| Monday, 5th May 2025, 8:01 am

ഒരു സിംഹം വരുന്നതുപോലെയാണ് അദ്ദേഹം സെറ്റിലേക്ക് വരുന്നത്, ക്യാമറ ക്ലിക്കാകുന്ന ശബ്ദം ആ നടന് തീരെ ഇഷ്ടമല്ല: ഷാജു ശ്രീധര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ഷാജു ശ്രീധര്‍. ആദ്യകാലങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ഷാജു പിന്നീട് സീരിയല്‍ രംഗത്തും ഒരുപാട് കാലം നിറഞ്ഞുനിന്നു. വീണ്ടും സിനിമയില്‍ സജീവമായി മാറിയ താരം ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് പിന്നീട് തെളിയിച്ചു. അയ്യപ്പനും കോശിയിലെ സി.പി.ഓ വേഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

ബോളിവുഡ് താരം അമിതാഭ് ബച്ചനോടൊപ്പം പരസ്യചിത്രം ഷൂട്ട് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഷാജു ശ്രീധര്‍. അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നെന്ന് ഷാജു ശ്രീധര്‍ പറഞ്ഞു. സുഹൃത്ത് തന്ന ഉപദേശമാണ് തനിക്ക് ഊര്‍ജം നല്‍കിയതെന്നും കിട്ടിയ ചാന്‍സ് മുതലാക്കാന്‍ തീരുമാനിച്ചെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ആ പരസ്യത്തില്‍ മഞ്ജു വാര്യറും ഉണ്ടായിരുന്നെന്നും സെറ്റില്‍ തന്നെ സപ്പോര്‍ട്ട് ചെയ്തത് മഞ്ജുവായിരുന്നെന്നും ഷാജു പറയുന്നു. അമിതാഭ് ബച്ചന്‍ സെറ്റിലേക്ക് വരുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണെന്നും മേക്കപ്പിന് മാത്രമേ അദ്ദേഹം കാരവന്‍ ഉപയോഗിക്കുള്ളൂവെന്നും ഷാജു ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. ബാക്കി സമയം മുഴുവന്‍ സെറ്റില്‍ കസേരയുമിട്ട് ഇരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഷാജു പറഞ്ഞു.

അദ്ദേഹത്തിന് വരുന്ന മെസ്സേജുകള്‍ക്ക് അദ്ദേഹം തന്നെയാണ് മറുപടി നല്‍കാറുള്ളതെന്നും ഓരോ കാര്യത്തെപ്പറ്റിയും അദ്ദേഹം തന്നെയാണ് പോസ്റ്റ് ഇടാറുള്ളതെന്നും ഷാജു ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. ഫോട്ടോ എടുക്കുന്ന സമയത്ത് ക്യാമറ ക്ലിക്കാകുന്ന ശബ്ദം അമിതാഭ് ബച്ചന് ഇഷ്ടമല്ലെന്നും ആ സമയത്ത് പഴയ പാട്ടുകള്‍ കേട്ടാണ് ഫോട്ടോക്ക് പോസ് ചെയ്യാറുള്ളതെന്നും ഷാജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാജു ശ്രീധര്‍.

‘അമിതാഭ് ബച്ചന്‍ സാറിന്റെ കൂടെ അഭിനയിക്കാനായത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. ആ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ മൊത്തം ബ്ലാങ്കായിരുന്നു. എന്റെ ഒരു ഫ്രണ്ടാണ് മോട്ടിവേറ്റ് ചെയ്തത്. കിട്ടിയ അവസരം മുതലാക്കണമെന്ന് തീരുമാനിച്ച് ആ പരസ്യം ചെയ്തു. ആ സെറ്റില്‍ മഞ്ജു വാര്യറുമുണ്ടായിരുന്നു. ബച്ചന്‍ സാര്‍ സെറ്റിലേക്ക് വരുന്നത് കാണാന്‍ തന്നെ നല്ല രസമാണ്. ഒരു സിംഹം വരുന്നതുപോലെയാണ് നമുക്ക് തോന്നുക.

മേക്കപ്പിടാന്‍ മാത്രമേ അദ്ദേഹം കാരവന്‍ ഉപയോഗിക്കുള്ളൂ. ബാക്കി സമയം സെറ്റില്‍ ഒരു കസേരയുമിട്ട് ഇരിക്കും. ഫോണില്‍ അദ്ദേഹത്തിന് വരുന്ന മെസ്സേജുകള്‍ക്ക് അദ്ദേഹം തന്നെയാണ് മറുപടി നല്‍കാറുള്ളത്. ഓരോ കാര്യത്തെക്കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റിടും. ക്യാമറ ക്ലിക്കാകുമ്പോഴുള്ള ശബ്ദം അദ്ദേഹത്തിന് തീരെ ഇഷ്ടമല്ല. ആ സമയത്ത് ബച്ചന്‍ സാറിന്റ പഴയ പാട്ടുകള്‍ പ്ലേ ചെയ്യും. നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്,’ ഷാജു ശ്രീധര്‍ പറഞ്ഞു.

Content Highlight: Shaju Sreedhar about Amitabh Bachchan’s behavior in sets

Latest Stories

We use cookies to give you the best possible experience. Learn more