വെസ്റ്റ് ഇന്‍ഡീസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും പരാജയപ്പെട്ട സന്ദര്‍ശകര്‍ പരമ്പരയും അടിയറവ് വെച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം നേടിയാണ് ബ്ലാക് ക്യാപ്‌സ് അവസാന മത്സരത്തിന് മുമ്പ് തന്നെ പരമ്പര കൈപ്പിടിയിലൊതുക്കിയത്.
നേപ്പിയറിലെ മെക്ലാറന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. 34 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ കിവീകള്‍ മറികടന്നു. ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര എന്നിവരുടെ കരുത്തിലാണ് കിവീസ് മികച്ച വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 69 പന്ത് നേരിട്ട താരം പുറത്താകാതെ 109 റണ്‍സ് നേടി. ഏകദിന കരിയറിലെ 19ാം സെഞ്ച്വറിയാണ് താരം നേപ്പിയറില്‍ കുറിച്ചത്.
ഇതോടെ ഏകദിനത്തില്‍ ഏറ്റവും വേഗം 6,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് വിന്‍ഡീസ് താരമെന്ന നേട്ടവും ഹോപ്പ് സ്വന്തമാക്കി. 141 ഇന്നിങ്‌സില്‍ നിന്നും ആറായിരമടിച്ച ഇതിഹാസ താരം സര്‍ വിവ് റിച്ചാര്‍ഡ്‌സ് മാത്രമാണ് ഈ റെക്കോഡില്‍ ഹോപ്പിന് മുമ്പിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസിനായി വേഗത്തില്‍ 6,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
സര്‍ വിവ് റിച്ചാര്‍ഡ്‌സ് – 141
ഷായ് ഹോപ്പ് – 142
ബ്രയാന്‍ ലാറ – 155
ഡെസ്മണ്ട് ഹെയ്ന്‍സ് – 162
ക്രിസ് ഗെയ്ല്‍ – 166
മത്സരത്തില്‍ ക്യാപ്റ്റന് പുറമെ മറ്റാര്‍ക്കും ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 22 റണ്‍സ് വീതം നേടിയ റൊമാരിയോ ഷെപ്പേര്‍ഡും ജസ്റ്റീന്‍ ഗ്രീവ്‌സുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഒടുവില്‍ 34 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 247ലെത്തി.
ആതിഥേയര്‍ക്കായി നഥാന്‍ സ്മിത് നാല് വിക്കറ്റെടുത്തപ്പോള്‍ കൈല്‍ ജാമൈസണ്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ബ്ലെയര്‍ ടിക്‌നറുമാണ് ശേഷിച്ച രണ്ട് വിക്കറ്റ് വീഴ്ത്തിയത്.