ഷമ്മി ഹീറോയാടാ.... ഹീറോ
Malayalam Cinema
ഷമ്മി ഹീറോയാടാ.... ഹീറോ
അമര്‍നാഥ് എം.
Friday, 21st November 2025, 6:07 pm

2020ല്‍ ജി.ആര്‍. ഇന്ദുഗോപന്‍ രചിച്ച് പുറത്തിറങ്ങിയ നോവലാണ് വിലായത്ത് ബുദ്ധ. പിന്നീട് സച്ചി ഈ നോവല്‍ സിനിമയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചെന്നുമുള്ള വാര്‍ത്ത വന്നപ്പോള്‍ നോവലിന് ആവശ്യക്കാര്‍ കൂടി. നോവല്‍ വായിച്ചവരെല്ലാം ഒരുപോലെ ചോദിച്ച ചോദ്യമായിരുന്നു ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ ആരാകും അവതരിപ്പിക്കുക എന്നത്.

 

സച്ചിയുടെ വിയോഗത്തിന് ശേഷം ജയന്‍ നമ്പ്യാര്‍ വിലായത്ത് ബുദ്ധയുടെ സംവിധാന ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഭാസ്‌കരനായി വേഷമിടുന്ന നടനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളത്തില്‍ നിറസാന്നിധ്യമായി നില്ക്കുന്ന ഷമ്മി തിലകന്‍ വിലായത്ത് ബുദ്ധയില്‍ നിറഞ്ഞാടി. സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് ഷമ്മി തിലകന്‍ തന്നെയാണ്.

സിനിമ തുടങ്ങി ആദ്യത്ത അരമണിക്കൂര്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്. തുടക്കത്തിലെ സീനില്‍ തന്നെ ഷമ്മി തിലകന്‍ പ്രേക്ഷകരുടെ കൈയടി സ്വന്തമാക്കുന്നുണ്ട്. മാസ് സീനില്‍ നിന്ന് പിന്നീട് ക്ലാസ് ആക്ടിങ്ങിലേക്കുള്ള ഷമ്മി തിലകന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ അപാരമായിരുന്നു. അപാര സ്‌ക്രീന്‍ പ്രസന്‍സും അതിന്റെ മേലെ നില്‍ക്കുന്ന ഡയലോഗ് ഡെലിവറിയും ഗംഭീരമായി.

നാട്ടുകാര്‍ തനിക്ക് ചാര്‍ത്തിത്തന്ന ദുര്‍ഗന്ധമുള്ള പേര് മാറ്റാന്‍ തന്റെ മൃതദേഹം ചന്ദനത്തില്‍ വെച്ച് കത്തിക്കണമെന്ന് പറയുന്ന രംഗമെല്ലാം വേറെ ലെവലായിരുന്നു. ഗാംഭീര്യമുള്ള രാഷ്ട്രീയ നേതാവില്‍ നിന്ന് നിസഹായനായ സാധാരണക്കാരനിലേക്ക് കഥാപാത്രത്തെ മാറ്റാന്‍ ഷമ്മി തിലകന് നിഷ്പ്രയാസം സാധിച്ചെന്ന് പറയാം.

ചിത്രത്തിന്റെ കൊമേഴ്‌സ്യല്‍ ഘടകങ്ങള്‍ക്ക് വേണ്ടി നോവലില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ഡബിള്‍ മോഹനന് പ്രാധാന്യം നല്കിയതും സിനിമയുടെ ന്യൂനതയായി കണക്കാക്കുന്നുണ്ടെങ്കിലും ഷമ്മി തിലകന്റെ പെര്‍ഫോമന്‍സ് അതിനെയെല്ലാം നിഷ്പ്രഭമാക്കി. ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള പെര്‍ഫോമന്‍സ് വിവരിക്കാന്‍ വാക്കുകളില്ല.

പ്രായമായ ഗെറ്റപ്പില്‍ ഷമ്മി തിലകന്‍ സ്‌ക്രീനിലെത്തിയപ്പോള്‍ സാക്ഷാല്‍ തിലകനെയായിരുന്നു ഓര്‍മ വന്നത്. തിലകന്‍ എന്ന അഭിനയ കുലപതിയുടെ അതേ റേഞ്ച് തന്നിലുമുണ്ടെന്ന് വിലായത്ത് ബുദ്ധയിലൂടെ ഷമ്മി തിലകന്‍ തെളിയിച്ചു. മലയാള സിനിമ പലപ്പോഴും വേണ്ടതുപോലെ ഉപയോഗിക്കാത്ത ആക്ടിങ് വോള്‍ക്കാനോയാണ് ഷമ്മി തിലകനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

കൊടൂര വില്ലനിസമായാലും പക്കാ കോമഡിയായാലും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പ്രജയിലെ ബലരാമനും നേരത്തിലെ ടിന്റുവുമെല്ലാം അതിന്റെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം. നല്ല സംവിധായകര്‍ കൃത്യമായി ഉപയോഗിച്ചാല്‍ ഭാസ്‌കരനെപ്പോലെ ഒരുപാട് മികച്ച പെര്‍ഫോമന്‍സുകള്‍ സിനിമാപ്രേമികള്‍ക്ക് ലഭിക്കും.

പൃഥ്വിരാജ് എന്ന സ്റ്റാറിന് വേണ്ടിയും കൊമേഴ്‌സ്യല്‍ എലമെന്റുകള്‍ക്ക് വേണ്ടിയും ഡബിള്‍ മോഹനന് കുറച്ചധികം പ്രാധാന്യം സിനിമയില്‍ നല്കിയെങ്കിലും പടം കണ്ടുകഴിയുമ്പോള്‍ ഷമ്മി തന്നെയാണ് യഥാര്‍ത്ഥ ഹീറോയെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്ന് ഉറപ്പാണ്.

Content Highlight: Shammi Thilakan’s performance in Vilayath Budha movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം