| Wednesday, 3rd June 2026, 1:10 pm

ടി-20യില്‍ 350 നോട്ട് ഔട്ട്; ചരിത്രം സൃഷ്ടിച്ച് ഷെഫാലി വര്‍മ

Sudev A

2026 ഐസിസി ടി-20 വിമണ്‍സ് ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ടി-20യില്‍ ഒരു പുത്തന്‍ നാഴികക്കല്ലാണ് ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മ സ്വന്തമാക്കിയത്. ടി-20യില്‍ 350 ഫോറുകള്‍ പൂര്‍ത്തിയാക്കിയാണ് ഷെഫാലി പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്.

മത്സരത്തില്‍ രണ്ട് ഫോറുകളാണ് ഷെഫാലി നേടിയത്. ആറ് പന്തില്‍ 11 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 106 മത്സരങ്ങളില്‍ നിന്നും 351 ഫോറുകളാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി 2722 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 16 അര്‍ധ സെഞ്ച്വറിയും താരം സ്വന്തമാക്കി.

മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആയിരുന്നു. 40 പന്തില്‍ പുറത്താവാതെ 56 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ എന്നിവര്‍ 32 റണ്‍സും സ്വന്തമാക്കി.

ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് സ്‌കോര്‍ അലീസെ ക്യാപ്സി, ഹീതര്‍ നൈറ്റ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. 43 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്സും അടക്കം 82 റണ്‍സാണ് ക്യാപ്സി നേടിയത്. മറുഭാഗത്ത് 42പന്തില്‍ പുറത്താവാതെ 70 റണ്‍സാണ് നൈറ്റിന്റെ സമ്പാദ്യം. 10 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ടി-20 ലോകകപ്പാണ്. ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യിലുള്ളത്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്തില്‍ ചരിത്രത്തിലെ ആദ്യ ടി-20 കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ജൂണ്‍ 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Content Highlight: Shafali Varma Create a new milestone in T20 Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more