ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ ഷങ്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. തെലുങ്കിലെ മുന്‍നിര താരമായ റാം ചരണാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡ് നടി കിയാരാ അദ്വാനിയാണ് ഗെയിം ചെയ്ഞ്ചറില്‍ നായികയായി എത്തിയത്. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ജനുവരി 10ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യ ദിനം മുതല്‍ നെഗറ്റീവ് റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോള്‍ ഗെയിം ചെയ്ഞ്ചറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷങ്കര്‍. ഗെയിം ചെയ്ഞ്ചറിന്റെ ഔട്ട്പുട്ടില്‍ താന്‍ പൂര്‍ണമായും തൃപ്തനല്ലെന്ന് ഷങ്കര്‍ പറയുന്നു. ആ സിനിമ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നും പല സീനുകളും സമയപരിമിതിമൂലം വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ഷങ്കര്‍.
‘ഗെയിം ചെയ്ഞ്ചറിന്റെ ഔട്ട്പുട്ടില്‍ ഞാന്‍ പൂര്‍ണമായും തൃപ്തനല്ല. ഞാന്‍ ആ സിനിമ കുറച്ചുകൂടെ നന്നായി ചെയ്യണമായിരുന്നു.
പല നല്ല സീനുകളും സമയപരിമിതി മൂലം വെട്ടിമാറ്റിയിട്ടുണ്ട്. സിനിമയുടെ മൊത്തം ദൈര്‍ഘ്യം അഞ്ച് മണിക്കൂറിലധികം ഉണ്ടായിരുന്നു.
ഒരു ശില്‍പം ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് തീര്‍ച്ചയായും കുറച്ച് ഭാഗങ്ങള്‍ ചെത്തിക്കളയേണ്ടതായി വരില്ലേ. അതുപോലെതന്നെയാണ് സിനിമയുടെ കാര്യവും,’ ഷങ്കര്‍ പറയുന്നു.
ദൈര്‍ഘ്യമേറിയ സിനിമകള്‍ എടുക്കുന്നതില്‍ പ്രശസ്തനാണ് ഷങ്കര്‍. അദ്ദേഹത്തിന്റെ മുന്‍ സംവിധാനമായ ഇന്ത്യന്‍ 2 ഷൂട്ടിന് ശേഷം രണ്ട് ഭാഗങ്ങളായി വിഭജിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ 2 കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോള്‍ ഇന്ത്യന്‍ 3 ഈ വര്‍ഷം അവസാനം റിലീസ് ചെയ്യും. 1996ലാണ് ഇന്ത്യന്റെ ആദ്യഭാഗം റിലീസ് ചെയ്തത്.
Content Highlight: Shankar says he is not completely satisfied with output of Game Changer movie