തേഞ്ഞിപ്പാലം: വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്നലെ (ഒക്ടോബര്‍ 10) വോട്ടെണ്ണലിനിടെ എസ്.എഫ്.ഐയും യു.ഡി.എസ്.എഫും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാത്രി ഏറെ വൈകി അക്രമ സംഭവങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു.
ഇന്നും സംഘര്‍ഷാവസ്ഥ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചത്. സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചിടാനും വിദ്യാര്‍ത്ഥികളോട് വീട്ടിലേക്ക് മടങ്ങാനും നിര്‍ദേശിച്ചിട്ടുണ്ട്.
സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് ക്യാമ്പസ് അടച്ചിടുന്നതെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
അതേസമയം, എസ്.എഫ്.ഐ വ്യാജ ബാലറ്റുകളുമായാണ് വോട്ടെണ്ണലിന് എത്തിയതെന്നും ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും കെ.എസ്.യു – എം.എസ്.എഫ് നേതാക്കൾ ആരോപിച്ചിരുന്നു. വോട്ടർ പട്ടികയിൽ അഴിമതി നടന്നെന്നും വോട്ടെണ്ണലിന് മുമ്പ് തന്നെ എസ്.എഫ്.ഐ പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെന്നും യു.ഡി.എസ്.എഫ് ആരോപണം ഉന്നയിക്കുന്നുണ്ട്.
കെ.എസ്.യുവും എം.എസ്.എഫും ഇത് സംബന്ധിച്ച വീഡിയോകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാൽ, വ്യാജമെന്ന് ആരോപിച്ച് യു.ഡി.എസ്.എഫ് പ്രവർത്തകർ പ്രീസൈഡിങ് ഓഫീസർ ഒപ്പിട്ട ബാലറ്റ് പേപ്പറുകൾ കീറിയെറിഞ്ഞെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. ഇതിനെ സാധൂകരിക്കുന്ന വീഡിയോകൾ എസ്.എഫ്.ഐയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
Content Highlight: SFI – MSF clash; Calicut University campus closed indefinitely