പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ട ശേഷമായിരുന്നു കരിബിയന്‍സിന്റെ തിരിച്ചുവരവ്.
ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 295 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 92 റണ്‍സിന് പുറത്തായി.
ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 94 പന്ത് നേരിട്ട താരം പുറത്താകാതെ 120 റണ്‍സ് അടിച്ചെടുത്തു. പത്ത് ഫോറും അഞ്ച് സിക്‌സറും അടക്കം 127.65 സ്‌ട്രൈക്ക് റേറ്റിലാണ് ക്യാപ്റ്റന്‍ കൂടിയായ ഹോപ്പ് റണ്ണടിച്ചുകൂട്ടിയത്.
തന്റെ ഏകദിന കരിയറിലെ 18ാം സെഞ്ച്വറിയാണ് ഹോപ്പ് പാകിസ്ഥാനെതിരെ കുറിച്ചത്. കരിയറിലെ 137ാം ഇന്നിങ്‌സിലായിരുന്നു താരത്തിന്റെ 18ാം സെഞ്ച്വറി പിറവിയെടുത്തത്.
ഇതോടെ ഒരു ചരിത്ര നേട്ടവും ഹോപ്പിനെ തേടിയെത്തി. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കാണ് ഹോപ്പ് ഉയര്‍ന്നത്. വിന്‍ഡീസ് ഇതിഹാസം ഡെസ്മണ്ട് ഹെയ്ന്‍സിനെ മറിടകന്നുകൊണ്ടായിരുന്നു ഹോപ്പിന്റെ നേട്ടം. ബ്രയാന്‍ ലാറ, ക്രിസ് ഗെയ്ല്‍ എന്നിവര്‍ മാത്രമാണ് ഇനി ഷായ് ഹോപ്പിന്റെ മുമ്പിലുള്ളത്.
അതേസമയം, മൂന്നാം മത്സരത്തില്‍ 24 പന്തില്‍ പുറത്താകാതെ 43 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്സാണ് രണ്ടാമത് മികച്ച ടോപ് സ്‌കോറര്‍. നാല് ഫോറും രണ്ട് സിക്സറും ഉള്‍പ്പടെ 179.17 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
എവിന്‍ ലൂയീസ് (54 പന്തില്‍ 37), റോസ്റ്റണ്‍ ചെയ്സ് (29 പന്തില്‍ 36) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് തങ്ങളുടെ സംഭാവനകള്‍ നല്‍കി. ഒടുവില്‍ നിശ്ചിത ഓവറില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് അടിച്ചെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍മാര്‍ രണ്ട് പേരെയും പൂജ്യത്തിന് നഷ്ടമായി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ബാബര്‍ അസം മൂന്നാം ഏകദിനത്തിലും നിരാശപ്പെടുത്തി. 23 പന്ത് നേരിട്ട താരത്തിന് വെറും ഒമ്പത് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
അഞ്ചാം നമ്പറിലിറങ്ങിയ സല്‍മാന്‍ അലി ആഘായാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. 49 പന്ത് നേരിട്ട താരം 30 റണ്‍സടിച്ച് പുറത്തായി.
28 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ മുഹമ്മദ് നവാസ്, 40 പന്തില്‍ 13 റണ്‍സ് നേടിയ ഹസന്‍ നവാസ് എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.