| Monday, 3rd November 2025, 7:08 am

കഴിഞ്ഞ ആഴ്ച വരെ കളിക്കളത്തിന് പുറത്തിരുന്ന് ലോകകപ്പ് കണ്ടവള്‍ ഇന്ന് അതേ ലോകകപ്പില്‍ ഫൈനലിലെ താരം; അത് വല്ലാത്തൊരു കഥയാണ്

ആദര്‍ശ് എം.കെ.

രണ്ട് ഫൈനലില്‍ വീണ കണ്ണുനീരിന് മൂന്നാം ഫൈനലില്‍ ഇന്ത്യയുടെ മറുപടി. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഹര്‍മനും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. നവി മുംബൈയില്‍ 52 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യയുടെ കിരീടധാരണം…

ഇന്ത്യ ഉയര്‍ത്തിയ 299 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 246ന് പുറത്തായി. 78 പന്ത് നേരിട്ട് 87 റണ്‍സ് നേടി ടോപ് സ്‌കോററാവുകയും ഏഴ് ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ രണ്ടാമത് മികച്ച വിക്കറ്റ് വേട്ടക്കാരിയാവുകയും ചെയ്ത യുവതാരം ഷെഫാലി വര്‍മയാണ് കളിയിലെ താരം. ഷെഫാലിയുടെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യയുടെ കന്നിക്കീരീടത്തില്‍ നിര്‍ണായകമായി.

പകരക്കാരിയുടെ റോളിലെത്തിയാണ് ഷെഫാലി ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ കൈവിടാതെ കാത്തത്. സെമി ഫൈനലിന് തൊട്ടുമുമ്പ് മാത്രമായിരുന്നു ഷെഫാലി ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്.

നേരത്തെ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഹര്‍മന്റെ സംഘത്തില്‍ ഷെഫാലി വര്‍മയുടെ പേരുണ്ടായിരുന്നില്ല. ഇത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശയിലേക്ക് തള്ളിയിട്ടത്. സ്‌ക്വാഡിലെ പലരും മോശം പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഷെഫാലി പുറത്തുനില്‍ക്കുന്നത് ആരാധകരുടെ നിരാശ വര്‍ധിപ്പിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ഘട്ട മത്സരത്തില്‍ ഓപ്പണര്‍ പ്രതീക റാവലിന് പരിക്കേറ്റതോടെയാണ് ഷെഫാലിക്ക് ടീമിലേക്ക് വിളിയെത്തിയത്. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഇന്ത്യയുടെ വിശ്വസ്ത ബാറ്റര്‍ക്ക് പകരക്കാരിയായി ഷെഫാലി ടൂര്‍ണമെന്റില്‍ ആദ്യം കളിച്ചത് സെമി ഫൈനല്‍ മത്സരത്തില്‍, അതും കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ.

അന്ന് സമ്മര്‍ദം ഷെഫാലിയെ കീഴടക്കി. അഞ്ച് പന്തില്‍ വെറും പത്ത് റണ്‍സുമായി ഷെഫാലി മടങ്ങി. ഇതോടെ ചെറിയ തോതിലെങ്കിലും വിമര്‍ശനങ്ങളും ഉയര്‍ന്നുകേട്ടു. സെമിയില്‍ ജെമീമയുടെ ഐതിഹാസിക സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അർധ സെഞ്ച്വറിയുടെയും കരുത്തില്‍ മൈറ്റി ഓസീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.

മഴമൂലം ടോസ് നീണ്ടുപോയ മത്സരത്തില്‍ ഭാഗ്യം തുണച്ചത് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെയാണ്. ലോറ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

സെമിയില്‍ നിരാശപ്പെടുത്തിയതിന്റെ എല്ലാ കുറവുകളും ഷെഫാലി കലാശപ്പോരാട്ടത്തില്‍ പരിഹരിച്ചു. സ്മൃതി മന്ഥാനയെ ഒപ്പം കൂട്ടി ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഷെഫാലി തിളങ്ങിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ത്തുവെച്ചത് 104 റണ്‍സ്.

18ാം ഓവറിലെ നാലാം പന്തില്‍ മന്ഥാനയെ മടക്കി ക്ലോ ട്രയോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 58 പന്തില്‍ 45 റണ്‍സുമായി മന്ഥാന തിരിച്ചുനടന്നു.

രണ്ടാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസിനെ ഒപ്പം കൂട്ടി ഒരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയാണ് ഷെഫാലി കളം വിട്ടത്. ടീം സ്‌കോര്‍ 166ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി മടങ്ങുമ്പോള്‍ പകുതിയിലേറെ റണ്‍സും ഷെഫാലിയുടെ ബാറ്റില്‍ നിന്നുമായിരുന്നു. രണ്ട് സിക്‌സറും ഏഴ് ഫോറും അടക്കം 111.54 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശവെ അയബോംഗ ഖാകയുടെ പന്തില്‍ സ്യൂന്‍ ലസിന് ക്യാച്ച് നല്‍കി ഷെഫാലി മടങ്ങി.

