| Tuesday, 25th March 2025, 10:16 am

മോഹന്‍ലാലിനെ ആദ്യകാലങ്ങളില്‍ മോനേ എന്നായിരുന്നു വിളിച്ചിരുന്നത്, ആ സംഭവത്തിന് ശേഷം അങ്ങനെ വിളിക്കാന്‍ പേടിയായി: സേതുലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെയും സീരിയലുകളിലൂടെയും സിനിമയിലേക്കെത്തിയ നടിയാണ് സേതു ലക്ഷ്മി. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത സേതു ലക്ഷ്മി മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സേതു ലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സേതു ലക്ഷ്മി. ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന കാലം തൊട്ട് മോഹന്‍ലാലുമായി പരിചയമുണ്ടായിരുന്നെന്ന് സേതു ലക്ഷ്മി പറഞ്ഞു. തന്നോട് എപ്പോഴും സ്‌നേഹത്തോടെ മാത്രമേ മോഹന്‍ലാല്‍ സംസാരിക്കുള്ളൂവെന്നും അദ്ദേഹത്തോടും അതേ സ്‌നേഹമാണ് തനിക്കെന്നും സേതു ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ആദ്യകാലങ്ങളില്‍ മോനേ എന്നായിരുന്നു താന്‍ മോഹന്‍ലാലിനെ വിളിച്ചിരുന്നതെന്ന് സേതു ലക്ഷ്മി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടിയതിന് ശേഷം അങ്ങനെ വിളിക്കാന്‍ പേടിയായെന്നും സേതു ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. പഴയതുപോലെ സിനിമാനടന്‍ മാത്രമല്ല അദ്ദേഹമെന്നും പട്ടാളക്കാരനെ മോനെ എന്ന് വിളിച്ചാല്‍ പ്രശ്‌നമാകുമോ എന്ന് പേടിയായെന്നും സേതു ലക്ഷ്മി പറഞ്ഞു.

കാണുമ്പോഴെല്ലാം തന്നോട് വിശേഷം ചോദിക്കാറുണ്ടെന്നും നല്ല സ്‌നേഹമാണ് തന്നോടെന്നും സേതു ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മകന് സുഖമില്ലെന്നറിഞ്ഞപ്പോള്‍ വിളിച്ച് വിവരം അന്വേഷിച്ചെന്നും സേതു ലക്ഷ്മി പറഞ്ഞു. തന്നെ കാണുമ്പോഴെല്ലാം നല്ല സ്‌നേഹത്തില്‍ മാത്രമേ മോഹന്‍ലാല്‍ പെരുമാറുള്ളൂവെന്നും സേതു ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സേതു ലക്ഷ്മി.

‘സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയം തൊട്ട് മോഹന്‍ലാലുമായി പരിചയമുണ്ട്. നല്ല പെരുമാറ്റമാണ് എന്നോട്. ആദ്യമൊക്കെ ഞാന്‍ മോനേ എന്നായിരുന്നു വിളിച്ചിരുന്നത്. പുള്ളിക്ക് അത് ഇഷ്ടവുമായിരുന്നു. പിന്നീട് പട്ടാളത്തില്‍ വലിയ ഓഫീസറായപ്പോള്‍ എനിക്ക് മോനേ എന്ന് വിളിക്കാന്‍ പേടിയായി. വലിയ ഓഫീസറല്ലേ, എങ്ങാനും വലിയ പ്രശ്‌നമായാലോ എന്ന് ചിന്തിച്ചു.

അതുകൊണ്ട് സാര്‍ എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. എന്നെ കാണുമ്പോഴെല്ലാം അടുത്ത് വിളിച്ച് സംസാരിക്കും. മകന് സുഖമില്ലാതെ കിടന്നപ്പോള്‍ എന്നെ വിളിച്ച് വിവരങ്ങളൊക്കെ ചോദിച്ചിരുന്നു. നല്ല പെരുമാറ്റവും സ്വഭാവവുമാണ് മോഹന്‍ലാലിന്. എന്നെ കാണുമ്പോഴെല്ലാം സ്‌നേഹത്തോടെ മാത്രമേ സംസാരിക്കുള്ളൂ,’ സേതു ലക്ഷ്മി പറഞ്ഞു.

Content Highlight: Sethu Lakshmi about her bond with Mohanlal

We use cookies to give you the best possible experience. Learn more