ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്റെ വിജയം. ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് ഓവര്‍ അവശേഷിക്കെ മറികടക്കുകയായിരുന്നു പാകിസ്ഥാന്‍.
മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഷഹീന്‍ അഫ്രീദിയാണ്. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് അഫ്രീദിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഷദാബ് ഖാനെ മറികടന്നാണ് അഫ്രീദി രണ്ടാമനായത്.
അന്താരാഷ്ട്ര ടി-20യില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ഹാരിസ് റൗഫ് – 130
ഷഹീന്‍ അഫ്രീദി – 114
ഷദാബ് ഖാന്‍ – 112
ഷാഹിദ് അഫ്രീദി – 97
അഫ്രീദിക്ക് പുറമെ മത്സരത്തില്‍ ഹാരിസ് റൗഫ്, ഹുസൈന്‍ തലത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അബ്രാര്‍ അഹമ്മദ് ഒരു വിക്കറ്റും നേടി മികവ് പുലര്‍ത്തി.
അതേസമയം ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കാനാണ് ഒരുങ്ങുന്നത്.
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ലങ്കയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ കളത്തിലെത്തുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നാണ് ബംഗ്ലാ കടുവകള്‍ വിജയം നേടിയത്. കരുത്തരായ ഇന്ത്യയെ നേരിടുമ്പോള്‍ വമ്പന്‍ പോരാട്ടമായിരിക്കും ബംഗ്ലാദേശും കാഴ്ചവെക്കുന്നത്.
Content Highlight: Shaheen Afridi In Great Record Achievement