| Wednesday, 7th May 2025, 10:32 pm

മേക്കപ്പില്ലാതെ വന്നതുകൊണ്ട് ആ ബോളിവുഡ് നടിയെ എനിക്ക് മനസിലായില്ല, വൈഫിന് ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് ആരാണെന്ന് അറിഞ്ഞത്: ഷാജു ശ്രീധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ഷാജു ശ്രീധര്‍. ആദ്യകാലങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ഷാജു പിന്നീട് സീരിയല്‍ രംഗത്തും ഒരുപാട് കാലം നിറഞ്ഞുനിന്നു. വീണ്ടും സിനിമയില്‍ സജീവമായി മാറിയ താരം ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് പിന്നീട് തെളിയിച്ചു. അയ്യപ്പനും കോശിയിലെ സി.പി.ഓ വേഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

പരസ്യചിത്രങ്ങളിലും ഷാജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുയാണ് ഷാജു ശ്രീധര്‍. ആ പരസ്യത്തില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നെന്നും വലിയൊരു സെറ്റായിരുന്നു അതെന്നും ഷാജു ശ്രീധര്‍ പറഞ്ഞു. ആരൊക്കെയുണ്ടെന്ന് തന്റെ പങ്കാളി വിളിച്ചുചോദിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരു നടിയും ഉണ്ടെന്ന് പറഞ്ഞെന്നും അതാരാണെന്ന് തനിക്ക് മനസിലായില്ലെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ ചോദിച്ചപ്പോള്‍ താന്‍ അയച്ചുകൊടുത്തെന്നും അത് കത്രീന കൈഫാണെന്ന് അപ്പോഴാണ് താന്‍ അറിഞ്ഞതെന്നും ഷാജു ശ്രീധര്‍ പറഞ്ഞു. മേക്കപ്പൊന്നും ഇടാതെയാണ് കത്രീന സെറ്റിലേക്ക് വന്നതെന്നും അതുകൊണ്ടാണ് തനിക്ക് മനസിലാകാതിരുന്നതെന്നും ഷാജു പറയുന്നു. മേക്കപ്പിന് വരെ വലിയ ആര്‍ട്ടിസ്റ്റുകളാണ് വന്നതെന്നും അവരില്‍ ഒരാളാകും കത്രീനയെന്ന് താന്‍ കരുതിയെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

സെറ്റില്‍ എല്ലാവരും വലിയ ജോളിയായിരുന്നെന്നും ഷൂട്ടിന് ശേഷം എല്ലാവരും നല്ല കളിയും ചിരിയുമായിരുന്നെന്നും ഷാജു ശ്രീധര്‍ പറഞ്ഞു. രാത്രിയിലെ പരിപാടിയില്‍ അമിതാഭ് ബച്ചനും ജയ ബച്ചനും അദ്ദേഹത്തിന്റെ പഴയ പാട്ടിന് ഡാന്‍സ് ചെയ്‌തെന്നും അതെല്ലാം കാണാന്‍ നല്ല രസമായിരുന്നെന്നും ഷാജു ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാജു ശ്രീധര്‍.

‘ബച്ചന്‍ സാറുമായിട്ടുള്ള പരസ്യം വലിയൊരു അനുഭവമായിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അവിടെയുണ്ടായിരുന്നു. വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് വൈഫ് ചോദിച്ചു. ‘ഇവിടെ ബച്ചന്‍ സാറുണ്ട്, ജയ ബച്ചനുണ്ട്, മഞ്ജു വാര്യറുണ്ട്, പിന്നെ വേറെ ഏതോ നടിയും ഉണ്ട്’ എന്ന് പറഞ്ഞു. അവരുടെ ഫോട്ടോ അയക്കാന്‍ പറഞ്ഞപ്പോള്‍ അയച്ചുകൊടുത്തു.

വൈഫ് പറഞ്ഞപ്പോഴാണ് അറിഞ്ഞത്, ആ നടി കത്രീന കൈഫാണെന്ന്. മേക്കപ്പില്ലാത്തതുകൊണ്ട് എനിക്ക് മനസിലായില്ല. ആ സെറ്റില്‍ മേക്കപ്പിന് വരെ വലിയ ആള്‍ക്കാരായിരുന്നു. അവരുടെ കൂടെയുള്ള ആളാണെന്ന് ഞാന്‍ വിചാരിച്ചു. ആ സെറ്റില്‍ എല്ലാവരും വലിയ ജോളിയായിരുന്നു. രാത്രി പാട്ടൊത്തെ ഇട്ട് ഡാന്‍സ് ഉണ്ടായിരുന്നു. ബച്ചന്‍ സാറും ജയ ബച്ചനും ഒക്കെ ഡാന്‍സ് കളിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു,’ ഷാജു ശ്രീധര്‍ പറഞ്ഞു.

Content Highlight: Shaju Sreedhar shares the experience of Ad Film shoot with Amitabh Bachchan and Katrina Kaif

We use cookies to give you the best possible experience. Learn more