| Friday, 27th June 2025, 8:17 pm

നായകനേക്കാള്‍ പ്രാധാന്യം വില്ലന്; ആ ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്നും എന്റെ 14 സീനുകള്‍ പോയി: ഷെഫീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് ഷെഫീഖ് റഹ്‌മാന്‍. സിനിമയില്‍ വില്ലന്‍ കഥാപാത്രമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

1971: ബിയോണ്ട് ബോര്‍ഡേര്‍സ്, ടിയാന്‍, ഇട്ടിമാണി തുടങ്ങിയ കുറേ സിനിമകളില്‍ ഷെഫീഖ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ റോള്‍ മോഡല്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടന്‍.

റാഫി സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായി എത്തിയ സിനിമയായിരുന്നു റോള്‍ മോഡല്‍സ്. ഈ ചിത്രത്തില്‍ താന്‍ 15 സീനുകളില്‍ അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ ഒരു സീന്‍ മാത്രമാണ് വന്നതെന്നും ഷെഫീഖ് പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ അഭിനയിച്ച അത്രയും സീനുകള്‍ ചിലപ്പോള്‍ സിനിമയില്‍ വരണമെന്നില്ല. അത്തരത്തിലുള്ള അനുഭവം എനിക്ക് ഉണ്ടായിരുന്നു. റോള്‍ മോഡല്‍സ് എന്ന സിനിമ എനിക്ക് അങ്ങനെ നഷ്ടം സംഭവിച്ചതാണ്.

ഗോവയില്‍ ആയിരുന്നു അന്ന് സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നത്. ഞാന്‍ ആ സമയത്ത് 1971 എന്ന ലാലേട്ടന്റെ പടത്തിലും പൃഥ്വിരാജിന്റെ ടിയാന്‍ എന്ന സിനിമയിലും അഭിനയിച്ച് നില്‍ക്കുന്ന സമയമാണ്.

ആ സിനിമകള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ ഗോവയിലേക്ക് വരുന്നത്. മിലിട്ടറി മൂവി ആയത് കൊണ്ട് ഞാന്‍ ആ ബോഡി ഫിറ്റിലാണ് നില്‍ക്കുന്നത്. റോള്‍ മോഡല്‍സില്‍ ഗോവന്‍ പൊലീസായിട്ടാണ് ഞാന്‍ അഭിനയിച്ചത്.

മൊത്തം 15 സീനുകളാണ് എനിക്ക് ഉണ്ടായിരുന്നത്. വലിയ ഡയലോഗുകള്‍ പറയാനുണ്ടായിരുന്നു. അതൊക്കെ ഞാന്‍ ചെയ്തു. പിന്നീട് സീനുകള്‍ക്ക് ഡബ്ബും ചെയ്തു. ഹിന്ദി സ്ലാങ്ങ് വേണമെന്ന് പറഞ്ഞതോടെ ഞാന്‍ വീണ്ടും ഡബ്ബ് ചെയ്ത് കൊടുത്തു.

പെരുന്നാളിന്റെ സമയത്തായിരുന്നു ആ സിനിമയുടെ റിലീസ് ഉണ്ടായിരുന്നത്. തലേദിവസം റാഫിക്ക എന്നെ വിളിച്ചു. അടുത്ത ദിവസത്തെ റിലീസിന്റെ എന്തെങ്കിലും കാര്യം പറയാന്‍ വിളിക്കുകയാകും എന്നാണ് ഞാന്‍ കരുതിയത്.

പക്ഷെ അദ്ദേഹത്തിന് എന്നോട് സംസാരിക്കുമ്പോള്‍ സങ്കടം പോലെ തോന്നി. എന്താണെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം കാര്യം പറഞ്ഞത്. ‘സിനിമ പലരെയും കാണിച്ച് അഭിപ്രായം ചോദിച്ചിരുന്നു. നായകനില്‍ നിന്ന് മാറി വില്ലന് കൂടുതല്‍ പ്രാധാന്യം വരുന്നുവെന്നാണ് എല്ലാരുടെയും അഭിപ്രായം’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫഹദ് ഫാസിലായിരുന്നു സിനിമയിലെ നായകന്‍. വില്ലനായത് ബിബിന്‍ ജോര്‍ജായിരുന്നു. വില്ലന് പ്രാധാന്യം വന്നത് കൊണ്ട് ആ സീനുകള്‍ വെട്ടികുറക്കേണ്ടി വന്നുവെന്ന് റാഫീക്ക പറഞ്ഞു. അപ്പോള്‍ എത്ര സീനുണ്ടാകും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കുറേ സീനുകള്‍ പോയി എന്നാണ് പറഞ്ഞത്.

15 സീനുകള്‍ അഭിനയിച്ച എന്റെ ഒരു സീന്‍ മാത്രമാണ് അവസാനം വന്നത്. എന്നാല്‍ പിന്നെ ആ സീന്‍ കൂടി ഇടാതിരുന്നെങ്കില്‍ നന്നായേനെ. മറ്റുള്ളവര്‍ കാണുമ്പോള്‍ ഈ ഒരു സീനില്‍ മാത്രമായി വന്ന് അഭിനയിച്ചു എന്നല്ലേ കരുതുകയുള്ളൂ,’ ഷെഫീഖ് റഹ്‌മാന്‍ പറയുന്നു.


Content Highlight: Shafeeq Rahman Talks About Fahadh Faasil’s Role Models Movie

We use cookies to give you the best possible experience. Learn more