| Sunday, 19th October 2025, 8:18 am

ബീഹാറില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടി; എല്‍.ജെ.പി സ്ഥാനാര്‍ത്ഥി സീമ സിങ്ങിന്റെ പത്രിക തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാറില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സീമ സിങ്ങിന്റെ നാമനിര്‍ദേശ പത്രിക തള്ളി. മഡൗര മണ്ഡലത്തില്‍ നിന്നാണ് സീമ സിങ് നോമിനേഷന്‍ നല്‍കിയത്. ബീഹാറിലെ മഹാഗത്ബന്ധന്‍ സഖ്യത്തിലെ പ്രധാനകക്ഷിയായ ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍.ജെ.പിയിലെ അംഗമാണ് സീമ സിങ്.

ഔദ്യോഗിക രേഖകളിലെയും നാമനിര്‍ദേശ പത്രികയിലെയും വിവരങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് സീമയുടെ പത്രിക തള്ളിയത്.

പ്രശസ്ത ഭോജ്പുരി നടി കൂടിയായ സീമ സിങ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ നല്‍കിയിരുന്ന തന്റെ വിദ്യാഭ്യാസ യോഗ്യത ബീഹാറില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഒമ്പതാം ക്ലാസായിരുന്നു സീമയുടെ വിദ്യാഭ്യാസ യോഗ്യത. നിലവില്‍ എല്‍.ജെ.പി നേതാവിന്റേത് ഉള്‍പ്പെടെ നാല് നാമനിര്‍ദേശ പത്രികകള്‍ തള്ളിയിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അല്‍താഫ് ആലം രാജു, വിശാല്‍ കുമാര്‍, ബി.എസ്.പിയുടെ ആദിത്യ കുമാര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ 29 മണ്ഡലങ്ങളിലാണ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) മത്സരിക്കുന്നത്.

101 സീറ്റുകളില്‍ വീതം ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കും. ആറ് സീറ്റുകളില്‍ വീതം രാഷ്ട്രീയ ലോക് മോര്‍ച്ച (ആര്‍.എല്‍.എം), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്.എ.എം) എന്നിവരും മത്സരിക്കും.

ഇതില്‍ ഏവരും ഉറ്റുനോക്കിയിരുന്ന സ്ഥാനാര്‍ത്ഥിമായിരുന്നു സീമ സിങ്ങിന്റേത്. നിലവില്‍ ബി.ജെ.പിയുടെ താരപ്രചാരകരാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലികള്‍ നയിക്കുന്നത്. വരാനിരിക്കുന്ന 12 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് വിവരം.

നവംബര്‍ ആറ്, 11 എന്നീ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 14ന് വോട്ടെണ്ണും. അതേസമയം ബീഹാറിലെ മഹാസഖ്യത്തില്‍ ഇതുവരെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല.

ഇന്നലെ (ശനി) സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജെ.എം.എം മഹാസഖ്യം വിട്ടിരുന്നു. ജാര്‍ഖണ്ഡ്-ബീഹാര്‍ അതിര്‍ത്തിയിലുളള ആറ് സീറ്റുകളില്‍ മത്സരിക്കുമെന്നും ജെ.എം.എം പ്രഖ്യാപിച്ചിരുന്നു.

Content Highlight: Setback for NDA in Bihar; LJP candidate Seema Singh’s nomination rejected

We use cookies to give you the best possible experience. Learn more