ക്രിക്കറ്റ് ലോകം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്ക് ചുരുങ്ങാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. 2025 ഏഷ്യാ കപ്പിന്റെ കിരീട പോരാട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീട പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് തോല്‍ക്കുകയും മറ്റ് ടീമുകളോട് വിജയിച്ചുമാണ് സല്‍മാന്‍ അലി ആഘയും സംഘവും ഏഷ്യയുടെ ക്രിക്കറ്റ് കിരീടത്തിനായുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഒമ്പതാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുമ്പോള്‍ എട്ട് വര്‍ഷം മുമ്പുള്ള സെപ്റ്റംബര്‍ 28ലെ ഓര്‍മകളാകും ആരാധകരുടെ മനസിലേക്ക് അലയടിച്ചെത്തുന്നത്. 2017 സെപ്റ്റംബര്‍ 28നാണ് ഇന്ത്യ തങ്ങളുടെ ഏഴാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. അതും ഇതേ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചുതന്നെ.
ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുണ്ടായിരുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
സൂപ്പര്‍ താരം ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശ് സ്‌കോറിങ്ങിന് അടിത്തറയിട്ടത്. 117 പന്തില്‍ 121 റണ്‍സ് നേടിയ താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ ബംഗ്ലാദേശ് 48.3 ഓവറില്‍ 222ന് പുറത്തായി.
സെഞ്ച്വറി നേടിയ ലിട്ടണ്‍ ദാസ്
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും കേദാര്‍ ജാദവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. മൂന്ന് താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ യൂസ്വേന്ദ്ര ചഹലും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (55 പന്തില്‍ 48), ദിനേഷ് കാര്‍ത്തിക് (61 പന്തില്‍ 37), എം.എസ്. ധോണി (67 പന്തില്‍ 36) എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ കണ്ടെത്തിയത്.
കിരീടവുമായി ഇന്ത്യ
ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം, മറ്റൊരു സെപ്റ്റംബര്‍ 28ന് ഇന്ത്യ മറ്റൊരു ഏഷ്യാ കപ്പ് ഫൈനലിന് തയ്യാറെടുക്കുകയാണ്.
കടലാസിലും കണക്കിലും കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്നത് ഇന്ത്യയ്ക്കാണെങ്കിലും ക്രിക്കറ്റിന്റെ അണ്‍പ്രഡിക്ടബിലിറ്റി ഫാക്ടറും മാറ്റിവെക്കാന്‍ സാധിക്കില്ല.
ഇന്ത്യ സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
പാകിസ്ഥാന്‍ സ്‌ക്വാഡ്
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
Content Highlight: Seven years ago, on this same September 28th, India won their seventh Asia Cup title.