കഥയും സാഹിത്യവും മാത്രം നോക്കി വേഷം തെരഞ്ഞെടുത്താല്‍ അതിലെ ക്രൂ നന്നാകണമെന്നില്ല: ഷെയ്ന്‍ നിഗം
Malayalam Cinema
കഥയും സാഹിത്യവും മാത്രം നോക്കി വേഷം തെരഞ്ഞെടുത്താല്‍ അതിലെ ക്രൂ നന്നാകണമെന്നില്ല: ഷെയ്ന്‍ നിഗം
ഐറിന്‍ മരിയ ആന്റണി
Sunday, 4th January 2026, 8:30 pm

കഥയും സാഹിത്യവും മാത്രം നോക്കി വേഷം തെരഞ്ഞെടുത്താല്‍ ചിലപ്പോള്‍ അതിലെ ക്രൂ നന്നാകണമെന്നില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. മാധ്യമം ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഘടകങ്ങളും ചേര്‍ന്നാല്‍ മാത്രമേ സിനിമ വിജയിക്കുകയുള്ളൂവെന്നും എന്നാല്‍, എല്ലാ ഘടകങ്ങളും ചേര്‍ന്ന് ഒരു സിനിമ ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷെയ്ന്‍ നിഗം Photo: Fb.com

‘എവിടെയെങ്കിലും ഒക്കെ ഒരു കുറവ് എല്ലാ സിനിമകളിലും ഉണ്ടാകും. അതിന് സഹജ വാസനയില്‍ വിശ്വസിക്കുക എന്ന് മാത്രമേ മാര്‍ഗമുള്ളൂ. ഈ കഥ കുഴപ്പമില്ല, ഇവരുടെ കൂടെ നമുക്ക് ചെയ്തു നോക്കാം എന്നൊരു തോന്നല്‍ ഉണ്ടാകുമ്പോള്‍ ചെയ്യുകയാണ്. എല്ലാം തികഞ്ഞ അളന്നുമുറിച്ച ഒരു റോള്‍ ഉ ണ്ടാകണമെന്നില്ല.

അവാര്‍ഡുകളല്ല. സിനിമ പ്രേക്ഷകന് ഇഷ്ടപ്പെടുക എന്നതാണ് എന്റെ ലക്ഷ്യം. ജനം ഇഷ്ടപ്പെട്ടാല്‍ സിനിമ സ്വാഭാവികമായി വിജയിച്ചുകൊള്ളും. അവര്‍ക്ക് രണ്ടു മണിക്കൂറോളം സംതൃപ്തി നല്‍കാന്‍ കഴിഞ്ഞാല്‍ എനിക്കും സംതൃപ്തിയാകും. അല്ലെങ്കില്‍ സങ്കടമാകും. അത് ഒന്നുകൂടി കറക്ട് ചെയ്യാമായിരുന്നു എന്ന തോന്നലുണ്ടാകും,’ ഷെയന്‍ നിഗം പറയുന്നു.

ഒരു അഭിനേതാവ് എന്ന രീതിയില്‍ ഒരുപാട് പരിമിതികള്‍ തനിക്കുണ്ടെന്നും ഒരു സിനിമ ചെ യ്യുമ്പോള്‍ അതില്‍ കയറിയിട്ട് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്ന് പറയാനുള്ള സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തന്റെ ഹാല്‍ എന്ന സിനിമയെ കുറിച്ചും ഷെയ്ന്‍ നിഗം സംസാരിച്ചു. ഹാല്‍ കംപ്ലീറ്റ് ഒരു ലവ് സ്റ്റോറി ആണെന്നും ആസിഫ് കടലുണ്ടി എന്ന വളരുന്ന ഒരു റാപ്പ് ഗായകനാണ് ഹാലിലെ തന്റെ കഥാപാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയാളുടെ നിലപാടുകളും അയാളുടെ പാട്ടുകളുമൊക്കെയാണ് സിനിമ പറയുന്നതെന്നും ഈ സിനിമക്കൊരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ നിഗമിനെ നായകനാക്കി റഫീഖ് വീര സംവിധാനം ചെയ്ത് ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഹാല്‍. റിലീസിന് മുമ്പായി സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പെട്ട സിനിമയായിരുന്നു ഹാല്‍. ചിത്രത്തില്‍ നിന്ന് ചില ഡയലോഗുകളും രംഗങ്ങളും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായിരുന്നു.

Content highlight: Shane Nigam says that if you choose a role based solely on the story and literature, sometimes the crew may not be good enough

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.