| Saturday, 21st June 2025, 3:11 pm

ഒരു പരിധിവരെ റോഷന്റെ കഥാപാത്രം ഞാനാണ്; ഞാന്‍ കണ്ട പൊലീസുകാരെല്ലാം സാധാരണക്കാരാണ്: ഷാഹി കബീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂലൈ 13ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് റോന്ത്. ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ റോന്ത് എന്ന ചിത്രത്തെ കുറിച്ചും തന്റെ പൊലീസ് ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാഹി കബീര്‍.

‘ആലപ്പുഴ എസ്.ഡി കോളജില്‍ ലിറ്ററേച്ചറിന് ചേര്‍ന്നതാണ്. പക്ഷേ അത് ക്യാന്‍സല്‍ ചെയ്ത് ബസേലിയസ് കോളജിലേക്ക് എത്തി. ക്യാമ്പസ് രാഷ്ട്രീയത്തിലേക്ക് കടന്നതോടെ കാഴ്ച്ചപ്പാടുകള്‍ മാറി. വായനയോടും കലാ പ്രവര്‍ത്തകരോടും എഴുത്തുകാരോടും സൗഹൃദം ഉണ്ടായി. ഇന്നത്തെ എന്നെ ഉണ്ടാക്കിയെടുത്തത് ബസേലിയസ് കോളേജ് ആണെന്ന് പറയാം.

പക്ഷേ, പഠനം പകുതിക്കുവെച്ച് നിന്നു. ഹാജര്‍ കുറവ് കാരണം ക്യാമ്പസില്‍ നിന്ന് പുറത്തേക്ക്. ആ കാലത്ത് ജോലി അത്യാവശ്യമായിരുന്നു. പൊലീസ് എങ്കില്‍ പൊലീസ്. അങ്ങനെയാണ് കാക്കിയണിയുന്നത്.

ഇലവീഴാപുഞ്ചിറ ഇറങ്ങിയ സമയത്ത് ആ തകരഷീറ്റ് കൊണ്ടുണ്ടാക്കിയ കെട്ടിടത്തിനുള്ളില്‍ പ്രേക്ഷകര്‍ ഇരുന്നത് പോലെ റോന്തില്‍ പൊലീസ് ജീപ്പിലിരുന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്യാം. രാത്രിയില്‍ ചുറ്റുവട്ടത്ത് നടക്കുന്നതും പൊലീസുകാരുടെ ജീവിതവുമെല്ലാം കാണാം. റോഷന്റെ ദിന്‍നാഥിനും ദിലീഷ് പോത്തന്റെ യോഹന്നാനുമൊപ്പം പ്രേക്ഷകരും യാത്ര ചെയ്യും എന്നാണ് പ്രതീക്ഷ.

ഒരു പരിധിവരെ റോഷന്റെ കഥാപാത്രം ഞാനാണ്. കറുകച്ചാലിലും ചങ്ങനാശേരിയിലും പൊലീസ് ജീപ്പ് ഓടിച്ചിട്ടുണ്ട്. ദിന്‍നാഥിന് രക്തം ഭയമാണ്. ഞാനും അങ്ങനെയൊരു പൊലീസ് ആയിരുന്നു. ആകെ ഡാര്‍ക്കായ സ്ഥലത്ത് സാധാരണക്കാര്‍ക്ക് പോകാതിരിക്കാം. പക്ഷേ, എനിക്കത് ഡ്യൂട്ടിയാണ്. പോയല്ലേ പറ്റൂ.

എന്റെ നായകന്മാര്‍ അമാനുഷികരല്ല. ഞാന്‍ കണ്ട പൊലീസുകാരെല്ലാം സാധാരണക്കാരാണ്. റോന്ത് ഡ്യൂട്ടിക്ക് പോയി തുടങ്ങിയ കാലം. പ്രായമുള്ള ഒരു എസ്.ഐ ഉണ്ടായിരുന്നു. പുള്ളിയുടെ സംസാരം കേള്‍ക്കാന്‍ രസമാണ്. ഒരു രാത്രിയില്‍ വാഹനപരിശോധന നടത്തുകയാണ്. കൈ കാണിച്ചു നിര്‍ത്തിയ കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടി. ഞാന്‍ പിന്നാലെയും. പക്ഷേ, അവനെ കിട്ടിയില്ല. തിരിച്ചു വന്നപ്പോള്‍ ആ എസ്.ഐ പറഞ്ഞുതന്നതില്‍ പൊലീസിന്റെ ജീവിതം ഉണ്ടായിരുന്നു.

‘അനിയാ, നീ ഇപ്പോള്‍ ചെയ്തത് ചോരത്തിളപ്പുകൊണ്ടാണ്. പക്ഷേ, ഇങ്ങനെ ഒരാള്‍ക്ക് പിന്നാലെ ഓടുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ നന്ന്. ഒരു പൊലീസുകാരന്‍ 18 തരം ജോലികള്‍ ചെയ്യുന്നുണ്ട്. പട്ടാളക്കാരനെ പോലെ ആയുധം പഠിക്കണം. ക്ലറിക്കല്‍ ജോലികള്‍ ചെയ്യണം. കുടുംബപ്രശ്‌നങ്ങളുമായി എത്തുന്നവരെ കൗണ്‍സലിങ് ചെയ്യണം. ഇങ്ങനെ പലതരം റോളുകളുണ്ട് നമുക്ക്. പക്ഷേ, നമ്മളാദ്യം ചെയ്യേണ്ടത് സ്വന്തം പണി പോകാതെ നോക്കുകയാണ്.

ഉദാഹരണത്തിന് നീ പിന്നാലെ ഓടി. നിന്റെ കയ്യില്‍ ആയുധം ഇല്ല. അവന്‍ ഒരു പിച്ചാത്തികൊണ്ട് കുത്തിയാല്‍ ആര്‍ക്ക് പോയി, വീട്ടുകാര്‍ക്ക് പോയി. പ്രൊട്ടക്ഷന്‍ എടുക്കാതെ പോയെന്ന കുറ്റപ്പെടുത്തലും കേള്‍ക്കാം. പട്ടാളക്കാരന്‍ മരിച്ചാലുള്ള ദേശസ്‌നേഹം, പൊലീസുകാരന്‍ മരിച്ചാല്‍ കിട്ടില്ല. ഇനി ഓടിക്കുന്നത് കണ്ടവരുണ്ട്. അവനെങ്ങാനും പൊട്ടക്കിണറ്റില്‍ വീണു മരിച്ചാല്‍ നിന്റെയും എന്റെയും ജോലി പോകും’ എന്ന്. അനുഭവത്തില്‍ നിന്നാണിത് പറഞ്ഞതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു,’ ഷാഹി കബീര്‍ പറയുന്നു.

Content highlight: Shahi Kabir Talks About Ronth Movie

We use cookies to give you the best possible experience. Learn more