| Monday, 30th June 2025, 11:47 am

ആ സിനിമ ഹിറ്റായപ്പോഴുള്ള വികാരമൊന്നും പ്രേമം വിജയിച്ചപ്പോള്‍ കിട്ടിയിട്ടില്ല: ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതനാണ് ശബരീഷ് വര്‍മ. 2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് ശബരീഷ് വര്‍മ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ രചിച്ച ‘പിസ്ത സുമാക്കിറായ’ എന്ന ഗാനമാലപിച്ചതും ശബരീഷ് തന്നെയായിരുന്നു. പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.

ഇപ്പോള്‍ നേരം സിനിമയെ കുറിച്ചും അതിലെ പിസ്ത എന്ന ഗാനത്തെ കുറിച്ചും സംസാരിക്കുകയാണ് ശബരീഷ്. നേരം ഹിറ്റായപ്പോഴുള്ള വികാരം പ്രേമം സിനിമ വിജയിച്ചപ്പോള്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. നേരം ഇറങ്ങുന്നതിന് മുമ്പ് ആദ്യം റിലീസായത് ‘പിസ്ത’ എന്ന പാട്ടാണെന്നും ആ പാട്ട് ഇത്ര ഹിറ്റാകുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പിസ്ത’ എന്ന ഗാനം അപ്ലോഡ് ചെയ്ത് കഴിഞ്ഞിട്ടും ഇത് ശ്രദ്ധിക്കപ്പെടുമെന്ന് താന്‍ വിചാരിച്ചില്ലെന്നും അടുത്ത സില്‍സില പാട്ട് പോലെയാകുമെന്നാണ് താന്‍ വിചാരിച്ചതെന്നുംശബരീഷ് കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത പ്ലസില്‍ സംസാരിക്കുകയായിരുന്നു ശബരീഷ് വര്‍മ.

നേരം ഹിറ്റായപ്പോഴുള്ള വികാരം പ്രേമത്തില്‍ കിട്ടിയിട്ടില്ലായിരുന്നു. നേരം സിനിമ ഇറങ്ങുന്നതിന് മുമ്പ് പിസ്ത എന്നുള്ള പാട്ടിറങ്ങി. ആ പാട്ട് റീച്ചായി കഴിഞ്ഞപ്പോള്‍ പൊട്ടന് ലോട്ടറി അടിക്കുക എന്നുള്ള അവസ്ഥയായിരുന്നു. നമ്മള്‍ക്ക് അറിയില്ലായിരുന്നു ആ സമയത്ത്. എനിക്ക് പ്രത്യേകിച്ച് അറിയില്ലായിരുന്നു.

ഞങ്ങളോട് ഇത് ഭയങ്കര പാട്ടാണന്നൊക്കെ പറഞ്ഞു. പക്ഷേ ഞാന്‍ അപ്പോഴും ആ പാട്ട് അപ്ലോഡ് ചെയ്ത് ഉച്ചവരെ അതായത്, ഒരു നാല് മണിക്കൂര്‍ വരെ എന്റെ വിചാരം ഇത് അടുത്ത സില്‍സില ആണെന്നാണ്. പക്ഷേ ആ ഒരു ഉച്ച കഴിഞ്ഞതിന് ശേഷം ഈ ഇന്റര്‍വ്യൂ വരെ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല,’ ശബരീഷ് വര്‍മ പറയുന്നു.

Content Highlight: Shabarish varma  about the movie Neram and the song Pistha in it.

We use cookies to give you the best possible experience. Learn more