. Learn more