മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ താരങ്ങൾക്ക് ബ്ലോക്ക് ബസ്റ്റർ സിനിമകൾ സമ്മാനിച്ച ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ന്യൂസ് ആയിരുന്നു.
ഡോക്ടർ പശുപതി എന്ന സിനിമയിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. പിന്നീട് തലസ്ഥാനം, ദി കിങ്, കമ്മീഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം, വല്ല്യേട്ടന്‍ തുടങ്ങിയ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ മലയാള സിനിമക്ക് സമ്മാനിച്ചു.
പിന്നീട് തുടർപരാജയങ്ങൾ നേരിട്ട ഷാജി കൈലാസ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു. ഫ്ലോപ്പുകൾ കാരണമാണ് മലയാള സിനിമയിൽ നിന്ന് താൻ മാറി നിന്നതെന്നും അതിനിടയിൽ തമിഴിൽ സിനിമകൾ ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കഥയാണ് പ്രശ്നമെങ്കിൽ കഥ എഴുതാമെന്ന് രൺജി പണിക്കർ പറഞ്ഞിരുന്നുവെന്നും അത്തരത്തിൽ ഒരു മൾട്ടി സ്റ്റാർ കഥ തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആന്റണി പെരുമ്പാവൂർ നിർമിക്കാൻ തയ്യാറായ ആ ചിത്രം ചില കാരണങ്ങളാൽ മുടങ്ങിപ്പോയെന്നും ആ സിനിമ സംഭവിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ മറ്റൊരു വിധത്തിൽ ആയേനേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്റെ ഫ്ലോപ്പുകൾ കൊണ്ടുതന്നെയാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. ഒമ്പത് വർഷത്തിനിടയിൽ രണ്ട് തമിഴ് സിനിമകൾ സംവിധാനം ചെയ്തു. സിനിമയുടെ ലോകത്ത് നിന്ന് മുഴുവനായി മാറിനിന്നു എന്നു പറയാനാകില്ല. ഒമ്പത് വർഷം പോയത് പോലും ഞാനറിഞ്ഞില്ലായിരുന്നു.
‘കഥയാണ് പ്രശ്നമെങ്കിൽ ഞങ്ങൾ നിനക്കൊരു സിനിമ തരാം’ എന്നു പറഞ്ഞ് രൺജി പണിക്കരും രഞ്ജിത്തും സിനിമ എഴുതാൻ തുടങ്ങിയിരുന്നു. ആന്റണി പെരുമ്പാവൂർ അത് നിർമിക്കാൻ തയാറായി. രണ്ട് സൂപ്പർ സ്റ്റാറുകൾ അഭിനയിക്കുന്ന സിനിമയായിരുന്നു അത്. എഴുത്തിനിടയിൽ രൺജി വിളിക്കും. ഫോണിലൂടെ ഡയലോഗുകൾ പറഞ്ഞ് ആവേശം കൊള്ളും.
അത്ര എനർജിയോടെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. ചില കാരണങ്ങളാൽ ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ആ സിനിമ സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലായേനെ. ഒരു വർഷത്തോളം അതിനു പിന്നാലേ പോയി. പിന്നെ, കുറേ തിരക്കഥകൾ കേട്ടു. ‘ഷാജി മടിച്ചു നിൽക്കരുത്. എപ്പോൾ വേണമെങ്കിലും കഥയുമായി വരാമെന്ന്’ ലാൽ സർ പറഞ്ഞിരുന്നു,’ഷാജി കൈലാസ് പറയുന്നു.
ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ ഹണ്ട് ആയിരുന്നു ഷാജി കൈലാസ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ചിന്താമണി കൊലക്കേസ് എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമ ബോക്സ് ഓഫീസിൽ പരാജയമായി മാറി. കൊവിഡ് കാലത്ത് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ എലോൺ എന്ന ചിത്രവും സ്വീകരിക്കപ്പെട്ടില്ല.
Content Highlight: Shaji Kailas About A Dropped Multistar Film With Antony Perumbavoor