രാജ്യത്തെ മികച്ച സിനിമയും ഫുഡും കേരളത്തില്‍ നിന്ന്; അവസരം ലഭിക്കാത്തത് കൊണ്ട് മലയാളത്തിലേക്കുള്ള വരവ് വൈകി: ശങ്കര്‍ മഹാദേവന്‍
Malayalam Cinema
രാജ്യത്തെ മികച്ച സിനിമയും ഫുഡും കേരളത്തില്‍ നിന്ന്; അവസരം ലഭിക്കാത്തത് കൊണ്ട് മലയാളത്തിലേക്കുള്ള വരവ് വൈകി: ശങ്കര്‍ മഹാദേവന്‍
ഐറിന്‍ മരിയ ആന്റണി
Friday, 16th January 2026, 11:13 pm

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അദ്വൈത് നായറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചത്ത പച്ച. ഡബ്ല്യൂ ഡബ്ല്യൂ ഇയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്.

ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 30 വര്‍ഷങ്ങള്‍ ഹിന്ദി സിനിമയില്‍ വര്‍ക്ക് ചെയ്ത ഞങ്ങളുടെ ആദ്യ മലയാള സിനിമയാണ് ചത്ത പച്ചയെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവം മികച്ച സിനിമകള്‍ ചെയ്തത് മലയാളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ചത്ത പച്ച/ Theatrical poster

‘ 30 വര്‍ഷം ഹിന്ദി സിനിമയില്‍ വര്‍ക്ക് ചെയ്ത ഞങ്ങളുടെ ആദ്യ മലയാള സിനിമയാണ് ചത്ത പച്ച. ഈ സിനിമയില് വര്‍ക്ക് ചെയ്തത് ഒരു മനോഹരമായ അനുഭവമായിരുന്നു. ഗാനരചയിതാവ് വിനയ് ശശികുമാര്‍ നിറഞ്ഞ കയ്യടി അര്‍ഹിക്കുന്നു. ഞങ്ങളെ സ്‌നേഹിച്ചതിനും അംഗീകരിച്ചതിനും നന്ദി. ഇത്തരമൊരു അവസരം മുമ്പ് ലഭിക്കാത്തത് കൊണ്ടാണ് മലയാളത്തിലേക്കുള്ള വരവ് വൈകിയത്.

മലയാള സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഒരു പ്രിവിലേജായി കാണുന്നു. ഞങ്ങളുടെ അഭിപ്രായത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ മലയാളത്തില്‍ നിന്നാണ് മികച്ച സിനിമകള്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഫുഡും കേരളത്തിലാണ്,’ ശങ്കര്‍ മഹാദേവന്‍ പറയുന്നു.

ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം എന്നത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്റുകള്‍ നേരത്തെ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. ചെറിയാാന്‍ എന്ന കഥാപാത്രമായാണ് വിശാഖ് നായര്‍ എത്തുന്നത്. സിനിമ ജനുവരി 22ന് തിയേറ്ററുകളിലെത്തും.

Content highlight:  Shankar Mahadevan talks about Chattha Pacha cinema and Malayalam cinema

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.