വീണ്ടും ചുവന്ന് കുസാറ്റ്; യൂണിയന്‍ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ
Kerala
വീണ്ടും ചുവന്ന് കുസാറ്റ്; യൂണിയന്‍ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ
രാഗേന്ദു. പി.ആര്‍
Friday, 30th January 2026, 8:58 pm

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല യൂണിയന്‍ തിരിച്ചുപിടിച്ച് എസ്.എഫ്.ഐ. ഭാരവാഹി തെരഞ്ഞെടുപ്പില്‍ 14 സീറ്റിൽ 13 സീറ്റും നേടിയാണ് എസ്.എഫ്.ഐ യൂണിയന്‍ പിടിച്ചത്.

ജെ.ബി. റിതുപര്‍ണ (ചെയര്‍പേഴ്‌സണ്‍), സി.എസ്. ആദിത്യന്‍ (ജനറല്‍ സെക്രട്ടറി), കെ. ഹരിശങ്കര്‍, (വൈസ് ചെയര്‍പേഴ്‌സണ്‍) പി.വി. അജിത് (ജോയിന്റ് സെക്രട്ടറി), ജെ.എസ്. അക്ഷയ് രാജ് (ട്രഷറര്‍) എന്നിവര്‍ അടക്കമാണ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്.

അതുല്‍ രാജ് (ആര്‍ട്‌സ്), വൈശാഖ് വിനയ് (സ്‌പോര്‍ട്‌സ്), എം. അതുല്‍ദാസ് (പരിസ്ഥിതി), ആദിത്യന്‍ ശ്രീജിത്ത് (വിദ്യാര്‍ത്ഥി ക്ഷേമം), ജോസഫ് ഫ്രാന്‍സിസ് (ടെക്‌നിക്കല്‍ അഫയേഴ്‌സസ്), പി.എച്ച്. ഹിദുല്‍ (ലിറ്ററേച്ചര്‍ ക്ലബ്), നന്ദന ബോസ് (അക്കാഡമിക് അഫയര്‍), റിഷിത് വി (ഓഫീസ്) എന്നിവരാണ് മറ്റു വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികള്‍.

‘Political Gen Z, Connects with SFI… കുസാറ്റില്‍ സര്‍വം SFI,’ ഫലം പുറത്തുവന്നതിന് പിന്നാലെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പ്രതികരിച്ചു.

‘സകല വര്‍ഗീയവാദികള്‍ക്ക് മുന്നിലും നിവര്‍ന്നുനിന്ന് പോരാടും. കുസാറ്റിലെ എസ്.എഫ്.ഐ പോരാളികള്‍,’ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ക്യാമ്പസില്‍ നടന്ന ആഹ്ലാദ പ്രകടനത്തിന്റെ ചിത്രം പങ്കുവെച്ച് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് ഫേസ്ബുക്കില്‍ എഴുതി.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും അഭിവാദ്യം അറിയിച്ചു.

സർവകലാശാലയ്ക്ക് കീഴിലുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 190 സീറ്റുകളില്‍ 104 സീറ്റും എസ്.എഫ്.ഐ നേടിയിരുന്നു. പല സീറ്റുകളിലും എതിരില്ലാതെയാണ് എസ്.എഫ്.ഐ ജയിച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി എസ്.എഫ്.ഐ കുസാറ്റ് യൂണിയന്‍ നിലനിര്‍ത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തില്‍ കെ.എസ്.യു യൂണിയന്‍ പിടിച്ചിരുന്നു.

Content Highlight: SFI takes back CUSAT student union

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.