ഷോര്‍ട്ട് ഫിലിമില്‍ ചെറിയ വേഷങ്ങളും ഡബ്ബിങ്ങും ചെയ്യുന്നയാളാണ്... പേര് വിജയ് സേതുപതി, അന്നാണ് സേതുവിനെ പരിചയപ്പെട്ടത്: ശബരീഷ് വര്‍മ
Malayalam Cinema
ഷോര്‍ട്ട് ഫിലിമില്‍ ചെറിയ വേഷങ്ങളും ഡബ്ബിങ്ങും ചെയ്യുന്നയാളാണ്... പേര് വിജയ് സേതുപതി, അന്നാണ് സേതുവിനെ പരിചയപ്പെട്ടത്: ശബരീഷ് വര്‍മ
അമര്‍നാഥ് എം.
Monday, 1st June 2026, 7:25 pm

പ്രേമത്തിലൂടെ ‘നേരം‘ തെളിഞ്ഞ നടന്മാരിലൊരാളാണ് ശബരീഷ് വര്‍മ. ആലുവയില്‍ സിനിമയെ സ്‌നേഹിക്കുന്ന ഒരുകൂട്ടമാളുകള്‍ പിന്നീട് മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുകയായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി, ആനന്ദ് സി. ചന്ദ്രന്‍, രാജേഷ് മുരുകേശന്‍ തുടങ്ങിയവരെല്ലാം ഈ കൂട്ടുകെട്ടിലുള്ളവരയായിരുന്നു.

നേരം എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പ്രേമത്തിന് ശേഷം ആ സിനിമയുടെ ഭാഗമായവരെല്ലാം ശ്രദ്ധിക്കപ്പെട്ടു. നേരത്തിന് മുമ്പ് ചെന്നൈയില്‍ ഒന്നിച്ച് താമസിച്ച സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശബരീഷ് വര്‍മ. എങ്ങനെയെങ്കിലും സിനിമയില്‍ കയറണമെന്ന് ആഗ്രഹിക്കുന്ന ടീമായിരുന്നു തങ്ങളുടേതെന്ന് ശബരീഷ് വര്‍മ പറഞ്ഞു.

ശബരീഷ് വര്‍മ Photo: Screen grab/ Chef Nalan

ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് അതിലൂടെ സിനിമയിലേക്ക് കയറിപ്പറ്റാനായിരുന്നു തങ്ങളുടെ ശ്രമമെന്നും അതിനായി ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. നേരം എന്ന സിനിമയുടെ കഥ ആദ്യം ഷോര്‍ട്ട് ഫിലിമായി ചെയ്തിരുന്നുവെന്നും ശബരീഷ് പറയുന്നു. ഷെഫ് നളനുമായി സംസാരിക്കുകയായിരുന്നു താരം.

നേരം ആദ്യം ഷോര്‍ട്ട് ഫിലിമായി ചെയ്യുകയായിരുന്നു. അതിന്റെ എക്സ്റ്റന്‍ഡ് വേര്‍ഷനാണ് പിന്നീട് സിനിമയായത്. ആ ഷോര്‍ട്ട് ഫിലിമില്‍ മെയിന്‍ റോള്‍ ഞാനായിരുന്നു ചെയ്തത്. തമിഴില്‍ ഷൂട്ട് ചെയ്തതുകൊണ്ട് പിന്നീട് എനിക്ക് ഡബ്ബ് ചെയ്യാമെന്ന് പറഞ്ഞു. ആ പടത്തില്‍ വട്ടി രാജ എന്ന ക്യാരക്ടര്‍ ചെയ്യാന്‍ ആളെ കിട്ടിയില്ല. തമിഴ് സംസാരിക്കാനറിയുന്ന ആള് വേണമെന്ന് പറഞ്ഞപ്പോള്‍ വിജയ് സേതുപതിയുടെ പേര് അല്‍ഫോണ്‍സ് പറഞ്ഞു.

‘ഷോര്‍ട്ട് ഫിലിമില്‍ ചെറിയ റോളൊക്കെ ചെയ്യും, ഡബ്ബിങ്ങും ചെയ്യുന്നയാളാണ്. പേര് വിജയ് സേതുപതി’ എന്നായിരുന്നു അല്‍ഫോണ്‍സ് തന്ന ഇന്‍ട്രോ. അന്നാണ് സേതുവിനെ ആദ്യമായി കാണുന്നത്. ആലുവയിലെ ഗോപൂസ് കൂള്‍ബാര്‍ പോലെ ചെന്നൈയില്‍ എല്ലാവരും ഒന്നിച്ചു കൂടുന്ന ഒരു ചായക്കടയുണ്ടായിരുന്നു. അവിടുന്നാണ് സേതുവിനെ പരിചയപ്പെട്ടത്. ‘ഇതുപോലെ ഷോര്‍ട്ട് ഫിലിം ചെയ്യുന്ന ഫ്രണ്ട്‌സ് എനിക്കുമുണ്ട’ എന്ന് സേതു പറഞ്ഞു. കാര്‍ത്തിക് സുബ്ബരാജ്, ബോബി, നളന്‍ കുമാരസ്വാമി എന്നിവരായിരുന്നു സേതുവിന്റെ ഫ്രണ്ട്‌സ്,’ ശബരീഷ് വര്‍മ പറഞ്ഞു.

നാളെയ ഇയക്കുണര്‍ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി കാര്‍ത്തിക് സുബ്ബരാജും നളന്‍ കുമാരസ്വാമിയും ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്‌തെന്നും അല്‍ഫോണ്‍സ് പുത്രനാണ് അതെല്ലാം എഡിറ്റ് ചെയ്തതന്നും ശബരീഷ് പറയുന്നു. പ്രേമത്തിന് സംഗീതം നല്‍കിയ രാജേഷ് മുരുകേശനും ഈ ടീമിലുണ്ടായിരുന്നെന്നും താരം പറഞ്ഞു.

Content Highlight: Shabareesh Varma shares the memories of first meeting with Vijay Sethupathi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം