| Thursday, 10th April 2025, 10:03 am

സ്‌ക്രിപ്റ്റ് കുറച്ചുകൂടെ നന്നാക്കേണ്ടി വന്നു, ഷൂട്ട് നിര്‍ത്തിവെച്ച് ഷാരൂഖ് ഖാന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ബാദ്ഷാ എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഷാരൂഖ് സിനിമയിലേക്കെത്തിയത്. വില്ലനായി കരിയര്‍ ആരംഭിച്ച ഷാരൂഖ് പിന്നീട് ബോളിവുഡ് തന്റെ കാല്‍ക്കീഴിലാക്കുകയായിരുന്നു. ഇടയ്ക്ക് തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്ന കിങ് ഖാന്‍ നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.

തിരിച്ചുവരവില്‍ തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറ്റി തന്റെ സിംഹാസനം വീണ്ടെടുത്തു. ഡങ്കിക്ക് ശേഷം ഷാരൂഖ് വീണ്ടും ചെറിയൊരു ഇടവേളയെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളിക്കൊണ്ട് ഷാരൂഖ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയായിരുന്നു. പത്താന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് ആണ് താരത്തിന്റെ അടുത്ത പ്രൊജക്ട്.

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാനും പ്രധാനവേഷത്തിലെത്തുന്ന കിങ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ട് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രിപ്റ്റില്‍ ചില പോരായ്മകള്‍ തോന്നിയെന്നും അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഷൂട്ട് നിര്‍ത്തിയതെന്നുമാണ് വിവരം.

പഴയതിനെക്കാള്‍ കൂടുതല്‍ ക്രിസ്പും ഷാര്‍പ്പുമായി തിരക്കഥയെ തിരുത്താന്‍ കുറച്ചധികം സമയം വേണ്ടിവരുമെന്നാണ് അറിയാന്‍ കഴിയുന്നത്. നാല് മാസത്തോളം ഷൂട്ടിന് ബ്രേക്ക് നല്‍കുമെന്നാണ് റൂമറുകള്‍. ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായി ഷൂട്ട് പുനരാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2024ലേത് പോലെ 2025ലും കിങ് ഖാന്റെ മുഖം ബിഗ് സ്‌ക്രീനില്‍ കാണാന്‍ സാധിക്കില്ലെന്ന് ഇതോടെ ഉറപ്പായി.

ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഫ്‌ളാഷ്ബാക്ക് രംഗങ്ങളില്‍ ഷാരൂഖ് ഖാന്റെ നായികയായിട്ടാകും ദീപിക പ്രത്യക്ഷപ്പെടുക. ഷാരൂഖിന്റെ മുന്‍ ചിത്രങ്ങളായ പത്താനില്‍ ദീപിക നായികയായി എത്തിയപ്പോള്‍ ജവാനില്‍ അതിഥിവേഷത്തിലും ദീപിക വേഷമിട്ടു. ഇതേ ജോഡിയെ ഒരിക്കല്‍ കൂടി കാണാന്‍ സാധിക്കുമെന്ന ത്രില്ലിലാണ് ആരാധകര്‍.

ബോളിവുഡ് താരം തബുവിനെയായിരുന്നു ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ തബുവിന് മറ്റ് സിനിമകളുടെ തിരക്ക് മൂലം കിങ്ങിനോട് ഓക്കെ പറയാന്‍ സാധിച്ചില്ല. ഈ വേഷത്തിലേക്കാണ് ദീപിക എത്തിയത്. വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മെയ്‌യില്‍ ഉണ്ടായേക്കുമെന്നാണ് വിവരങ്ങള്‍.

Content Highlight: Shah Rukh Khan’s King movie stopped for rework in Script

We use cookies to give you the best possible experience. Learn more