ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന കേസ്; ഏഴ് പേര്‍ അറസ്റ്റില്‍
World
ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന കേസ്; ഏഴ് പേര്‍ അറസ്റ്റില്‍
നിഷാന. വി.വി
Sunday, 21st December 2025, 10:33 am

ധാക്ക: ബംഗ്ലാദേശിലെ മൈമന്‍സിങ് ജില്ലയില്‍ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍.  വ്യാഴാഴ്ച്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്ന് ബി.ബി.സി ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  ഭാലുക ഉപാസിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസ് ആണ് കൊല്ലപ്പട്ടത്.

ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ് ആള്‍കൂട്ട കൊലപാതകത്തെ അപലപിച്ചു.

‘പുതിയ ബംഗ്ലാദേശില്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഇടമില്ല. ഇത്തരത്തിലൊരു ഹീന പ്രവര്‍ത്തി ചെയ്തവരെ വെറുതെ വിടില്ല,’ അറസ്റ്റ് വിവരം അറിയിച്ചുകൊണ്ട് മുഹമ്മദ് യൂനുസ് പറഞ്ഞു.  റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്‍ നടത്തിയ ഒപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ലിമോണ്‍ സര്‍ക്കാര്‍, മുഹമ്മദ് ഷരീഖ് ഹൊസൈന്‍, മുഹമ്മദ് മണിക്ക് മിയ, നിജൂം ഉദ്ദീന്‍, അലോംഗിര്‍ ഹൊസൈന്‍, ഇര്‍ഷാദ് അലി, മുഹമ്മദ് മിറാജ് ഹൊസൈന്‍ അക്കാണ്‍ തുടങ്ങിയവരാണ് അറസ്റ്റിലായ പ്രതികള്‍.

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ബിന്‍ ഹാദി വ്യാഴാഴ്ച്ച സിംഗപൂരില്‍  വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് വ്യാപക പ്രക്ഷോഭം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആള്‍കൂട്ട കൊലപാതകം നടന്നത്.

ഷെയ്ക്ക് ഹസീന സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച 2024 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രധാന നേതാവായിരുന്നു ഹാദി.

ധാക്കയിലും മറ്റ് നഗരങ്ങിലും വലിയ രീതിയിലുളള പ്രക്ഷോഭമാണ് ഇതുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗുമായി ബന്ധപ്പെട്ട പത്രങ്ങളുടെയും സ്വത്തുകളുടെയും ഓഫീസുകള്‍ അടക്കം അക്രമിക്കപ്പെട്ടിരുന്നു.  പ്രദേശത്ത് ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Content Highlight : Seven arrested in Bangladesh for blasphemy case involving beating of Hindu youth

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.