ലോകകപ്പ് ഫൈനലിലെ താരം; ഇപ്പോള്‍ നവംബറിലെയും
Cricket
ലോകകപ്പ് ഫൈനലിലെ താരം; ഇപ്പോള്‍ നവംബറിലെയും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th December 2025, 4:39 pm

ഐ.സി.സിയുടെ നവംബറിലെ വനിതാ പ്ലെയര്‍ ഓഫ് ദി മന്ത് താരമായി ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ. കഴിഞ്ഞ മാസം അവസാനിച്ച വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിലെ പ്രകടനമാണ് താരത്തിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അവസാന രണ്ട് മത്സരങ്ങള്‍ക്ക് വേണ്ടി മാത്രം ടീമിലേക്ക് എത്തിയ ഷെഫാലി മിന്നും പ്രകടനമാണ് നടത്തിയത്.

ഷെഫാലിയായിരുന്നു ഇന്ത്യ കന്നി വനിതാ ഏകദിന കിരീടം ഉയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ടൂര്‍ണമെന്റിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓപ്പണര്‍ പ്രതീക റാവലിന് പരിക്കേറ്റതോടെയാണ് താരത്തിനെ ടീമിലേക്ക് വിളിച്ചത്. ടൂര്‍ണമെന്റിലെ താരത്തിന്റെ ആദ്യ മത്സരം തന്നെ ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള സെമി ഫൈനലായിരുന്നു.

ഷെഫാലി വര്‍മ. Photo: BCCI Women/x.com

ആ മത്സരത്തില്‍ പക്ഷെ ഷെഫാലിക്ക് തിളങ്ങാന്‍ സാധിച്ചില്ല. അഞ്ച് പന്തില്‍ വെറും പത്ത് റണ്‍സുമായി താരം പുറത്താവുകയായിരുന്നു. അതിന്റെ പേരില്‍ ഷെഫാലി പല വിമര്‍ശനങ്ങളും കേട്ടെങ്കിലും ഫൈനലിൽ കരുത്ത് കാട്ടി തിരിച്ചുവന്നു.

ഷെഫാലി ഫൈനലില്‍ 78 പന്തില്‍ 87 റണ്‍സ് അടിച്ചാണ് ഇന്ത്യന്‍ വനിതകളുടെ നെടുംതൂണായത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ കലാശപ്പോരിലെ ഇന്നിങ്സ്. 111.54 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സൗത്ത് ആഫ്രിക്കന്‍ ബൗളറെ പഞ്ഞിക്കിട്ടത്.

ഫൈനലിൽ ഷെഫാലി വർമ്മ വിക്കറ്റ് എടുത്തത് ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: BCCI Women/x.com

റണ്‍സ് നേടിയതിന് ഒപ്പം തന്നെ ഷെഫാലി രണ്ട് സുപ്രധാന കൂട്ടുകെട്ടും ഉയര്‍ത്തിയിരുന്നു. താരം സ്മൃതി മന്ഥാനയെ ഒപ്പം കൂട്ടി ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് തിളങ്ങിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും കൂടി സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത് 104 റണ്‍സാണ്.

കൂടാതെ രണ്ടാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസിനെ ഒപ്പം താരം ഒരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 62 റണ്‍സായിരുന്നു ഇരുവരും ചേര്‍ത്തത്.

ഫൈനലില്‍ ബാറ്റ് കൊണ്ട് തിളങ്ങിയതിന് പുറമെ ഷെഫാലി രണ്ട് നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി ഇന്ത്യയ്ക്ക് വിജയമുറപ്പിച്ചു. അതോടെ ഇന്ത്യൻ ഓപ്പണർ കിരീടത്തിനൊപ്പം ഫൈനലിലെ താരം എന്ന നേട്ടവും തന്റെ അക്കൗണ്ടിലെത്തിച്ചു.

Content Highlight: Shafali Verma bagged ICC Women Player of Month Award of  November