| Wednesday, 15th January 2025, 8:20 am

അടിക്കണം എന്ന് പറഞ്ഞപ്പോള്‍ ആ നടിക്ക് നല്ല അടി കൊടുത്തു, പിന്നീട് എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ് സംവിധാനം ചെയ്ത അന്‍വര്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് കടന്നുവന്ന നടനാണ് ഷെയ്ന്‍ നിഗം. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഷെയ്‌ന് സാധിച്ചു. മദ്രാസ്‌കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും ഷെയ്ന്‍ തന്റെ സാന്നിധ്യമറിയിച്ചു.

അന്നയും റസൂലും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷെയ്ന്‍ നിഗം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ആന്‍ഡ്രിയയായിരുന്നു നായിക. ചിത്രത്തില്‍ തന്റെ കഥാപാത്രം ആന്‍ഡ്രിയയുടെ കഥാപാത്രത്തെ തല്ലുന്ന സീന്‍ ഉണ്ടായിരുന്നെന്നും തനിക്ക് അന്ന് അത്തരം സീനുകള്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നെന്നും ഷെയ്ന്‍ പറഞ്ഞു.

ആക്ഷന്‍ പറഞ്ഞതും താന്‍ ആന്‍ഡ്രിയയെ ശരിക്ക് തല്ലിയെന്നും പിന്നീട് വലിച്ചിഴച്ച് കൊണ്ടുവരേണ്ട സീന്‍ ആയിരുന്നെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെയാണ് അത് ചെയ്യേണ്ടതെന്ന് അറിയാതെ താന്‍ ആന്‍ഡ്രിയയെ ശരിക്ക് വലിച്ചിഴച്ചെന്നും പിന്നീട് അതിനെപ്പറ്റി ആലോചിച്ചെന്നും ഷെയ്ന്‍ പറഞ്ഞു. സംവിധായകന്‍ കട്ട് പറഞ്ഞ ശേഷം ആന്‍ഡ്രിയയോട് അങ്ങനെ ചെയ്തതില്‍ തനിക്ക് നല്ല വിഷമം തോന്നിയെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രിയ ആ സീനിന് ശേഷം കരഞ്ഞുകാണുമെന്ന് തനിക്ക് തോന്നിയെന്നും അടുത്ത സീന്‍ ചെയ്യുന്ന സമയത്ത് തനിക്ക് അവരെ ഫേസ് ചെയ്യാന്‍ മടിയായിരുന്നെന്നും ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ ഒന്നും സംഭവിക്കാത്തതുപോലെയാണ് ആന്‍ഡ്രിയ അടുത്ത സീന്‍ ചെയ്തതെന്നും ഇന്നും ആ സംഭവം ഓര്‍ക്കുമ്പോള്‍ തനിക്ക് വിഷമമാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം.

‘അന്നയും റസൂലും സിനിമയില്‍ ആന്‍ഡ്രിയയുടെ ബ്രദറായിട്ടാണ് ഞാന്‍ അഭിനയിച്ചത്. ആ പടത്തില്‍ ഫഹദിന്റെ ക്യാരക്ടറിനെ പ്രേമിക്കുന്നത് അറിഞ്ഞിട്ട് ആന്‍ഡ്രിയയെ തല്ലുന്ന ഒരു സീനുണ്ട്. തല്ലിയിട്ട് വലിച്ചിഴച്ച് കൊണ്ടുവരണം. എങ്ങനെയാണ് അത് ചെയ്യേണ്ടതെന്നൊന്നും എന്നോട് പറഞ്ഞില്ല. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞതും ഞാന്‍ ശരിക്ക് തല്ലി. എന്നിട്ട് വലിച്ചിഴച്ചു. ഡയറക്ടര്‍ കട്ട് പറഞ്ഞപ്പോഴാണ് ഞാന്‍ എന്താണ് ചെയ്തതെന്ന് ആലോചിച്ചത്.

ആ അടി അവര്‍ക്ക് ശരിക്ക് കൊണ്ടെന്നും നല്ലവണ്ണം വേദനിച്ചെന്നും എനിക്ക് മനസിലായി. ഞാന്‍ മാറിനിന്നിട്ട് അവരുടെ അവസ്ഥയെപ്പറ്റി ആലോചിച്ചു. അടുത്ത സീന്‍ എടുക്കുന്ന സമയത്ത് അവര്‍ ഒന്നും മുഖത്ത് കാണിച്ചില്ല. പക്ഷേ അവര്‍ക്ക് വേദനിച്ചെന്ന് എനിക്ക് മനസിലായി. അത് ഇപ്പോള്‍ ആലോചിച്ചാലും എനിക്ക് വിഷമമാകും,’ ഷെയ്ന്‍ നിഗം പറഞ്ഞു.

Content Highlight: Shane Nigam shares the shooting memories of Annayum Rasoolum movie

We use cookies to give you the best possible experience. Learn more