| Tuesday, 8th April 2025, 8:17 pm

തിയേറ്ററില്‍ ആളുകള്‍ കൂവി, ആ കൂവലുകള്‍ പൃഥ്വി തനിക്കുള്ള കയ്യടിയാക്കി മാറ്റി: ഷഹബാസ് അമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥിരാജ് സുകുമാരനെ നായകനാക്കി രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഇന്ത്യന്‍ റുപ്പി. 2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിര്‍മിച്ചത് പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നായിരുന്നു.

2011ലെ ദേശീയ ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഇന്ത്യന്‍ റുപ്പി നേടിയിരുന്നു.

പൃഥിരാജിന് പുറമെ തിലകന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ഷഹബാസ് അമനായിരുന്നു.

ഇപ്പോള്‍ ആദ്യ ദിനത്തില്‍ തിയേറ്ററില്‍ ഇന്ത്യന്‍ റുപ്പി കാണാനായി പോയതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഗായകന്‍ ഷഹബാസ് അമന്‍.

അന്ന് മലയാളികള്‍ക്ക് പൃഥ്വിരാജിനോടുള്ള വിരോധം കാരണം ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ട് തിയേറ്ററില്‍ എങ്ങനെ വര്‍ക്കാകും എന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്നാണ് ഷബാസ് അമന്‍ പറയുന്നത്.

അന്നത്തെ കൂവലുകള്‍ പൃഥ്വിരാജ് തനിക്കുള്ള കയ്യടിയാക്കി മാറ്റിയെന്നും ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ടും ആ സിനിമയും എല്ലാവര്‍ക്കും അംഗീകാരങ്ങളും മനോഹരമായ ഓര്‍മകളും നല്ല ചില ബന്ധങ്ങളും കുറേ സന്തോഷങ്ങളും തന്നുവെന്നും ഷഹബാസ് പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലാണ് ഷഹബാസ് അമന്‍ ഈ കാര്യങ്ങള്‍ പറയുന്നത്.

ഷഹബാസ് അമന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഇന്ത്യന്‍ റുപ്പി’ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ കാണാന്‍ കോഴിക്കോട്ടെ അപ്‌സര തിയേറ്ററില്‍ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷയോടെ ഇരിക്കുകയാണ്. ഉള്ളില്‍ ചെറിയ ഒരു ആന്തല്‍ ഉണ്ട്! ‘ഈ പുഴയും സന്ധ്യകളും’ എന്ന പാട്ട് തിയേറ്ററില്‍ എങ്ങനെ വര്‍ക്ക് ആകും എന്നതില്‍ ആയിരുന്നു ശ്രദ്ധ മുഴുവന്‍! മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് പേടി.

മൂന്നാമത്തെ കാരണം മാത്രം ഇപ്പോള്‍ പറയാം. ചിത്രത്തിലെ നായകനും പ്രൊഡ്യൂസര്‍മാരില്‍ ഒന്നാമനുമായ പൃഥ്വിരാജ് അന്ന് മലയാളികളായ ജനസഹസ്രങ്ങളുടെ വിരോധം ആദ്യമായി ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന കാലമാണ്! കാരണം എന്താണെന്നല്ലേ? തന്റെ ഇന്റര്‍വ്യൂകളില്‍ സ്വന്തം കോണ്‍സെപ്റ്റുകള്‍ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു, അധികപ്രസംഗി. സംസാരം അധികവും ചടുലമായ ഇംഗ്ലീഷില്‍ ആണ്.

അതിനൊക്കെ കാരണം ബി.ബി.സിയിലെ അന്നത്തെ ജേര്‍ണലിസ്റ്റും (ഇന്നത്തെ അര്‍ബന്‍ നക്‌സല്‍) അയാളുടെ കാമുകിയും ലൈഫ് പാര്‍ട്ണറും ആയ സുപ്രിയ ആണ്. തങ്ങളെ ആരെയും അറിയിക്കാതെ അവളെ വിവാഹവും കഴിച്ച്, മെയിനായി, അഹങ്കാരിയായി നടക്കുകയാണ് അയാള്‍. അതും ഒരു ‘മലപ്പുറം എടപ്പാളുകാരന്റെ’ മകന്‍!


ഒരു വിനേയവിധേയ ഭാവമൊക്കെ വേണ്ടേ? അയാളുടെ മേല്‍ ജനം ചാര്‍ത്തിയ കുറ്റപത്രം ആണ്. എങ്ങനെയുണ്ട്? സ്ട്രോങ്ങല്ലേ? ആ ജനം ആണ് തിയേറ്റര്‍ നിറഞ്ഞിരിക്കുന്നത്! നിന്നെ ഞങ്ങള്‍ ശരിയാക്കിത്തരാടാ എന്ന മട്ടിലാണ് അവരുടെ ഇരിപ്പ്! അങ്ങനെയിരിക്കുമ്പോള്‍ അതാ, ഒരു നീല ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത്, തനി കോഴിക്കോട്ടുകാരന്‍ ജയപ്രകാശ് ആയി നടന്ന് വന്ന്, അയാള്‍ മൈക്ക് കയ്യിലെടുത്ത് പാടുകയാണ്.

ഒരു ഓര്‍ക്കസ്ട്രയും ഇല്ലാതെ. മുല്ലനേഴി മാഷിന്റെ ലിറിക്‌സ്. ‘ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും’. അപ്പുറത്ത് നില്‍ക്കുന്നതാണെങ്കില്‍ വേറൊരു ധിക്കാരി! റിമ കല്ലിങ്കല്‍! അല്ലാഹ്.. ഇന്റെ പാട്ട് എല്ലാം കൊണ്ടും കല്ലത്തായി എന്ന് ഞാന്‍ ഉറപ്പിച്ചു! വിചാരിച്ച പോലെത്തന്നെ, പ്രകാശന്‍ മൈക്ക് കയ്യിലെടുത്തതും ‘കൂ’ എന്ന ശബ്ദത്തില്‍ പ്രഷര്‍ കുക്കര്‍ ആദ്യത്തെ വിസിലടിച്ചു!

പക്ഷെ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു! ഇന്ത്യന്‍ റുപ്പി നൂറാം ദിവസം ആഘോഷിച്ചു! കൂവലെല്ലാം അയാള്‍ തനിക്കുള്ള കയ്യടിയാക്കി മാറ്റി! എന്ന് മാത്രമല്ല ‘ഈ പുഴയും’ എന്ന പാട്ടും ആ സിനിമയും പൃഥ്വിക്കും വിജയിനും റിമയ്ക്കും എനിക്കും മറ്റു പലര്‍ക്കും അംഗീകാരങ്ങളും അതിലേറെ മനോഹരമായ ഓര്‍മകളും നല്ല ചില ബന്ധങ്ങളും കുറേ സന്തോഷങ്ങളും കൊണ്ട് വന്ന് തന്നു!

അതിലൊന്നാണ് ഇപ്പോള്‍ നിങ്ങളുമായി വ്യക്തിപരമായി പങ്കു വെയ്ക്കുന്ന ഈ അമൂല്യ നിധി! എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും സ്‌നേഹം.

Content Highlight: Shahabaz Aman Talks About Prithviraj Sukumaran And Indian Rupee Movie

We use cookies to give you the best possible experience. Learn more