പിന്നാലെയെത്തിയവരില്‍ ദീപ്തി ശര്‍മയും (58 പന്തില്‍ 58), റിച്ച ഘോഷും (24 പന്തില്‍ 34) എന്നിവരും തിളങ്ങിയപ്പോള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ 298ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിനായി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് റെഡ് ഹോട്ട് ഫോമിലായിരുന്നു. സെമിയില്‍ കണ്ട മികച്ച പ്രകടനത്തിന്റെ ബാക്കിയായിരുന്നു ഫൈനലില്‍ പ്രോട്ടിയാസ് ഇതിഹാസം പുറത്തെടുത്തത്.

ലോറ വോള്‍വാര്‍ഡ്

ടാസ്മിന്‍ ബ്രിറ്റ്‌സിനെ കൂട്ടുപിടിച്ച് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ലോറ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. ഇതോടെ പ്ലാന്‍ പൊളിച്ചെഴുതിയ ഇന്ത്യ മറുവശത്തെ ആക്രമിച്ചു.

ടീം സ്‌കോര്‍ 51ല്‍ നില്‍ക്കവെ ബ്രിറ്റ്‌സിനെ റണ്‍ ഔട്ടാക്കി മടക്കി ഇന്ത്യ ആദ്യ ബ്രേക് ത്രൂ നേടി. 35 പന്തില്‍ 23 റണ്‍സുമായാണ് ബ്രിറ്റ്‌സ് പുറത്തായത്. പിന്നാലെയെത്തിയ അനേക് ബോഷിനെ ചാരിണി പൂജ്യത്തിനും മടക്കിയതോടെ സൗത്ത് ആഫ്രിക്ക സമ്മര്‍ദത്തിലേക്ക് വഴുതി വീഴാന്‍ ആരംഭിച്ചു.

മൂന്നാം വിക്കറ്റില്‍ സ്യൂന്‍ ലസിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ലോറയുടെ ശ്രമം. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇരുവരും ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

21ാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ മറ്റൊരു ബ്രേക് ത്രൂ സ്വന്തമാക്കുന്നത്. ലസിനെ മടക്കി ഷെഫാലി വര്‍മ സൗത്ത് ആഫ്രിക്കയുടെ നെറുകില്‍ പ്രഹരമേല്‍പിച്ചു. 31 പന്തില്‍ 25 റണ്‍സുമായി നില്‍ക്കവെ ഷെഫാലിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായി ലസ് പുറത്തായി.

അധികം വൈകാതെ അപകടകാരിയായ മാരിസന്‍ കാപ്പിനെ വെറും നാല് റണ്‍സിന് മടക്കി ഷെഫാലി സൗത്ത് ആഫ്രിക്കയെ വീണ്ടും ബാക്ക്ഫൂട്ടിലേക്കിറക്കി.

ലോറയെ ഒരറ്റത്ത് നിര്‍ത്തി മറുവശത്തെ ആക്രമിക്കുക എന്ന ഇന്ത്യയുടെ തന്ത്രം കൃത്യമായി ഫലം കണ്ടു. ഒടുവില്‍ ടീം സ്‌കോര്‍ 220ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി ലോറ പുറത്തായി. 98 പന്തില്‍ 101 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ദീപ്തി ശര്‍മയ്ക്കാണ് വിക്കറ്റ്.

ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ 26 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സീനിയര്‍ വനിതാ കിരീടത്തിലേക്ക് നടന്നുകയറി. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെഫാലി രണ്ടും ചാരിണി ഒരു വിക്കറ്റും സ്വന്തമാക്കി.

‘വര്‍മ ജി കീ ബേട്ടി’ ഫൈനലിലെ താരമായപ്പോള്‍ ‘ശര്‍മ ജി കീ ബേട്ടി’ ലോകകപ്പിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

ഷെഫാലിയെന്ന 21കാരിക്ക് ലോകം കരുതി വെച്ച നിയോഗം ഇത് തന്നെയാകണം…

കഴിഞ്ഞ ആഴ്ച വരെ കളിക്കളത്തിന് പുറത്തിരുന്ന് ലോകകപ്പ് മത്സരം കാണേണ്ടി വന്നവള്‍ ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ സീനിയര്‍ കിരീടത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയിരിക്കുന്നു. കഠിനാധ്വാനത്തിനൊപ്പം കുറച്ച് ഭാഗ്യവും ഈ കളിയുടെ ഭാഗമാണ്. ഒരാളുടെ സങ്കടം മറ്റൊരാള്‍ക്ക് സന്തോഷം ആകുന്ന കാഴ്ച…

ഒടുവില്‍ ആ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാത്തവള്‍ അതേ ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയ കഥ, അതൊരു വല്ലാത്ത കഥയാണ്…

Content Highlight: Shafali Verma becomes the match in the final in the 2025 Women’s World Cup

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more