ഷാക്കിബ് അല്‍ ഹസന് ഒന്നരവര്‍ഷം വിലക്ക്? ബഹിഷ്‌കരണവും വാതുവെപ്പും പ്രശ്‌നമാകുന്നു; ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം വീണ്ടും വിവാദത്തില്‍
Cricket
ഷാക്കിബ് അല്‍ ഹസന് ഒന്നരവര്‍ഷം വിലക്ക്? ബഹിഷ്‌കരണവും വാതുവെപ്പും പ്രശ്‌നമാകുന്നു; ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം വീണ്ടും വിവാദത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th October 2019, 3:05 pm

ധാക്ക: ഇന്ത്യക്കെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള പരിശീലനം ബഹിഷ്‌കരിച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ഐ.സി.സി നിര്‍ദ്ദേശപ്രകാരമുള്ള പരിശീലനം ബഹിഷ്‌കരിച്ചത് ഷാക്കിബിന് വിലക്കേര്‍പ്പെടുത്താന്‍ കാരണമായേക്കും.

18 മാസമാണ് വിലക്കിന്റെ കാലാവധിയുണ്ടാവുക. പരിശീലനത്തില്‍ മാത്രമല്ല, പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐ.സി.സി പ്രസിഡന്റ് തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈകി പങ്കെടുത്തതും വിലക്കിനു കാരണമാകും.

രണ്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഷാക്കിബിനു വാതുവെപ്പുകാരന്റെ ഓഫര്‍ ലഭിച്ചിരുന്നെന്നും അക്കാര്യം ഐ.സി.സിയുടെ അഴിമതിവിരുദ്ധ-സുരക്ഷാ യൂണിറ്റിനെ അറിയിച്ചിരുന്നില്ലെന്നുമുള്ള കാര്യം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായതും തിരിച്ചടിയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബംഗാളി ദിനപത്രമായ ‘സമകാല്‍’ ആണ് ഇക്കാര്യം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത് ചര്‍ച്ചാവിഷയമാക്കിയത്.

നേരത്തേ മിര്‍പുരില്‍ നടന്ന പരിശീലന മത്സരം ഷാക്കിബ് ഒഴിവാക്കിയതോടെ ഇന്ത്യന്‍ പര്യടനത്തിന് അദ്ദേഹം ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരാന്‍ കാരണമായിരുന്നു. ബുധനാഴ്ചയാണ് ടീം ഇന്ത്യയിലേക്കു തിരിക്കുന്നത്.

ഷാക്കിബ് ഇല്ലെങ്കില്‍?

ട്വന്റി20, ടെസ്റ്റ് ക്യാപ്റ്റനായ ഷാക്കിബ് കളിച്ചില്ലെങ്കില്‍ പിന്നെ ടീമിലെ ഏറ്റവും മുതിര്‍ന്ന താരമായ മുഷ്ഫിഖുര്‍ റഹിമാകും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുക. പക്ഷേ ഇത് ടെസ്റ്റ് ടീമില്‍ മാത്രമാകും. ട്വന്റി20 പരമ്പരയ്ക്ക് സാധ്യത മഹ്മദുള്ളയ്‌ക്കോ മൊസാദെക് ഹൊസ്സൈനോ ആകും.

തുടക്കം ഇവിടെനിന്ന്

നേരത്തേ ബംഗ്ലാദേശ് ടീം ഇന്ത്യന്‍ പര്യടനം ബഹിഷ്‌കരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തങ്ങളുയര്‍ത്തിയിരിക്കുന്ന 11 ആവശ്യങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തികളിലും പങ്കെടുക്കില്ലെന്ന് ടീം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് സമവായത്തിലെത്തുകയായിരുന്നു. ഷാക്കിബിന്റെ നേതൃത്വത്തിലാണ് ടീം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

പിന്നീട് ഇന്ത്യയുമായി ഒരു ഡേ-നൈറ്റ് ടെസ്റ്റ് (പിങ്ക് ബോള്‍ ടെസ്റ്റ്) കളിക്കാനുള്ള ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചതും പ്രശ്‌നമായിരുന്നു.

ഇക്കാര്യം ടീമംഗങ്ങളെ പറഞ്ഞു മനസ്സിലാക്കാനും അവരുടെ സമ്മതം വാങ്ങാനും ചേര്‍ന്ന യോഗത്തിലും ചില പ്രശ്‌നങ്ങളുണ്ടായി. അതിലാണ് ഷാക്കിബ് വൈകി പങ്കെടുത്ത് വിവാദമായത്.