മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ തൻ്റേതായ സ്ഥാനമുറപ്പിച്ച താരമാണ് ഷമ്മി തിലകൻ. 1986ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ഇരകൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്കുള്ള ആദ്യ ചുവടുവെച്ചത്. തുടർന്നുള്ള വർഷങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഷമ്മി , മോഹൻലാൽ നായകനായ പ്രജയിലെ വില്ലൻ വേഷത്തിലൂടെയാണ് കൂടുതൽ ശ്രദ്ധേയനായത്.
വില്ലൻ, കോമഡി, ക്യാരക്ടർ റോളുകൾ എന്ത് തന്നെയായാലും അതിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുന്ന നടനെന്നതാണ് ഷമ്മിയുടെ പ്രത്യേകത. കൂടാതെ ഡബ്ബിങ് രംഗത്തും സജീവമായ അദ്ദേഹം, ശബ്ദത്തിലൂടെയും കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ‘കസ്തൂരിമാൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ തുറന്നുപറച്ചിലാണ്. ആദ്യം ചെറിയൊരു ഗസ്റ്റ് റോളിനായി ചിത്രത്തിലേക്ക് എത്തിയതാണെങ്കിലും, പിന്നീട് വില്ലൻ കഥാപാത്രമായി മാറിയ അനുഭവമാണ് താരം പങ്കുവെച്ചത്.
‘കസ്തൂരിമാനിൽ ഞാനൊരു പൊലീസുകാരനാണ്. അതുകൊണ്ട് അതിൻറെതായ ഒരു കണ്ട്രോൾ ആ കഥാപാത്രത്തിന് ഉണ്ട്. ഒരു വില്ലത്തരമുള്ള പൊലീസ് കഥാപാത്രമാണ്, അല്ലാതെ ഒരു നന്മ നിറഞ്ഞ പൊലീസ് ഓഫീസർ അല്ല. ഈ ക്യാരക്ടർ ആ പടത്തിൽ അത്രയും ഉണ്ടായിരുന്നില്ല. ഒരു ഫസ്റ്റ് ഹാഫ് വരെ അതൊരു കാമ്പസ് സ്റ്റോറിയാണ് സെക്കൻഡ് ഹാഫ് മൊത്തം വേറെ സിനിമയാണ്.
എന്നോട് ഇതിൽ ആകെ ഒരു രണ്ട് സീൻ ചെയ്യണം, ഒരു ഗസ്റ്റ് റോളായി വരണം എന്നാണ് പറഞ്ഞത്. മീരയുടെ ഫ്ലാഷ്ബാക്ക് പറയുമ്പോൾ അതിൽ ഒരു രണ്ട് സീനുണ്ട് അവൾ ചാക്കോച്ചനോട് കഥ പറയുമ്പോൾ കാണിക്കുന്ന ഒരു സീൻ ആണെന്ന് പറഞ്ഞു. ആ ഒരു രണ്ട് സീൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്.
അങ്ങനെ രണ്ട് ദിവസം കൊണ്ട് രണ്ട് സീൻ എടുത്തു. സെക്കൻഡ് ഡേ ഞാൻ പോരാൻ നേരത്ത് എന്നോട് പറഞ്ഞു, ‘ചിലപ്പോൾ നീ ഒന്നുകൂടി വരേണ്ടി വരും അങ്ങനെ വരുകയാണെങ്കിൽ ഒരു അഞ്ചാറ് ദിവസം കൂടി നിൽക്കേണ്ടി വരും’ എന്ന്. അങ്ങനെയാണ് ആ കഥാപാത്രം ഉണ്ടായത്.’ ഷമ്മി പറഞ്ഞു.
Content Highlight: Shammi thilakan talk about the character in Kasthooriman movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.