| Wednesday, 29th January 2025, 8:43 am

കബീര്‍ സിങ് ചെയ്തതില്‍ എനിക്കൊരുപാട് അഭിമാനമുണ്ട്: ഷാഹിദ് കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് കബീര്‍ സിങ്. സന്ദീപ് റെഡ്ഡി വംഗ സഹ-രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഷാഹിദ് കപൂറാണ് കബീര്‍ സിങ്ങായി എത്തിയത്. കിയാര അദ്വാനിയാണ് നായിക. ടോക്‌സിക് മസ്‌കുലിനിറ്റിയെ ചിത്രം ഗ്ലാമറൈസ് ചെയ്യുന്നു എന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

കബീര്‍ സിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഷാഹിദ് കപൂര്‍. കബീര്‍ സിങ് എന്ന കഥാപാത്രം ചെയ്തതില്‍ തനിക്ക് ഒരുപാട് അഭിമാനമുണ്ടെന്നും ഡാര്‍ക്ക് ഷെയ്ഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കണം എന്നുള്ള തന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു അതെന്നും ഷാഹിദ് പറഞ്ഞു.

തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആ ക്യാരക്ടറിനെ മനസിലാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിയിച്ചേര്‍ത്തു. കാണികള്‍ക്ക് എന്ത് ഇഷ്ടപ്പെടണം വേണ്ട എന്നുള്ളത് അവര്‍ക്ക് തന്നെ തീരുമാനിക്കാം എന്നും കബീര്‍ സിങ്ങിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ താന്‍ വിജയിച്ചെന്നും ഷാഹിദ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ദേവയുടെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ഷാഹിദ് കപൂര്‍.

‘കബീര്‍ സിങ് എന്ന കഥാപാത്രം ചെയ്തതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. സ്ഥിരമായി സിനിമയില്‍ കാണാന്‍ കഴിയാത്ത ചിലത് ആ സിനിമയിലൂടെ ഞങ്ങള്‍ ചെയ്തു. പ്രശ്നങ്ങള്‍ ഉള്ള ഒരു കഥാപാത്രത്തെ അല്ലെങ്കില്‍ ഗ്രേ ഷെയ്ഡ് ഉള്ള ഒരു കഥാപാത്രത്തെ അല്ലെങ്കില്‍ ഡാര്‍ക്ക് സൈഡുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നുള്ളത് ഒരു സിനിമ നടന്‍ എന്ന നിലയില്‍ എന്റെ സ്വപ്ന സാക്ഷാത്കാരമാണ്.

നായകന്മാര്‍ എപ്പോഴും നല്ല കഥാപാത്രങ്ങളാകുന്ന സിനിമകള്‍ കുട്ടിക്കാലം മുതല്‍ കാണാറുണ്ട്. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍, മികച്ച പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന് ശേഷം ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയവരും ഉണ്ട്. ഉദാഹരണത്തിന് ടാക്‌സി ഡ്രൈവറിലെ റോബര്‍ട്ട് ഡി നീറോയും സ്‌കാര്‍ഫേസില്‍ അഭിനയിച്ച അല്‍ പാസിനോയും.

എന്റെ കഥാപാത്രങ്ങളെ പ്രൊഫഷണലായി മാത്രം കാണുക. ഞാന്‍ ചെയ്ത ആ കഥാപാത്രത്തെ എനിക്ക് ഇഷ്ടമല്ല. ആ കഥാപാത്രത്തെ ഇഷ്ടപ്പെടേണ്ട ആവശ്യവും എനിക്കില്ല. ഞാന്‍ അവതരിപ്പിക്കേണ്ട കഥാപാത്രത്തെ മനസിലാക്കുക മാത്രമാണ് ഞാന്‍ ചെയ്യേണ്ടത്.

ആളുകള്‍ക്ക് അത് ഇഷ്ടപ്പെടാനോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഇനി ആളുകള്‍ക്ക് കബീര്‍ സിങ്ങിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്റെ പെര്‍ഫോമന്‍സ് വിജയിച്ചു എന്നെനിക്ക് ബോധ്യമാകും. ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ഇന്‍ട്രെസ്റ്റിങ് ആയ കാര്യവും അതാണെന്ന് തോന്നുന്നു,’ ഷാഹിദ് കപൂര്‍ പറയുന്നു.

Content highlight: Shahid Kapoor admits he  is very proud of Kabir Sing movie

Latest Stories

We use cookies to give you the best possible experience. Learn more