| Friday, 24th January 2025, 4:19 pm

ലാലേട്ടൻ ചെയ്യാമെന്ന് പറഞ്ഞ ആ ചിത്രം സെക്കന്റ് ഹാഫ് വർക്കാവാത്തതുകൊണ്ടാണ് ഉപേക്ഷിച്ചത്: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച ഷാജി കൈലാസ് ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു.

ഇടക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേള എടുക്കുകയും കടുവ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഫ്ലോപ്പുകൾ കൊണ്ടുതന്നെയാണ് മലയാള സിനിമയിൽ നിന്ന് താൻ മാറി നിന്നിരുന്നതെന്നും അതിനിടയിൽ തമിഴ് സിനിമ ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കഥയാണ് പ്രശ്നമെങ്കിൽ കഥ എഴുതാമെന്ന് രൺജി പണിക്കർ പറഞ്ഞിരുന്നുവെന്നും അത്തരത്തിൽ ഒരു മൾട്ടി സ്റ്റാർ കഥ തയ്യാറാക്കിയെങ്കിലും പിന്നീട് ഉപേക്ഷിച്ചെന്നും ഷാജി കൈലാസ് പറഞ്ഞു. പിന്നീട് മോഹൻലാലിന് വേണ്ടി ഒരു കഥ എഴുതിയെങ്കിലും അതും വേണ്ടെന്ന് വെച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്റെ ഫ്ലോപ്പുകൾ കൊണ്ടുതന്നെയാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഒമ്പത് വർഷത്തിനിടയിൽ രണ്ട് തമിഴ് സിനിമകൾ സംവിധാനം ചെയ്തു‌. സിനിമയുടെ ലോകത്ത് നിന്ന് മുഴുവനായി മാറിനിന്നു എന്നു പറയാനാകില്ല. ഒമ്പത് വർഷം പോയത് പോലും ഞാനറിഞ്ഞില്ലായിരുന്നു.

‘കഥയാണ് പ്രശ്നമെങ്കിൽ ഞങ്ങൾ നിനക്കൊരു സിനിമ തരാം’ എന്നു പറഞ്ഞ് രൺജി പണിക്കരും രഞ്ജിത്തും സിനിമ എഴുതാൻ തുടങ്ങിയിരുന്നു. ആന്റണി പെരുമ്പാവൂർ അത് നിർമിക്കാൻ തയാറായി. രണ്ട് സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. എഴുത്തിനിടയിൽ രൺജി വിളിക്കും. ഫോണിലൂടെ ഡയലോഗുകൾ പറഞ്ഞ് ആവേശം കൊള്ളും.

അത്ര എനർജിയോടെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. ചില കാരണങ്ങളാൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ സിനിമ സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലായേനെ. ഒരു വർഷത്തോളം അതിനു പിന്നാലേ പോയി. പിന്നെ, കുറേ തിരക്കഥകൾ കേട്ടു. ‘ഷാജി മടിച്ചു നിൽക്കരുത്. എപ്പോൾ വേണമെങ്കിലും കഥയുമായി വരാമെന്ന്’ ലാൽ സർ പറഞ്ഞിരുന്നു.

അങ്ങനെ ഒരു തിരക്കഥ കിട്ടി അതിൻ്റെ ആദ്യ ഭാഗവുമായി അദ്ദേഹത്തെ കാണാൻ പോയി. ലാൽ സർ ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ, സെക്കൻഡ് ഹാഫ് എനിക്ക് ഇഷ്ടമായില്ല. അതോടെ അതുപേക്ഷിച്ചു. റസ്റ്റോറന്റ് തുടങ്ങിയ സമയമായിരുന്നു അത്. സമയം പോകാൻ ഞാനവിടെ പോകും. പാചകം ചെയ്യാനൊക്കെ കൂടും. ‘ഷാജി പോയി സിനിമ ചെയ്യ്. നിങ്ങളുടെ മട്ടിലൊരു സിനിമ തരൂ’ എന്ന് അത് കണ്ടവർ പറഞ്ഞു. പിന്നെയാണ് കടുവയൊക്കെ ഓൺ ആവുന്നത്,’ഷാജി കൈലാസ് പറയുന്നു.

Content Highlight: Shaji Kailas About A Dropped Project With Mohanlal

Latest Stories

We use cookies to give you the best possible experience. Learn more