തമിഴ് സിനിമാവ്യവസായത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വിജയ് സിനിമാജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നെന്ന വാര്‍ത്ത കോളിവുഡിനെ ഞെട്ടിച്ചിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് വിജയ് സിനിമയില്‍ നിന്ന് ഇടവേളെയടുക്കുന്നത്. 2026 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രചാരണത്തിലാണ് താരം നിലവില്‍.
തമിഴ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം റവന്യൂ ഉണ്ടാക്കുന്ന നടന്മാരില്‍ പ്രധാനിയാണ് വിജയ്. അത്തരമൊരു താരം വിട്ടുനില്‍ക്കുന്നത് ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്. ഈ വര്‍ഷം കോളിവുഡിന് ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാത്തതും വിജയ്‌യുടെ അസാന്നിധ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിജയ് Photo: Screen Grab/ T Series
വിജയ് മാത്രമല്ല, ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും സിനിമാജീവിതത്തില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ ഷൂട്ടിങ് നടക്കുന്ന കിങ്ങിന് ശേഷം ഷാരൂഖ് വലിയൊരു ഇടവേളയെടുക്കുമെന്നാണ് ചില ബോളിവുഡ് പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വേണ്ടിയാണ് താരം വലിയ ഇടവേളയെടുക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
2016-2018 കാലഘട്ടത്തിലെ തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ ഷാരൂഖ് ബോളിവുഡില്‍ നിന്ന് വലിയ ഇടവേളയെടുത്തിരുന്നു. 2023ല്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറ്റിക്കൊണ്ടായിരുന്നു കിങ് ഖാന്റെ മാസ് കംബാക്ക്. ഡങ്കി 500 കോടി കളക്ഷന്‍ നേടിയതോടെ ബോളിവുഡിലെ തന്റെ സിംഹാസനം ഷാരൂഖ് തിരിച്ചെടുക്കുകയും ചെയ്തു.
ഷാരൂഖ് ഖാന്‍ Photo: Screen Grab/ Red chilies entertainment
വിജയ്ക്ക് പിന്നാലെ ഷാരൂഖും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇരുവരുടെയും കരിയറിലെ സാമ്യത ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. രണ്ട് പേരും നായകന്മാരായി അഭിനയിച്ച ആദ്യചിത്രം പുറത്തിറങ്ങിയത് 1992ലായിരുന്നു. നാളെയ തീര്‍പ്പിലൂടെ വിജയ്‌യും ദീവാനയിലൂടെ ഷാരൂഖും അവരവരുടെ ഇന്‍ഡസ്ട്രിയില്‍ ആദ്യചുവട് വെക്കുകയായിരുന്നു.
അരങ്ങേറിയ സമയത്ത് ഇന്‍ഡസ്ട്രിയില്‍ ടോപ്പായി നിന്നവരെയും ഒപ്പം വന്നവരെയും മറികടന്ന് ഏറ്റവും മൂല്യമേറിയ താരങ്ങളായി മാറാന്‍ വിജയ്ക്കും ഷാരൂഖിനും സാധിച്ചു. വിജയ് തമിഴകത്തിന്റെ ദളപതിയായി മാറിയപ്പോള്‍ ഷാരൂഖ് ബോളിവുഡിന്റെ ബാദ്ഷയായി മാറി. നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം ഷാരൂഖ് വീണ്ടും സിനിമയിലേക്ക് വരുമെന്ന് ഉറപ്പാണ്.
എന്നാല്‍ വീണ്ടും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരില്ലെന്ന് അടുത്തിടെ നടന്ന ഓഡിയോ ലോഞ്ചില്‍ വിജയ് വ്യക്തമാക്കിയിരുന്നു. 33 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്റ്റാര്‍ഡം മാറ്റിവെച്ച് ഇടവേളയെടുക്കുകയാണ് ഇരുവരും. അതാത് ഇന്‍ഡസ്ട്രിയുടെ മുഖമായി മാറിയ രണ്ടുപേരുടെയും ബ്രേക്ക് ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Shah Rukh Khan taking temporary break and Vijay quits from Cinema