| Thursday, 18th September 2025, 2:58 pm

ഒറ്റ റണ്ണെടുക്കാതെ വിക്കറ്റ് മാത്രം വീഴ്ത്തുന്ന 'സിക്‌സറടി വീരനും' റണ്‍വേട്ടക്കാരനായ സൂപ്പര്‍ ബൗളറും; ഏഷ്യാ കപ്പിലെ പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നില്‍ രണ്ട് മത്സരവും വിജയിച്ചാണ് ഇന്ത്യയ്ക്ക് പിന്നാലെ ഗ്രൂപ്പ് എ-യില്‍ നിന്നും സല്‍മാന്‍ അലി ആഘയും സംഘവും സൂപ്പര്‍ ഫോറിന് ടിക്കറ്റെടുത്തത്.

ആദ്യ മത്സരത്തില്‍ ഒമാനെതിരെ വിജയം സ്വന്തമാക്കിയ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടു. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ യു.എ.ഇക്കെതിരായ മത്സരത്തിലും വിജയം സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ സ്‌പോട്ട് ഉറപ്പിച്ചു.

ഈ മൂന്ന് മത്സരത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച രണ്ട് താരങ്ങളുണ്ട്. ഓപ്പണറും യുവ താരവുമായ സയീം അയ്യൂബും സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും. സംഗതി പാകിസ്ഥാന്റെ ഓപ്പണറാണെങ്കിലും പന്തെറിഞ്ഞാണ് അയ്യൂബ് കയ്യടി നേടിയത്. മറുവശത്ത് ഷഹീന്‍ ഷാ അഫ്രിദിയാകട്ടെ ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ നിര്‍വഹിക്കുന്ന അതേ റോള്‍ പാകിസ്ഥാനായി ചെയ്തുകൊണ്ടാണ് ആരാധകരുടെ പ്രശംസയേറ്റുവാങ്ങുന്നത്.

ജസ്പ്രീത് ബുംറയ്‌ക്കെതിരെ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ നേടുമെന്ന അമിതാത്മവിശ്വാസമാണ് സയീം അയ്യൂബിനെ ഏഷ്യാ കപ്പിനിടെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കിയത്. എന്നാല്‍ ബുംറയ്‌ക്കെതിരെയെന്നല്ല, ഒരു ബൗളര്‍ക്കെതിരെയും താരത്തിന് ഇതുവരെ സിക്‌സര്‍ നേടാന്‍ സാധിച്ചിട്ടില്ല, എന്തിന് മൂന്ന് മത്സരം കളിച്ചിട്ടും ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

മൂന്ന് മത്സരത്തിലും അയ്യൂബ് പൂജ്യത്തിനാണ് മടങ്ങിയത്. ഒമാനെതിരായും ഇന്ത്യയ്‌ക്കെതിരെയും ഗോള്‍ഡന്‍ ഡക്കായി. ഒമാനെതിരെ ഫൈസല്‍ ഷായുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയോട് തോറ്റാണ് രണ്ടാം മത്സരത്തില്‍ താരം മടങ്ങിയത്. യു.എ.ഇക്കെതിരെയാകട്ടെ, നേരിട്ട രണ്ടാം പന്തില്‍ സില്‍വര്‍ ഡക്കായും താരം മടങ്ങി.

ബാറ്റിങ്ങില്‍ പാളിയെങ്കിലും ബൗളിങ്ങില്‍ സയീം അയ്യൂബ് തിളങ്ങുകയാണ്. ഒമാനെതിരെ രണ്ട് ഓവര്‍ പന്തെറിഞ്ഞ് എട്ട് റണ്‍സ് വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യയ്‌ക്കെതിരെ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നിരയില്‍ വീണ മൂന്ന് വിക്കറ്റിനും കാരണക്കാരന്‍ അയ്യൂബ് തന്നെയായിരുന്നു. യു.എ.ഇക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റും താരം സ്വന്തമാക്കി.

മറുവശത്ത് ഷഹീന്‍ ഷാ അഫ്രിദിയാകട്ടെ പ്രോപ്പര്‍ ഓള്‍ റൗണ്ടറെ പോലെയാണ് ബാറ്റ് വീശുന്നത്. ഒമ്പതാം നമ്പറിലിറങ്ങി മൂന്ന് മത്സരത്തിലും 200.00+ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഒമാനെതിരെ ഒരു പന്ത് നേരിടാന്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. ആ പന്തില്‍ താരം രണ്ട് റണ്‍സ് നേടുകയും ചെയ്തു.

ഇന്ത്യയ്‌ക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ പച്ചപ്പടയെ നാണക്കേടില്‍ നിന്നും കരകയറ്റിയത് ഷഹീനിന്റെ പ്രകടനമാണ്. ഒരുവേള നൂറ് പോലും കടക്കില്ല എന്ന കരുതിയിടത്ത് നിന്നും 127ലെത്തിച്ചത് അഫ്രിദി ഒരാള്‍ മാത്രമാണ്. 16 പന്തില്‍ നിന്നും പുറത്താകാതെ 33 റണ്‍സാണ് താരം അടിച്ചെടുത്തത്.

അവസാന ഓവറില്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ രണ്ട് സിക്‌സറും റെഡ് ഹോട്ട് ഫോമില്‍ തുടരുന്ന കുല്‍ദീപ് യാദവിനെതിരെയുമടക്കം അടിച്ചെടുത്തത് നാല് സിക്‌സറുകള്‍. സ്‌ട്രൈക്ക് റേറ്റ് 206.25.

ഒമാനെതിരെയും താരം മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്ത് നേരിട്ട് പുറത്താകാതെ 29 റണ്‍സാണ് ഷഹീന്‍ അടിച്ചെടുത്തത്. രണ്ട് സിക്‌സറും മൂന്ന് ഫോറുമാണ് അഫ്രിദി നേടിയത്.

ഈ മത്സരങ്ങളില്‍ ബൗളിങ്ങിലും താരം മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് മത്സരത്തില്‍ നിന്നുമായി മൂന്ന് വിക്കറ്റുകളാണ് തന്റെ പേരിന് നേരെ അഫ്രിദി കുറിച്ചത്.

Content Highlight: Shaheen Afridi shines in batting for Pakistan, Saim Ayyub shines in bowling

We use cookies to give you the best possible experience. Learn more