ഇന്നേവരെ ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും എന്റെ മക്കള്‍ കണ്ടിട്ടില്ല, ഒന്നെങ്കിലും കാണുമോ എന്ന് ഞാന്‍ ചോദിക്കാറുണ്ട്: ശാലിനി
Indian Cinema
ഇന്നേവരെ ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും എന്റെ മക്കള്‍ കണ്ടിട്ടില്ല, ഒന്നെങ്കിലും കാണുമോ എന്ന് ഞാന്‍ ചോദിക്കാറുണ്ട്: ശാലിനി
അമര്‍നാഥ് എം.
Sunday, 22nd February 2026, 7:22 pm

സൗത്ത് ഇന്ത്യയില്‍ ഒരുകാലത്ത് സെന്‍സേഷനായി നിന്ന നടിയായിരുന്നു ശാലിനി. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന ശാലിനി അനിയത്തിപ്രാവിലൂടെയാണ് നായികയായി അരങ്ങേറിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും വലിയൊരു ഫാന്‍ബേസ് ശാലിനി സൃഷ്ടിച്ചു. തമിഴിലെ സൂപ്പര്‍താരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് താരം വിട്ടുനിന്നു.

സിനിമാലോകത്ത് നിന്ന് വിട്ടുനിന്ന് ശാലിനി മാധ്യമങ്ങളുടെ മുന്നിലും അധികം പ്രത്യക്ഷപ്പെടാറില്ലായിരുന്നു. അജിത് കുമാര്‍ സ്വന്തമായി റേസിങ് ടീം ആരംഭിച്ച ശേഷം ശാലിനി ഇടക്കിടെ റേസിങ് സര്‍ക്യൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന ജെ.എഫ്.ഡബ്ല്യൂ ബിന്‍ജ് അവാര്‍ഡ് ഷോയ്ക്കിടെ താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി.

ശാലിനി Photo: Screen grab/ JFW Binge

അജിത് കുമാറിനെക്കുറിച്ച് ശാലിനി വാതോരാതെ സംസാരിച്ചു. റേസിങ്ങിനും സിനിമക്കുമൊപ്പം പാചകവും അജിത്തിന് ഒരുപാട് ഇഷ്ടമാണെന്ന് താരം പറഞ്ഞു. റേസിലേക്ക് പോവുക എന്നത് അജിത്തിന്റെ ഒരുപാട് കാലമായുള്ള ആഗ്രഹമാണെന്നും അത് ഇപ്പോള്‍ സാധിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛന്റെ പാത പിന്തുടര്‍ന്ന് തങ്ങളുടെ മകന്‍ സ്‌പോര്‍ട്‌സിലേക്ക് കടന്നെന്നും ഫുട്‌ബോളാണ് മകന് ഇഷ്ടമെന്നും ശാലിനി പറയുന്നു.

‘ഞാനും അജിത്തും സിനിമയിലുണ്ടെങ്കിലും എന്റെ സിനിമയൊന്നും മകള്‍ ഇതുവരെ കണ്ടിട്ടില്ല. അവരോട് ഞാന്‍ കെഞ്ചി ചോദിക്കാറുണ്ട് ‘എന്റെ ഒരു സിനിമയെങ്കിലും കാണുമോ’ എന്ന്. എന്റെ സിനിമകളൊന്നും അവര്‍ കണ്ടിട്ടേയില്ല. ഈയടുത്ത് എന്റെ മകള്‍ അലൈപായുതേ കാണാന്‍ പ്ലാനുണ്ടെന്ന് പറഞ്ഞിരുന്നു. എന്റെ കൂടെ കാണണമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, അത് ഇതുവരെ നടന്നില്ല.

ഇന്ന് ഈ പരിപാടിക്ക് വരുന്നതിന് മുമ്പ് ഈ ഇവന്റിനെക്കുറിച്ച് മകനോട് സംസാരിച്ചിരുന്നു. എന്റെ പ്ലാന്‍ എന്തൊക്കെയാണെന്ന് അവനോട് ഡിസ്‌കസ് ചെയ്തു. അവന് ഇതൊക്കെ വലിയ ഇഷ്ടമാണ്. അവാര്‍ഡ് കൊടുക്കാനാണ് പോകുന്നതെന്ന് പറഞ്ഞപ്പോള്‍ അവന് സന്തോഷമായി. അവന്റെ ഫ്രണ്ട്‌സിനോട് ഇതിനെക്കുറിച്ച് വലിയ അഭിമാനത്തോടെ സംസാരിക്കുകയും ചെയ്തു. പക്ഷേ, എന്റെ സിനിമ കാണുന്ന കാര്യത്തില്‍ ഇപ്പോഴും അവന് സംശയമാണ്,’ ശാലിനി പറയുന്നു.

ബെസവാഡ ബെബ്ബുലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശാലിനി ബാലതാരമായി അരങ്ങേറിയത്. എന്റെ മാമാട്ടുകുട്ടിയമ്മക്ക്, ആ രാത്രി, രാജാ ചിന്ന റോജ തുടങ്ങിയ ചിത്രങ്ങളിലൂടെ ശാലിനി ശ്രദ്ധ നേടി. നായികയായി ചുരുക്കം സിനിമകളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇന്നും ശാലിനിക്ക് സ്ഥാനമുണ്ട്.

Content Highlight: Shalini’s speech in Award Function viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം