| Saturday, 14th March 2026, 3:25 pm

ഷങ്കറിന്റെ വഴിമുടക്കിയായി ഇന്ത്യന്‍, കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയില്‍ വേല്‍പ്പാരി

അമര്‍നാഥ് എം.

തമിഴ് സിനിമയുടെ റേഞ്ച് മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയ സംവിധായകനാണ് ഷങ്കര്‍. ആദ്യചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഷങ്കറെന്ന സംവിധായകന്റെ ക്രാഫ്റ്റ്‌സ്മാന്‍ഷിപ്പ് എന്താണെന്ന് കൃത്യമായി വരച്ചുകാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഷങ്കറിന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല.

വന്‍ ഹൈപ്പില്‍ പുറത്തിറക്കിയ രണ്ട് ചിത്രങ്ങളും വന്‍ പരാജയമാണ് നേരിട്ടത്. ഇന്ത്യന്‍ 2 ട്രോള്‍ മെറ്റീരിയലായപ്പോള്‍ ഗെയിം ചേഞ്ചര്‍ ബജറ്റിന്റെ പാതി പോലും നേടാനാകാതെ പരാജയമായി. ഈ രണ്ട് പ്രൊജക്ടുകള്‍ക്ക് ശേഷം തന്റെ ഡ്രീം പ്രൊജക്ടായ വേല്‍പ്പാരിയിലേക്ക് കടക്കുമെന്നായിരുന്നു ഷങ്കര്‍ അറിയിച്ചത്. വേല്‍പ്പാരിയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെങ്കിലും ഷൂട്ടിലേക്ക് കടക്കാനാകാതെ നില്‍ക്കുകയാണ് ഷങ്കര്‍.

നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ച ഇന്ത്യന്‍ 2വാണ് ഷങ്കറിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. ഇന്ത്യന്റെ മൂന്നാം ഭാഗത്തിന്റ ഷൂട്ട് പൂര്‍ത്തിയായെങ്കിലും പോസ്റ്റ് പ്രൊഡക്ഷനില്‍ കുറച്ച് ഭാഗം ഇനിയും ബാക്കിയാണ്. നിര്‍മാതാക്കള്‍ ഇന്ത്യന്‍ 3യുടെ കാര്യത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍ ലൈക്കയുടെ എന്‍.ഒ.സി ലഭിച്ചാല്‍ മാത്രമേ ഷങ്കറിന് അടുത്ത ചിത്രം സംവിധാനം ചെയ്യാനാകുള്ളൂ.

ഇന്ത്യന്‍ 2ന്റെ ഷൂട്ട് ഇടക്ക് മുടങ്ങിയതിനാല്‍ ഷങ്കര്‍ ആ സമയത്ത് ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടന്നിരുന്നു. പിന്നീട് ലൈക്ക തങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ത്തതിന് ശേഷം ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കാന്‍ ഷങ്കറിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യേണ്ട അവസ്ഥ വരികയും ചെയ്തു.

ഇന്ത്യന്‍ 3 പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഷങ്കര്‍ ഗെയിം ചേഞ്ചറിന്റെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നത് ലൈക്കയെ ചൊടിപ്പിക്കുകയും ചിത്രത്തിന്റെ റിലീസിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തു. ഗെയിം ചേഞ്ചറും പരാജയപ്പെട്ടതോടെ ഷങ്കറെന്ന ബ്രാന്‍ഡിന് ഇടിവ് സംഭവിക്കുകയായിരുന്നു. ഇപ്പോള്‍ വേല്‍പ്പാരിക്കും തടസം നേരിട്ടിരിക്കുകയാണ്.

സേനാപതിയുടെ രണ്ടാം വരവ് കമല്‍ ഹാസന്റെ ആരാധകര്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ചിത്രമാണ്. ഔട്ട്‌ഡേറ്റഡായ കഥയും മോശം മേക്കിങ്ങുമായിരുന്നു ചിത്രത്തെ ട്രോള്‍ മെറ്റീരിയലാക്കിയത്. മൂന്നാം ഭാഗം ഇനി ആവശ്യമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനിടയില്‍ വേല്‍പ്പാരി നേരിടുന്ന അനിശ്ചിതത്വമാണ് സിനിമാലോകത്തെ ചര്‍ച്ച.

ചിത്രം നിര്‍മിക്കാന്‍ ഒരു പ്രൊഡക്ഷന്‍ ഹൗസും മുന്നോട്ടുവരാത്തതും ലൈക്കയുടെ ഇടപെടല്‍ കാരണമാണ്. ചിത്രത്തിലെ നായകനായി ഷങ്കര്‍ സമീപിച്ചത് ധനുഷിനെയാണ്. രണ്ട് വര്‍ഷത്തെ ഡേറ്റാണ് ഷങ്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് സിനിമകള്‍ ലൈനപ്പിലുള്ളതിനാല്‍ ധനുഷ് ഡേറ്റ് നല്‍കുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ബോളിവുഡ് താരം വിക്കി കൗശലിനെയും സംവിധായകന്‍ സമീപിച്ചിട്ടുണ്ട്.

Content Highlight: Shankar’s dream project Velpari getting legal obstacles because of Indian 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more