മുംബൈ: രണ്ടുവിഭാഗം എൻ.സി.പി കളുടെയും ലയന സാധ്യതയെകുറിച്ചുള്ള ചർച്ചകൾക്കിടയിൽ മോദിയെ പ്രശംസിച്ച് ശരത് പവാർ. മോദി രാജ്യത്തിന്റ പ്രതിഛായ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് ശരത് പവാറിന്റെ പ്രശംസ.
തങ്ങൾ രണ്ട് വ്യത്യസ്ത ആശയ ധാരയിലാണെങ്കിലും മോദി രാജ്യത്തിന് വേണ്ടിയും ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിഛായ സംരക്ഷിക്കുന്നതിന് വേണ്ടിയും പ്രയത്‌നിക്കുന്നുണ്ട് എന്നായിരുന്നു ശരത് പവാർ പറഞ്ഞത്.
‘രാജ്യത്തിന്റെ കാര്യം വരുമ്പോഴെല്ലാം, വ്യക്തിപരമായ താത്പര്യങ്ങളെക്കാളും രാഷ്ട്രീയ താത്പര്യങ്ങളെക്കാളും രാജ്യത്തിന്റെ താത്പര്യത്തിനാണ് പരമപ്രധാനമായ സ്ഥാനം. പ്രധാനമന്ത്രി മോദി ഇന്ത്യയുടെ താത്പര്യങ്ങളും പ്രതിഛായയും സംരക്ഷിക്കുക മാത്രമല്ല, അത് കൂടുതൽ ഉയർത്തുകയും ചെയ്യുന്നുണ്ടെന്ന് നമ്മൾ അംഗീകരിക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ പ്രതിച്ഛായ വളരെ പ്രധാനപ്പെട്ടതാണ്, രാജ്യത്തിന്റെ താത്പര്യങ്ങളുടെ കാര്യം വരുമ്പോൾ വ്യക്തി താത്പര്യങ്ങൾ അതിനിടയിൽ വരാൻ പാടില്ല. പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. അതിനാൽ നമ്മൾ അതിനെ വിമർശിക്കുകയോ രാഷ്ട്രീയവൽക്കരിക്കുകയോ ചെയ്യരുത്. രാജ്യം ഇപ്പോൾ കടന്നുപോകുന്നത് മറ്റൊരു ഘട്ടത്തിലൂടെയാണ്,’ ശരത് പവാർ പറഞ്ഞു.
മുമ്പ് ഇന്ദിരാ ഗാന്ധിയും നരസിംഹ റാവുവും മൻമോഹൻ സിങും രാജ്യ താത്പര്യങ്ങളെ പ്രാധാന്യത്തോടെ കാണുകയും അതിനുവേണ്ടി പ്രയത്നിച്ചവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘രാജ്യത്തിന്റെ താത്പര്യങ്ങൾക്കായി നമ്മൾ പ്രതിജ്ഞാബദ്ധരായിരിക്കണം നമ്മൾ ജനങ്ങൾക്കൊപ്പം നിൽക്കുകയും അവർക്കായി പ്രവർത്തിക്കുകയും വേണം. ഇങ്ങനെയുള്ള ആളുകൾ എപ്പോഴും ബഹുമാനിക്കപ്പെടും,’ ശരദ് പവാർ പറഞ്ഞു.
ശരത് പവാറിന്റെയും മഹാരാഷ്ട്രാ ഉപ മുഖ്യമന്ത്രി സുനേത്ര പവാറിന്റെയും നേതൃത്വത്തിലുള്ള രണ്ടുവിഭാഗം എൻ.സി.പി കളുടെയും ലയന ചർച്ചകൾക്കിടയിലാണ് ശരത് പവാറിന്റെ മോദി അനുകൂല പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ശരദ് പവാറിന്റെ അഭിപ്രായത്തോട് തങ്ങൾ യോജിക്കുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ദിരാഗാന്ധി, നരസിംഹറാവു, മൻമോഹൻ സിംഗ് എന്നിവരെല്ലാം എപ്പോഴും മാധ്യമങ്ങളോട് സംസാരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും, എന്നാൽ മോദി കഴിഞ്ഞ 12 വർഷമായി പത്രസമ്മേളനങ്ങളെ അഭിസംബോധന ചെയ്യാൻ വിസമ്മതിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Content Highlight: Sharad Pawar praises Modi for protecting country’s image amid possibility of alliance with NDA